Mon. Dec 23rd, 2024
കൊച്ചി:

നിർദ്ദനരായ നേത്ര രോഗികൾക്കായി മമ്മൂട്ടിയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്ന് തുടക്കമിട്ട ‘കാഴ്ച’ നേത്ര ചികിത്സ പദ്ധതി വീണ്ടും. ‘കാഴ്ച 3’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഞായറാഴ്ച മമ്മൂട്ടി തുടക്കമിടും.

2005ൽ ആണ് പദ്ധതിയുടെ ആരംഭം. നൂറു കണക്കിന് നേത്ര ചികിത്സ ക്യാമ്പുകൾ കേരളത്തിലും ലക്ഷദ്വീപിലുമായി നടത്തുകയും ഒരു വർഷത്തിനുള്ളിൽ ആയിരക്കണക്കിന് രോഗികൾക്ക് സഹായമെത്തിക്കുകയും ചെയ്​തിരുന്നു. പ്രശസ്​ത നേത്ര രോഗ വിദഗ്ദൻ ഡോ ടോണി ഫെർണാണ്ടസുമായി ചേർന്ന് 2015ൽ കാഴ്ച രണ്ടാം ഘട്ടവും ആരംഭിച്ചിരുന്നു.

കേരളത്തിലെ സ്വകാര്യമേഖലയിൽ ആരംഭിച്ച നേത്രബാങ്കായ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിന്‍റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് വീണ്ടും കാഴ്ച അവതരിക്കുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ സംരംഭം ആയ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ആണ് പദ്ധതി നടപ്പിലാക്കുക.

ആദിവാസി മേഖലയിൽ കൂടുതൽ സേവന പ്രവർത്തനങ്ങളാണ് കാഴ്ച 3ലൂടെ ലക്ഷ്യമിടുന്നതെന്ന്​ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ വർഗീസ് പൊട്ടക്കൽ അറിയിച്ചു.