കണ്ണൂര്‍:
എങ്ങുമെത്താതെ മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിലെ ഇക്കോ ടൂറിസം പദ്ധതി. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അതിന് ശേഷം പദ്ധതിക്ക് കീഴിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല.
അന്നത്തെ മന്ത്രിയായിരുന്ന രാമചന്ദ്രന് കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 73.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. തെന്മല ഇക്കോ ടൂറിസം പ്രമോഷന് സൊസൈറ്റിയുടെ റിസര്‍ച് ആൻഡ് കണ്‍സൽട്ടന്‍സി വിഭാഗമായ ഹരിതക്കായിരുന്നു നടത്തിപ്പു ചുമതല. എന്നാൽ, കൊവിഡിനെ തുടർന്ന് പദ്ധതി പ്രവർത്തനങ്ങളുടെ ആരംഭം തന്നെ മുടങ്ങിപ്പോകുകയായിരുന്നു.
തുടക്കത്തിൽ നിര്‍മിച്ച ഗേറ്റ് മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തി സഞ്ചാരികള്‍ക്ക് പക്ഷിനിരീക്ഷണത്തിനും ഗ്രാമഭംഗി ആസ്വദിക്കാനും മുണ്ടേരി പഞ്ചായത്തിെൻറ നേതൃത്വത്തില്‍ രൂപം നല്‍കുന്നതായിരുന്നു പദ്ധതി. സന്ദര്‍ശകർക്ക് വിവിധ ടൂര്‍ പാക്കേജുകള്‍ രൂപകല്പന ചെയ്യുക, സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്കുന്ന കേന്ദ്രം, കരകൗശലവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിൽക്കാൻ സംവിധാനം എന്നിവ സജ്ജീകരിക്കുക, ശബ്ദമില്ലാതെ ബാറ്ററിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക, ശൗചാലയം, ഇരിപ്പിടങ്ങള്‍, തണല്‍മരങ്ങള്‍ എന്നിവ സ്ഥാപിക്കുകയായിരുന്നു വിഭാവനം ചെയ്തത്. എന്നാൽ, ഇവയെല്ലാം കടലാസിലൊതുങ്ങി.
ജൈവവൈവിധ്യ കലവറയായ പക്ഷിസങ്കേതത്തിൽ രാത്രി സാമൂഹികവിരുദ്ധർ തമ്പടിക്കുന്നതും പതിവാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തുന്നവരും കുറവല്ല. ചാക്കുകളിലും മറ്റുമായാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്.
സ്ഥലപരിമിതിയാണ് പക്ഷിസങ്കേതത്തിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക തടസ്സമായി പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശത്തെ മിക്ക സ്ഥലങ്ങളും സ്വകാര്യവ്യക്തികളുടെ കീഴിലാണ്. അതിനാൽ, ഇക്കോ ടൂറിസം പദ്ധതിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഈ സ്ഥലം വിട്ടുകിേട്ടണ്ടതുണ്ട്.