ജയ്പൂർ:
തുടർച്ചയായ ഒമ്പതുദിവസം 15കാരിയെ ബലാത്സംഗത്തിന് വിധേയമാക്കിയ കേസിൽ 13 പേർക്ക് 20 വർഷം വീതം കഠിന തടവ്. രണ്ടുപേർക്ക് നാലുവർഷം വീതവും രാജസ്ഥാൻ കോട്ട കോടതി തടവുശിക്ഷ വിധിച്ചു.
പോക്സോ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി അശോക് ചൗധരിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ തട്ടികൊണ്ടുപോയി ജാലവാറിലെത്തിച്ച് നിരവധിപേർക്ക് വിറ്റ ഒരു സ്ത്രീക്ക് നാലുവർഷവും തടവുശിക്ഷ വിധിച്ചു.
കേസിൽ ഉൾപ്പെട്ട 12 പേരെ കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത നാലു പ്രതികൾ പ്രാദേശിക ജുവനൈൽ ജസ്റ്റിസ് ബോർഡിൽ വിചാരണ നേരിടുകയാണ്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടവർ 10,000 രൂപയും നാലുവർഷം തടവിന് ശിക്ഷിക്കപ്പെട്ടവർ 7000രൂപയും പിഴ നൽകുകയും വേണം.
ഈ വർഷം ആദ്യമായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാഗ് വാങ്ങാനെന്ന വ്യാജേന പൂജ െജയിൻ എന്ന ബുൾബുൾ കോട്ടയിലെ വീട്ടിൽനിന്ന് പെൺകുട്ടിയെ കൂട്ടിെകാണ്ടുപോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടിയെ ജലവാറിലെത്തിച്ചു. അവിടെനിന്ന് ഒമ്പതുദിവസത്തിനിടെ പലർക്കായി പെൺകുട്ടിയെ വിറ്റുവെന്നും പരാതിയിൽ പറയുന്നു.
മാർച്ച് ആറിനാണ് 15കാരിയുടെ പരാതിയിൽ കൂട്ടബലാത്സംഗത്തിന് സുകേത് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. 1750 പേജ് വരുന്ന കുറ്റപത്രമാണ് കോട്ട പൊലീസ് മേയ് ഏഴിന് കോടതിയിൽ സമർപ്പിച്ചത്.