Mon. Dec 23rd, 2024
കൊയിലാണ്ടി:

കടല്‍ വെള്ളത്തിന് കടുംപച്ചനിറം കണ്ട കൊല്ലം മന്ദമംഗലം തീരത്ത് മത്സ്യങ്ങളും ആമയും കടൽപ്പാമ്പും ഉടുമ്പും ഉൾപ്പെടെയുള്ള ജീവികളും കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അമിത മലിനീകരണവും മൂലം സസ്യപ്ലവകങ്ങൾ ക്രമാതീതമായി വർദ്ധിച്ചതും വെള്ളത്തിലെ പ്രാണവായു ഇല്ലാതായതുമാണ് ജീവികൾ ചാവാൻ കാരണമെന്ന് വിദഗ്ധർ. മനുഷ്യന് ശരീരത്തിൽ കടുത്ത ചൊറിച്ചിലും നാഡീരോഗങ്ങൾക്കും ഈ വെള്ളം കാരണമായേക്കാം എന്ന മുന്നറിയിപ്പും അവർ നൽകുന്നുണ്ട്. പ്രദേശത്ത് രൂക്ഷ ഗന്ധവും ഉണ്ടാവും.

ഇന്നലെയും പ്രദേശത്ത് വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കടലാമ, കടലിലെ പാറക്കെട്ടുകളിലും മറ്റും ജീവിക്കുന്ന ഉടുമ്പുകള്‍, കടൽപ്പാമ്പുകൾ, നക്ഷത്ര മൽസ്യങ്ങൾ, നീരാളി എന്നിവ ഉള്‍പ്പെടെയുള്ളവെയാണ് ചത്തു പൊങ്ങിയത്. ബുധനാഴ്ച രാവിലെയാണ് കൊല്ലം മന്ദമംഗലം മുതൽ കൊളാവി പാലം വരെ കടലിന് കടും പച്ചനിറം കാണപ്പെട്ടത്. കുഴമ്പുരൂപത്തിലുള്ള വെള്ളമാണ് ഈ ഭാഗത്തുള്ളത്. പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം ശ്രദ്ധയില്‍പ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. കടലില്‍ പച്ചനിറം കണ്ട പ്രദേശത്ത് കേന്ദ്ര സുമുദ്ര മത്സ്യഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ് ആർ ഐ) ശാസ്ത്രജ്ഞർ പരിശോധന നടത്തി. ഡോ പി മനുവിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പരിശോധനകൾക്കായി ചത്ത മീനുകളെ ശേഖരിച്ചിട്ടുണ്ട്.

മഴ കഴിഞ്ഞ് തണുപ്പുകാലം തുടങ്ങിയതോടെയാണ് കടൽവെള്ളത്തിന് വ്യാപകമായി പച്ച നിറമായത്. ഇതു സംബന്ധിച്ചു കൂടുതൽ പഠനം ആവശ്യമാണെന്ന് സിഎംഎഫ് ആർ ഐ യിലെ പ്രിൻസിപ്പൽ സയിൻ്റിസ്റ്റ് ഡോ പി കെ അശോകൻ പറഞ്ഞു.