Sun. Dec 22nd, 2024

ലോകബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ നിന്ന് നിലവിലെ ജേതാവായ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സിന്ധു പുറത്തായത്. അതേസമയം സെമിയിലെത്തിയ പി ശ്രീകാന്തും ലക്ഷ്യ സെന്നും ഇന്ത്യക്കായി മെഡലുറപ്പിച്ചു.

ലോക ഒന്നാം നമ്പർ താരത്തിനെതിരെ ക്വാർട്ടർ പോരിനിറങ്ങിയ നിലവിലെ ചാമ്പ്യന് തുടക്കം മുതൽ പിഴച്ചു. എന്നാൽ 16-18 എന്ന സ്കോർ നിലയിലൂടെ സിന്ധു ശക്തമായി തിരിച്ചുവന്നു. പക്ഷേ നാല് പോയിന്‍റ് അകലത്തിൽ ആദ്യ ഗെയിം തോറ്റു.

രണ്ടാം സെറ്റിന്‍റെ തുടക്കത്തിൽ ശക്തമായ പോരാട്ടം നടന്നു. പക്ഷേ പത്ത് പോയിന്‍റ് കഴിഞ്ഞതോടെ സിന്ധു തളർന്നു. 13 – 21 എന്ന സ്കോറിൽ തായ്സു യിങ് ഗെയിമും മത്സരവും സ്വന്തമാക്കി.

അതേസമയം പുരുഷ സിംഗിൾസിൽ പി ശ്രീകാന്തും ലക്ഷ്യ സെന്നും സെമിയിലെത്തിതോടെ ഇന്ത്യ രണ്ട് മെഡലുകൾ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്‍റെ മാര്‍ക്ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകര്‍ത്താണ് ശ്രീകാന്ത് സെമിയിലെത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ചൈനീസ് താരം സോ ജുന്‍ പെങ്ങിനെ മറികടന്ന് ലക്ഷ്യാ സെന്നും മെഡൽ പട്ടികയിൽ ഇടം പിടിച്ചു. സെമിയിൽ ശ്രീകാന്തും ലക്ഷ്യാ സെന്നും ഏറ്റുമുട്ടുന്നതിനാൽ കലാശപ്പോരിൽ ഒരു ഇന്ത്യൻ താരം ഉണ്ടാകുമെന്ന് ഉറപ്പായി.