നീലേശ്വരം:
നഗരസഭയിലെ താഴ്ന്ന പ്രദേശമായ മുണ്ടേമ്മാട് ദ്വീപ് നിവാസികൾ ഓരോ രാത്രിയും തള്ളിനീക്കുന്നത് വെള്ളം എപ്പോഴാണ് വീട്ടിനകത്ത് കയറുന്നതെന്ന ആശങ്കയിൽ. രാത്രി വേലിയേറ്റ സമയത്ത് പുഴ കവിഞ്ഞ് വീട്ടിനുള്ളിലേക്ക് ഉപ്പുവെള്ളം കയറുകയാണ്. പാത്രങ്ങൾ പുഴയിലേക്ക് ഒഴുകിപ്പോകുമ്പോൾ നോക്കിനിൽക്കാനേ കഴിയുകയുള്ളൂ.
നാലുഭാഗവും പുഴയാൽ ചുറ്റപ്പെട്ട മുണ്ടേമ്മാട് പ്രദേശത്ത് കരഭിത്തി നിർമിക്കാത്തതാണ് വേലിയേറ്റത്തിൽ പുഴ കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറാൻ കാരണം. എം രാജഗോപാലൻ എംഎൽഎയും നീലേശ്വരം നഗരസഭ അധികൃതരും ദ്വീപ് സന്ദർശിച്ച്, പരിഹാരം കാണുമെന്ന് നാട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പുഴയോരത്ത് കരഭിത്തി കെട്ടിയുയർത്തുന്ന പ്രവൃത്തി മാത്രം നടന്നില്ല. പുഴയിൽനിന്ന് നിയന്ത്രണമില്ലാതെ പൂഴി വാരുന്നതുമൂലം മുണ്ടേമ്മാട് പ്രദേശംതന്നെ മുങ്ങിത്താഴുമോ എന്നാണ് ഇപ്പോഴത്തെ ഭീതി.
നിർദിഷ്ട പാലായി ഷട്ടർ കം പാലം പൂർത്തിയായി ഷട്ടർ അടച്ച ശേഷമാണ് വെള്ളം കൂടുതൽ കയറുന്നതെന്ന് നാട്ടുകാർ കരുതുന്നു. ഡിസംബർ 26ന് വൈകീട്ട് അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അണക്കെട്ട് പാലം ഉദ്ഘാടനം ചെയ്യുന്നത്.
മഴക്കാലത്ത് തേജസ്വിനി പുഴയിലൂടെ കുത്തിയൊലിച്ചുവരുന്ന മഴവെള്ളംപോലെ വേനൽക്കാലത്ത് കടലിൽനിന്നും വേലിയേറ്റത്തിെൻറ ഭാഗമായി ഉപ്പുവെള്ളം പുഴയിലേക്ക് ഇരച്ചുകയറുകയാണ്.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ പാലായി അണക്കെട്ട് പാലത്തിൻറെ ഷട്ടർ തുറക്കുമ്പോൾ വേനൽക്കാലത്ത് ഉപ്പുവെള്ളം കയറാതിരിക്കാൻ ഷട്ടർ അടക്കുകയും ചെയ്യും. പാലം യാഥാർഥ്യമായതോടെ വേലിയേറ്റവും ഇറക്കവും തടസ്സപ്പെടുകയും ചെയ്യും. ഇതിൻറെ ഫലമായി പാലത്തിന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അസാധാരണമായി വെള്ളം പൊങ്ങുകയും ഇതിൻറെ ദുരിതം പടിഞ്ഞാറൻ മേഖലകളിലെ തീരദേശവാസികൾ അനുഭവിക്കേണ്ടിയും വരുന്നു.