അട്ടപ്പാടി:
അട്ടപ്പാടിയിൽ ജനുവരി 15 നകം ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനായി രാഷട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടും. ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.
ശിശു മരണങ്ങളെ തുടർന്ന നവംബർ 27 ന് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ ചേർന്ന യോഗത്തിനു ശേഷം നടപ്പിലാക്കിയ കാര്യങ്ങൾ വിലയിരുത്താനാണ് അവലോകന യോഗം ചേർന്നത്. വിവിധ വകുപ്പ് മേധാവികൾ ഇതുവരെ നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാനുള്ള കാര്യങ്ങളും വിശദീകരിച്ചു. താഴേ തട്ടിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ജനുവരി 15 നകം ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു
അട്ടപ്പാടിയിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. ആദിവാസി ജനതയ്ക്ക് അനുവദിക്കുന്ന ഫണ്ട് കൃത്യമായി അവരിലേക്കെത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഊരുകൾ കേന്ദ്രീകരിച്ച് സാക്ഷരതാ പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും പ്രവർത്തന പുരോഗതി വിലയിരുത്തും. ആരോഗ്യം,വനം, എക്സൈസ്, ഐ ടി ഡി പി , ഐ സി ഡി എസ് , കുടുംബശ്രീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു