Wed. Jan 22nd, 2025
കണ്ണൂർ:

കാലാവസ്ഥ ചതിച്ചതോടെ ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ പച്ചക്കറി വിലയിലുണ്ടായ കുതിപ്പിനു തടയിടാൻ വിപണി ഇടപെടലുമായി കൃഷി വകുപ്പ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന പച്ചക്കറി വിപണിക്ക് ഇന്നു ജില്ലയിൽ തുടക്കമാകും. ജനുവരി 1 വരെയുള്ള ദിവസങ്ങളിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലുമായി വിവിധ ദിവസങ്ങളിലായി വാഹനത്തിൽ പച്ചക്കറികളും പഴങ്ങളും എത്തിക്കുകയാണ് ലക്ഷ്യം.

വാഹനം ഇന്ന് ഉച്ചയ്ക്ക് 12ന് സ്റ്റേഡിയം കോർണറിൽ മേയർ ടി ഒ മോഹനൻ ഫ്ലാഗ് ഓഫ് ചെയ്യും. ക്രിസ്മസ്ക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറ്റിനാൽപതോളം കേന്ദ്രങ്ങളിൽ പഴം, പച്ചക്കറി വിപണികളും കൃഷി വകുപ്പ് സജ്ജമാക്കുന്നുണ്ട്. 41 ഇക്കോ ഷോപ്പുകൾ, 77 ആഴ്ചച്ചന്തകൾ,3 ബ്ലോക്ക് ലവൽ ഫെഡറേറ്റഡ് ഓർഗനൈസേഷൻ (ബിഎൽഎഫ്ഒ) മാർക്കറ്റുകൾ, 16 എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കും. ഇതിനു പുറമേ 6 അർബൻ സ്ട്രീറ്റ് മാർക്കറ്റുകളും പ്രവർത്തിപ്പിക്കും.

22 മുതൽ ജനുവരി 1 വരെയുള്ള എല്ലാ ദിവസവും വിപണികൾ തുറന്നു പ്രവർത്തിക്കും.ജില്ലയിലെ കർഷകരിൽ നിന്നു ലഭ്യമായ പച്ചക്കറികൾ ശേഖരിക്കുമെന്നും ബാക്കിയുള്ളവ മാത്രം ജില്ലയ്ക്കു പുറത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി എത്തിക്കുമെന്നും കൃഷി വകുപ്പ് മാർക്കറ്റിങ് വിഭാഗം അസി ഡയറക്ടർ സി വി ജിദേഷ് പറഞ്ഞു.