Wed. Jan 22nd, 2025
അഡ്‌ലെയ്‌ഡ്:

പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റില്‍ ആരാധകരെ അതിശയിപ്പിച്ച് ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണിന്‍റെ ബൗളിംഗ് ട്വിസ്റ്റ്. നാലാം ദിനം ഓസീസ് രണ്ടാം ഇന്നിംഗ്‌സിന്‍റെ 35-ാം ഓവറില്‍ 79/4 എന്ന സ്‌കോറില്‍ നില്‍ക്കേ തീപാറും പേസിന് പകരം ഓഫ് സ്‌പിന്‍ എറിയുകയായിരുന്നു റോബിന്‍സണ്‍. ട്രാവിസ് ഹെഡിനും മാര്‍നസ് ലബുഷെയ്‌നുമെതിരെ രണ്ട് റണ്‍സേ റോബിന്‍സണ്‍ വിട്ടുകൊടുത്തുള്ളൂ.

മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് 230/9 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ‌്‌‌തപ്പോള്‍ റോബിന്‍സണ്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 15 ഓവര്‍ പന്തെറിഞ്ഞ താരം 54 റണ്‍സ് വഴങ്ങി നായകന്‍ സ്റ്റീവ് സ്‌മിത്ത്, അര്‍ധ സെഞ്ചുറി വീരന്‍ ട്രാവിസ് ഹെഡ് എന്നിവരെയാണ് മടക്കിയത്. ഹെഡ് 51 ഉം സ്‌മിത്ത് ആറും റണ്‍സാണ് നേടിയത്. നേരത്തെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ റോബിന്‍സണ്‍ സെഞ്ചുറിവീരന്‍ മാര്‍നസ് ലബുഷെയ്‌നെ(103) പുറത്താക്കിയിരുന്നു. 

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയ. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനില്‍ 9 വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്‌തു. ഇതോടെ ആകെ 467 റണ്‍സിന്‍റെ ലീഡായി സ്‌മിത്തിനും കൂട്ടര്‍ക്കും.