വാഷിങ്ടൺ:
ഇന്ത്യക്കാരായ 66 പേർ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവർത്തിക്കുന്നതായി തീവ്രവാദത്തെ കുറിച്ച യു എസ് വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട്. എൻ ഐ എ ഉൾപ്പെടെ ഇന്ത്യൻ ഭീകരവാദ വിരുദ്ധ സേനകൾ രാജ്യാന്തര, പ്രാദേശിക ഭീകര സംഘങ്ങൾക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഐ എസുമായി ബന്ധപ്പെട്ട 34 തീവ്രവാദ കേസുകൾ അന്വേഷിച്ച എൻ ഐ എ 160 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
സെപ്റ്റംബറിൽ കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്നായി അൽഖാഇദക്കാരെന്ന് കരുതുന്ന 10 പേരെയും പിടികൂടി. 2013ൽ ബോധ്ഗയയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ജമാഅത്തുൽ മുജാഹിദീനിെൻറ ഉപ മേധാവി അബ്ദുൽ കരീമിനെ കൊൽക്കത്ത പൊലീസ് തീവ്രവാദ വിരുദ്ധ സ്പെഷൽ ടാസ്ക് ഫോഴ്സ് മേയ് 29ന് അറസ്റ്റ് ചെയ്തു.
തെക്കൻ സംസ്ഥാനങ്ങളിലെയും മറ്റും ഓൺലൈൻ വഴിയുള്ള ഭീകരസംഘങ്ങളുടെ പ്രവർത്തനങ്ങൾ നേരിടാനും എൻ ഐ എ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയുമായും മാലദ്വീപുമായും ഭീകരവാദ രഹസ്യവിവരങ്ങൾ പങ്കുവെക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിരോധ ബന്ധം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.