Fri. Nov 22nd, 2024
ഏറ്റുമാനൂർ:

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മാലിന്യ ശേഖരണ പ്ലാന്റിന് തീപിടിച്ചു. ഒരു കുട്ടിയും ജീവനക്കാരുമടക്കം 16 പേർ പ്ലാന്റിനുള്ളിലുണ്ടായിരുന്നു. പ്ലാന്റിന് പിന്നിൽ നിന്നും തീ പടരുന്നത് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഭയന്നു ഓടിയ ജീവനക്കാർ ബാഗുകളും മൊബൈൽ ഫോണുകളും വിലപ്പെട്ട രേഖകളും ഉപേക്ഷിച്ചാണ്‌ ഓടിയത്‌. ഇവയെല്ലാം നശിച്ചു. ശനി പകൽ 2നാണ്‌ സംഭവം. ആശുപത്രിയിലെ മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച്‌ പായ്ക്കറ്റുകളിലാക്കുന്ന പ്ലാന്റിലാണ് തീ പടർന്നത്.

സമീപത്ത് പ്ലാന്റിനോട് ചേർന്ന് ആശുപത്രിയുടെ മറ്റ് സ്ഥാപനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പായ്ക്ക് ചെയ്ത പ്ലാസ്റ്റിക്കുകളിലാണ് ആദ്യം തീ പടർന്നത്. നിമിഷങ്ങൾക്കകം പ്ലാന്റ്‌ പൂർണമായി അഗ്നിക്കിരയായി.

ആശുപത്രിയിൽ നിന്ന് ഏറെ അകന്നാണ് ഇത്‌ സ്ഥിതി ചെയ്യുന്നത്. ജീവനക്കാർ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഗാന്ധിനഗർ പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിച്ചു. ഇതിനിടെ ഉയർന്ന് പൊങ്ങുന്ന കറുത്ത പുക കണ്ട് നാട്ടുകാർ തടിച്ചുകൂടി.

ഗാന്ധിനഗർ പൊലീസ് കോട്ടയം ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങി. ഫയർഫോഴ്സിനോടൊപ്പം ഡിവൈഎഫ്ഐ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി രതീഷ് രത്നാകരന്റെ നേതൃത്വത്തിൽ യുവാക്കൾ ഒത്തുചേർന്നു.

സംഭവമറിഞ്ഞ്‌ മന്ത്രി വി എൻ വാസവൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീ നിയന്ത്രണ വിധേയമാക്കാൻ കടുത്തുരുത്തിയിൽ നിന്നും ഈരാറ്റുപേട്ടയിൽനിന്നും ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ചു. 12 യൂണിറ്റ് ഫയർ എൻജിനുകളാണ്‌ ഇവിടെയെത്തിയത്‌.

സംഭവത്തെ തുടർന്ന് ഭയന്ന ജീവനക്കാരെ മന്ത്രി ആശ്വസിപ്പിച്ചു. അഗ്നിരക്ഷാ സേനയുടെ നാലു മണിക്കുറത്തെ പ്രവർത്തനത്തിന് ശേഷം തീ നിയന്ത്രണ വിധേയമായി.