Wed. Jan 22nd, 2025
കോട്ടയം:

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ ചെയർമാൻ സസ്‌പെൻഡ് ചെയ്തു. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ കൂടുതൽ അന്വേഷണം നടക്കുമെന്നും ചെയർമാൻ അറിയിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ഉത്തരവിട്ടിരിക്കുകയാണ്.

ജോസ്‌മോനെതിരെയും വകുപ്പ് തല നടപടി ഉണ്ടാകും. വിജിലൻസിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമാകും നടപടി. കൈക്കൂലി വാങ്ങുന്നതിനിടെ എഎം ഹാരിസ് പിടിയിലാവുകയും ഇയാളുടെ ഫ്ളാറ്റിൽ നിന്നും 17 ലക്ഷത്തോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. കോട്ടയം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ആലുവയിലുള്ള വീട്ടിൽ നിന്നും പണം കണ്ടെത്തിയത്.

റബർ റീസോൾ കമ്പനി നടത്തുന്ന പാലാ സ്വദേശിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജില്ല മലിനീകരണ നിയന്ത്ര ബോർഡ് ഉദ്യോഗസ്ഥനായ എഎൻ ഹാരിസ് പിടിയിലായത്. വിജിലൻസ് എസ് പി വി ജി വിനോദിന്റെ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ആലുവയിലുള്ള ഫ്ളാറ്റിൽ സൂക്ഷിച്ച പണം വിജിലൻസ് എത്തി കണ്ടെത്തിയത്.

പലരിൽ നിന്നും കൈക്കൂലി വാങ്ങിയ തുകയാകാം ഇതെന്നാണ് എന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഇയാളുടെ ബാങ്കിലും ലക്ഷങ്ങളുടെ നിക്ഷേപം ഉള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തിയിരുന്നു.

കോട്ടയം മുൻ ജില്ലാ ഓഫിസറും സീനിയർ എൻവയോൺമെന്റൽ എൻജിനീയറുമായ ജോസ്മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തിയത്. കൊല്ലത്തു നിർമാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ രേഖകളും വാഗമണ്ണിൽ നിർമാണം നടക്കുന്ന ‘ഇന്ന്’ റിസോർട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.