മലപ്പുറം:
നികുതി ഏകീകരണത്തിൻ്റെ പേരിൽ എല്ലാ വസ്ത്രങ്ങളുടെയും ചരക്കു സേവന നികുതി (ജി എസ് ടി) അഞ്ചിൽനിന്ന് 12ലേക്ക് ഉയർത്തുന്നതിൽ വ്യാപാര മേഖലക്ക്ആശങ്ക. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ നികുതി പ്രാബല്യത്തിൽ വരുക.
നികുതിയിനത്തിൽ ഒറ്റയടിക്ക് ഇരട്ടിയിലധികം വരുന്ന വർധനക്കെതിരെ രാജ്യമൊട്ടാകെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ടെക്സ്റ്റൈൽസ് മേഖലക്ക് ഇത്തരത്തിൽ വലിയ നികുതി വർധന വരുന്നതെന്നും കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ മേഖലക്ക് ഇത് ഇരട്ടി പ്രഹരമാകുമെന്നും വ്യാപാരികൾ പറയുന്നു.
നിലവിൽ കോടിക്കണക്കിന് രൂപ നൽകി ഇറക്കിയ പഴയ സ്റ്റോക്ക് 12 ശതമാനം നികുതിയിലേക്ക് വരുന്നതോടെ വിൽക്കാൻ കഴിയാത്ത സാഹചര്യമാകും. എം ആർ പി വിലയിട്ട് വരുന്ന തുണിത്തരങ്ങൾ 12 ശതമാനം നികുതി വാങ്ങി വിൽക്കുമ്പോൾ എം ആർ പിക്ക് പുറത്താകും വില. നേരത്തേ സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങൾ നഷ്ടത്തിന് വിൽക്കേണ്ടി വരും. വിലക്കയറ്റത്തിനൊപ്പം ഉപഭോക്താക്കളുടെ അതൃപ്തികൂടി അഭിമുഖീകരിക്കേണ്ട ഗതികേടിലാവുമെന്ന് വ്യാപാരികൾക്ക് ആശങ്കയുണ്ട്.