Wed. Jan 22nd, 2025

എടികെ മോഹൻ ബഗാന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് അന്റോണിയോ ലോപ്പസ് ഹബാസ്. ഐഎസ്എല്ലില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ലോപ്പസ് സ്ഥാനമൊഴിയുന്നത്. ടീമിന്റെ സഹപരിശീലകനായിരുന്ന മാനുവല്‍ കാസ്കല്ലനയ്ക്കാണ് ടീമിന്റെ താല്‍ക്കാലിക പരിശീലക ചുമതല.

ഐഎസ്എല്ലില്‍ രണ്ടു തവണ കിരീടം നേടുന്ന ആദ്യ പരിശീലകനാണ് ഹബാസ്. ഇത്തവണത്തെ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റുമായി ആറാം സ്ഥാനത്താണ് എടികെ. തുടര്‍ച്ചയായി നാലു മത്സരങ്ങളാണ് വിജയമില്ലാതെ എടികെ പിന്നിട്ടത്.

2014-ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ കൊല്‍ക്കത്ത ടീമിനെ കിരീടത്തിലെത്തിച്ചത് ഹബാസായിരുന്നു. പിന്നീട് 2019-ലും ടീമിന് കിരീടം നേടിക്കൊടുക്കാന്‍ ഹബാസിനായി. താരനിബിഡമാണെങ്കിലും ഇത്തവണ എടികെക്ക് മുന്നേറ്റത്തിലും പ്രതിരോധത്തിലും പിഴച്ചതാണ് പല മത്സരങ്ങളിലും തോല്‍വിയിലേക്ക് നയിച്ചത്.

പ്രതിരോധനിരയിലെ കരുത്തായിരുന്ന സന്ദേശ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ലീഗില്‍ സൈബനിക്കിനായി കളിക്കാന്‍ പോയതോടെ എടികെ പ്രതിരോധം ദുര്‍ബലമായി. സ്പാനിഷ് പ്രതിരോധനിര താരം ടിരിയുടെ പരിക്കും എടികെയുടെ പ്രതിരോധത്തെ ബാധിച്ചു. ഇതോടെ ആറ് മത്സരങ്ങളില്‍ 13 ഗോളുകളാണ് എടികെ ഈ സീസണില്‍ വഴങ്ങിയത്.

സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് തകര്‍ത്ത് തുടങ്ങിയെങ്കിലും പിന്നീട് ഈ മികവ് നിലനിര്‍ത്താന്‍ ബഗാനായില്ല. ആറ് കളികളില്‍ രണ്ട് ജയവും ഒരു സമനിലയും അടക്കം എട്ട് പോയന്‍റുള്ള എടികെ നിലവില്‍ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. സ്പാനിഷുകാരനായ ലോപസ് അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകള്‍ക്കായി മുമ്പ് ഫുട്‌ബോള്‍ കളിച്ചിട്ടുള്ളയാളാണ്. 1990 ല്‍ ഫുട്‌ബോള്‍ പരിശീലക സ്ഥാനത്തുള്ള ലോപസ് വലന്‍സിയ ഉള്‍പ്പെടെ 18ഓളം ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.