മനില:
മധ്യ ഫിലിപ്പീൻസിൽ വീശിയടിച്ച റായ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 137 ആയി. ഞായറാഴ്ച 63 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റിൽ തകർന്ന വൈദ്യുതി ബന്ധവും വാർത്തവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചിട്ടില്ല.
ചുഴലിക്കാറ്റ് നാശം വിതച്ച പ്രവിശ്യകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിനിറങ്ങി. 7,80,000 ത്തോളം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായാണ് സർക്കാറിൻ്റെ കണക്ക്.
പ്രസിഡൻറ് റൊഡ്രിഗോ ദുതർതേ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. നാലുകോടി ഡോളറിൻ്റെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചു. 227നഗരങ്ങളിൽ 21 എണ്ണത്തിൽ മാത്രമേ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുള്ളൂ.