മൂന്നാർ:
അതിർത്തി ഗ്രാമമായ വട്ടവടയിലെ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ കൈയിൽ പിടിച്ച് ആശുപത്രിയിലേക്ക് ഓടേണ്ടത് നൂറിലേറെ കിലോമീറ്റർ. അടുത്തെങ്ങും ആശുപത്രി ഇല്ലാതെ ജീവൻ പൊലിഞ്ഞ സംഭവങ്ങളുണ്ടായിട്ടും വട്ടവടയോട് സർക്കാർ കനിയുന്നില്ല. ആദിവാസികൾ അടക്കം കർഷകരും തൊഴിലാളികളും താമസിക്കുന്ന പഞ്ചായത്താണ് വട്ടവട.
മൂന്നാറിൽനിന്ന് 50 കിലോമീറ്ററിലധികം അകലെ വട്ടവടക്ക് ആശുപത്രി സ്വപ്നം മാത്രമാണ്. ആറുമാസത്തിനിടെ അടിയന്തര ചികിത്സ ലഭിക്കാതെ രണ്ടുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വട്ടവടക്കാർക്ക് ചികിത്സ ലഭിക്കണമെങ്കിൽ 85 കിലോമീറ്റർ അകലെ അടിമാലിയിൽ എത്തണം. രാവിലെ പുറപ്പെട്ടാൽ ഉച്ചയോടെ മാത്രമേ ഒരാൾക്ക് അടിമാലിയിലെ ആശുപത്രിയിൽ എത്താൻ കഴിയൂ. മറയൂരിലെ സർക്കാർ ആശുപത്രിയിൽ എത്തണമെങ്കിൽ പോലും 80 കിലോമീറ്റർ സഞ്ചരിക്കണം.
പ്രായാധിക്യമോ അപകടമോ കാരണം ഒരാളുടെ നില ഗുരുതരമായാൽ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷപോലും ഇവിടുത്തുകാർക്കില്ല. മൂന്നുമാസം മുമ്പ് പൂർണ ഗർഭിണിയായ യുവതിയെ വട്ടവടയിൽനിന്ന് അടിമാലിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആംബുലൻസിൽ പ്രസവിച്ചു. ആശുപത്രി അടുത്തില്ലെന്ന ബുദ്ധിമുട്ടിന് പുറമേയാണ് ഒരു ദിവസത്തെ യാത്ര ചെയ്ത് അടിമാലിയിൽ എത്തിയാലുള്ള മറ്റ് ദുരിതങ്ങൾ.
ഗർഭിണികളെയും കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയാൽ പല കാരണങ്ങൾ പറഞ്ഞ് സ്കാനിങ്ങിന് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നത് പതിവാണ്. ഉച്ചകഴിഞ്ഞ് ലഭിക്കുന്ന പരിശോധനഫലവുമായി ഡോക്ടറെ കണ്ട് ഇറങ്ങുമ്പോഴേക്കും വട്ടവട ഭാഗത്തേക്ക് വാഹനങ്ങൾ ലഭിക്കില്ല. ഒന്നുകിൽ അടിമാലിയിലോ മൂന്നാറിലോ താമസിക്കണം, അല്ലെങ്കിൽ വൻതുക വാടക നൽകി ടാക്സി വിളിച്ചുപോകണം. ഇത്രയേറെ ദുരിതം അനുഭവിക്കുന്ന ജനതയോടാണ് അധികൃതരുടെ കൊടുംക്രൂരത.