2021 പതിനെട്ട് ഏപ്രിലിൽ ഉദ്ഘാടനം ചെയ്തുവെങ്കിലും കോവിഡ് മൂലം താൽക്കാലികമായി അടച്ചിട്ട ശേഷം ആഗസ്ത് 14ആം തീയതി വീണ്ടും പ്രദർശനം ആരംഭിക്കുകയും ഇതിനോടൊകം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കാൻ കഴിയുകയും ചെയ്ത് കലാവിഷ്കാര വേദിയാണ് ‘ലോകമേ തറവാട്’. സെപ്തംബർ 30നു കഴിയുമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും, കാഴ്ചക്കാരുടെ ബാഹുല്യം മൂലം കലാപ്രദർശനം ഡിസംബർ 31 വരെ തുടരുകയാണ്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന പൈതൃക നഗരമായ ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്, മലയാളികളായ 267 കലാകാരന്മാരുടെ (56 സ്ത്രീകലാകാരികളുൾപ്പടെ) ആവിഷ്കാരങ്ങൾക്കാണ്.
കോവിഡിനെതിരെയുള്ള അതിജീവനം, കലാകാരന്റെ ആത്മസംഘർഷങ്ങൾ, കലാകാരനും സമൂഹവുമായുള്ള സംവാദങ്ങൾ തുടങ്ങി കലയും മനുഷ്യനുമായുള്ള സമന്വയത്തിന്റെ വേദിയാവുകയാണ് ‘ലോകമേ തറവാട്’ – ദി വേൾഡ് ഈസ് വൺ ഫാമിലി.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മുസിരിസ് പൈതൃക പദ്ധതി, കയര്‍ബോര്‍ഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ‘ലോകമേ തറവാടി’ൽ മലയാളി ആർട്ടിസ്റ്റുകളുടെ 3400 കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയിലെ പഴയ ഗോഡൗണുകളും കെട്ടിടങ്ങളും ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരിയും (Bose Krishnamachari) സംഘവും ലോകോത്തര നിലവാരത്തിലുള്ള ഗാലറികളായി മാറ്റി ഓരോ ആർട്ടിസ്റ്റിനും ഏകാംഗ പ്രദർശനം നടത്താനുള്ള ഇടം നല്കുകയായിരുന്നു.
മഹാമാരി കാലത്ത് കലയിലൂടെ സമൂഹത്തിനു എന്ത് കൊടുക്കാനാവുമെന്നും, ലോക്ക്ഡൌൺ കാലത്ത് മാനസികമായും സാമ്പത്തികമായും പ്രയാസം അനുഭവിച്ച ആർട്ടിസ്റ്റുകൾക്ക് എങ്ങനെ പുതിയ അവസരമൊരുക്കാമെന്നുമുള്ള ചിന്തയുടെ ഉത്തരമായിരുന്നു ‘ലോകമേ തറവാട്’. ബിനാലെകളിൽ നിന്നും വിഭിന്നമായി കലാസൃഷ്ടികൾ വിൽക്കാനുള്ള അവസരം കൂടി പ്രദർശനം ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് മൂന്നര കോടിയോളം രൂപയുടെ കലാസൃഷ്ടികൾ ഇതുവരെ പ്രദർശനത്തിൽ വിറ്റുപോയിട്ടുണ്ട്. ഇത് ആർട്ടിസ്റ്റുകൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
‘ലോകമേ തറവാട്’ എന്ന ആശയം
കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ മലയാളി കലാകാരന്മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവർ 2010ൽ ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ. സമകാലീന കല പ്രദർശിപ്പിക്കുന്നതിനായി രാജ്യത്ത് ഒരു അന്താരാഷ്ട്ര വേദി ഒരുക്കുന്നതിനായാണ് കേരളം സർക്കാർ പിന്തുണയോടെ കൊച്ചി മുസിരിസ് ബിനാലെ, ഫൗണ്ടേഷന് കീഴിൽ ആരംഭിച്ചത്. വെനീസ് ബിനാലെയുടെ മാതൃകയിൽ തുടങ്ങിയ കൊച്ചി ബിനാലെയിൽ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി കലാകാരന്മാരുടെ വൈവിധ്യങ്ങളായ സൃഷ്ടികളാണ് പ്രദർശിപ്പിച്ചിരുന്നത്.
2012 ഡിസംബർ 12 ന് ആരംഭിച്ച ബിനാലെ 2014, 2016, 2018 എന്നീ വർഷങ്ങളിലായി നാല് പതിപ്പുകൾ വിജയകരമാക്കി. ബഹുസ്വര സംസ്കാരങ്ങൾ സമന്വയിക്കുന്ന കൊച്ചി തന്നെ വേദിയാക്കി മാറ്റിയത് ബിനാലെയുടെ മാറ്റ് കൂടുകയായിരുന്നു. കോവിഡ് മഹാമാരി കാരണം 2020ൽ നടക്കാനിരുന്ന ബിനാലെ മാറ്റിവെച്ച സാഹചര്യത്തിലാണ് മലയാളി കലാകാരന്മാർക്കൊരു വേദിയെന്ന രീതിയിൽ ‘ലോകമേ തറവാട്’ എന്ന ആശയത്തിൽ ഒരു കലാപ്രദർശനം കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആലപ്പുഴയിൽ ആരംഭിക്കുന്നത്.
കാർഷിക മുന്നേറ്റങ്ങളിലൂടെ, ജാതി വിരുദ്ധ സമരങ്ങളിലൂടെ, നവോത്ഥാന-തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കേരള സംസ്കാരത്തിൻ്റെ അടയാളങ്ങൾ രേഖപ്പെടുത്തിയ ആലപ്പുഴ, അതോടെ കലയുടെ പുതുചരിത്രത്തിനു കൂടി വേദിയാവുകയായിരുന്നു. സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ മണ്ണായ ആലപ്പുഴയെ വീണ്ടെടുക്കുന്നതിനായുള്ള കേരള സർക്കാരിന്റെ ആലപ്പുഴ പൈതൃക പദ്ധതിക്ക് പ്രദർശനം വലിയൊരു മുതൽക്കൂട്ടാവുമെന്നതും പ്രതീക്ഷക്കുന്നു. നഗരത്തിന്റെ തനതായ ചരിത്രവും ജലാശയങ്ങളും ജീവിത പാരമ്പര്യങ്ങളും കേന്ദ്രീകരിച്ച് ഒരു ആഗോള സാംസ്കാരിക കേന്ദ്രമാക്കി ആലപ്പുഴയെ മാറ്റാനാണ് ‘ലോകമേ തറവാടി’ലൂടെ സർക്കാരും കലാകാരന്മാരും ലക്ഷ്യമിട്ടതും.
പൈതൃക പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു വരുന്ന പഴയ കയർ ഗോഡൗണുകളും, പോർട്ട് ഗോഡൗണും ഉൾപ്പെടെയുള്ള ഏഴ് പൈതൃക കെട്ടിടങ്ങളിലാണ് ‘ലോകമേ തറവാട്’ ഒരുക്കിയിരിക്കുന്നത്. പഴമയുടെ പ്രതാപം പേറി അന്യം നിന്ന് പോകുന്ന ഇത്തരം കെട്ടിടങ്ങൾ അന്തർ ദേശീയ നിലവാരമുള്ള മ്യൂസിയമായും കലാവേദികളായും മാറ്റാനുള്ള സാധ്യതകളെ കൂടിയാണ് പ്രദർശനം കാണിച്ചു തരുന്നത്. പ്രൊഫഷണൽ ഗാലറികളോ മ്യൂസിയങ്ങളോ ഇല്ലാത്തിടത്ത് വിശാലമായ ഇത്തരം ഇടങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയത്. ഇത് കൂടാതെ കാഴ്ചക്കാർക്കിടയിൽ പരമാവധി സാമൂഹിക അകലം ഉറപ്പുവരുത്താൻ എല്ലാ വേദികളിലും കഴിയുന്നുമുണ്ട്.
മൂന്ന് മാസം കൊണ്ട് നടപ്പിലാക്കിയ നാലര കോടി രൂപയുടെ പ്രൊജക്റ്റാണ് ‘ലോകമേ തറവാട്’. ഇതിൽ രണ്ട് കോടി രൂപ കേരള സർക്കാർ നൽകുമെന്ന് പ്രഖ്യാപിക്കുകയും ബഡ്ജറ്റിൽ മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തുക ഇതുവരെ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലായെന്നതിൻ്റെ ബുദ്ധിമുട്ടുകൾ പ്രദർശനത്തിന്റെ ക്യുറേറ്ററായ ബോസ് കൃഷ്ണമാചാരി (Bose Krishnamachari) കൂട്ടിചേർക്കുന്നു.
മഹാമാരിക്കിടയിലെ കലാപ്രദർശനം
കോവിഡ് പ്രതിസന്ധികാലത്ത് കലാപരമായി ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മാനസികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു എന്ന് കലാകാരിയായ മോന (Mona S Mohan) പറയുന്നു. ആ ഏകാന്തതയിൽനിന്നു കരകയറുവാനുള്ള ശ്രമമായിട്ടാണ് നൂലിൽ പോർട്രെയ്റ് നിർമ്മിക്കാനുള്ള ആലോചന ഉണ്ടാവുന്നതെന്നും, അതിനു പ്രചോദനമാവുകയും പ്രതിസന്ധികളെ വ്യത്യസ്ത രീതിയിൽ തരണം ചെയ്യുകയും ചെയ്യുന്ന ‘മസാക്ക കിഡ്സ് ആഫ്രിക്കാന’ യിലെ കുട്ടിയുടെ ചിത്രം നൂലിൽ തീർത്തതെന്നും അവർ പറയുന്നു. ഗെയിം ഓഫ് സർവൈവർ എന്ന് പേരിട്ടിരിക്കുന്ന മോനയുടെ സീരീസിൽ ലോക്ക്ഡൌൺ സമയത്ത് വരുമാനമില്ലാതെ ഓട്ടോ ഓടിക്കാൻ പോയ കലാകാരൻ കൂടിയായ തന്റെ ഭർത്താവിന്റെ ചിത്രമടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.
മോനയെ പോലെ നിരവധി കലാകാരന്മാർ മാനസികമായും സാമ്പത്തികമായും കോവിഡ് സമയത്ത് വെല്ലുവിളികൾ നേരിട്ടിരുന്നു. അത്തരം കലാകാരന്മാർക്ക് ആത്മവിശ്വാസവും ഊർജ്ജവും നൽകുവാൻ കൂടെ ആയിരുന്നു പ്രദർശനം ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ‘ലോകമേ തറവാട്’ ആരംഭിച്ച ഉടനെ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രദർശനം നിർത്തിവെയ്‌ക്കേണ്ടി വന്നു. പിന്നീടുള്ള ലോക്ക്ഡൗണിൽ ഒരുക്കിവെച്ച ആർട്ട് വർക്കുകൾ കേടുപാടുകൾ പറ്റാതെ സൂക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒരുപറ്റം മനുഷ്യരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പ്രദർശനം വീണ്ടും തുറന്നു കൊടുക്കാനായി.
പ്രദർശനത്തിലെ മിക്കവയും അടച്ചിട്ട കാലത്തെ രേഖപ്പെടുത്തിയ കലാസൃഷ്ടികളാണ്. മഹാമാരി കാലത്തെ അടച്ചിടലുകളിലും അനിശ്ചിതത്വങ്ങളിലും കലാകാരൻ എങ്ങനെ തന്റെ കലയിലൂടെ അതിജീവിച്ചെന്നും, പ്രതികരിച്ചെന്നും അവ കാണിച്ചുതരുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ബറോഡയിലെ ടിറ്റോ സ്റ്റാൻലിയുടെ (Tito Stanley) ‘ഡ്രെഡ്ഫുൾ ഡേയ്സ്’ എന്ന പരമ്പരയിലെ അധിക പെയിന്റിങ്ങുകളും ലോക്ക്ഡൌൺ സമയത്ത് തന്റെ ജനലിലൂടെ കണ്ട കാഴ്ചകളാണ്. രെതീഷ് തമ്പാൻ (Retheesh Thampan) വരച്ച തീന്മേശയിൽ തനിച്ചിരുന്ന് നഗ്നനായി ഭക്ഷണം കഴിക്കുന്ന മനുഷ്യൻ്റെ ചിത്രം ലോക്ക്ഡൌൺ സമയത്ത് അടച്ചിട്ട മുറിയിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും അതിലെ ഭീതിയെയും കാണിച്ചു തരുന്നതാണ്. ഇതേ കാലത്തെ ഏകാന്തതയും ഭീതിയും വിഷാദവുമെല്ലാം നിഗൂഢമായ വനങ്ങളിലൂടെ കാണിച്ചു തരുന്നവയാണ് സ്മിത ജിഎസിന്റെ (Smitha G S) ചിത്രങ്ങൾ.
മലയാളികളുടെ കലാവിരുന്ന്
ഇത്രയേറെ മലയാളി കലാകാരന്മാരുടെ കലാ സൃഷ്ടികൾ ആദ്യമാവും ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 267 മലയാളി ആർട്ടിസ്റ്റുകളുടെ ഭാവനയും കലാവിരുതുമാണിത്. ലോകപ്രശസ്തരായവർ മുതൽ ഇനിയും അറിയപ്പെടാനുള്ളവരുടെ അടക്കം അന്തർദേശീയ നിലവാരത്തിലുള്ള ചിന്തകളും കരവിരുതും ചേരുന്നിടം. ‘ലോകമേ തറവാടി’ന്റെ ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നടത്തിയ യാത്രയിൽ നിന്നും തിരഞ്ഞെടുത്തതാണ് ഇവരിൽ മിക്ക ആർട്ടിസ്റ്റുമാരെയും.
ഊർജ്ജസ്വലമായ, വ്യത്യസ്ത ചിന്തകളുള്ള ആർട്ടിസ്റ്റുകൾക്ക് വേണ്ടി ബോസ് നടത്തിയ അന്വേഷണത്തിൽ കണ്ടത് ദേശീയ തലത്തിലുള്ള വൈവിധ്യങ്ങളായ മലയാളി ആർട്ടിസ്റ്റുകളുടെ സൃഷ്ടികളായിരുന്നു. വിശാലമായ സ്വന്തം സ്റ്റുഡിയോകളിൽ ഇരുന്നു വർക്ക് ചെയ്തിരുന്നവർ മുതൽ വീടിന്റെ അടുക്കളകൾ വരെ സ്റ്റുഡിയോകൾ ആക്കിയ കലാകാരന്മാർ ഇവരിലുണ്ട്. ഇതിൽ ആശയപരമായും രചനാപരമായും മുന്നിട്ടു നിൽക്കുന്ന സൃഷ്ടികൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.
മലയാളി കലാകാരുടെ പ്രദർശനം എന്നതിലൂടെ കാഴ്ചക്കാരന് ‘സ്വന്തമെന്ന’ വികാരം നൽകുന്നത് എന്ന് കൂടിയാണ് അർത്ഥമാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നടക്കുന്നതിനാൽ പത്തു ശതമാനം മാത്രമാണ് കൊച്ചി ബിനാലെയിൽ മലയാളികൾക്ക് അവസരമുള്ളത്. മറ്റെല്ലാ സൃഷ്ടികളും ലോകത്തിലെ പലയിടത്തുള്ള കലാകാരുടേതാണ്. എന്നാൽ ‘ലോകമേ തറവാട്’ മുഴുവനായും അവരുടെ നാട്ടുകാരുടേതാണ്, അവർ കൂടെ ഉൾപ്പെടുന്ന ചുറ്റുപാടിൽ നിന്നുള്ളതാണ്.
പ്രദർശനത്തിലെ ഒട്ടുമിക്ക ചിത്രങ്ങളും ശില്പങ്ങളുമെല്ലാം കേരളത്തിൻ്റെ സവിശേഷമായ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രവും വർത്തമാനവും ഭാവിയും അടയാളപ്പെടുത്തുന്നതാണ്. ഇവിടെ സാധാരണക്കാരന് കല ആസ്വദിക്കാനാവുന്നു, സമകാലീന കലയിലെ പുതിയ പ്രവണതകൾ അവർക്കു കൂടെ പരിചയപ്പെടുത്താനാവുന്നു.
തന്റെ ജന്മസ്ഥലമായ കൊല്ലത്തെ കാഴ്ചകളിലൂടെ ബാല്യകാല ഓർമ്മകൾ വരച്ചിട്ട അഹല്യ രാജേന്ദ്രന്റെ (Ahalya Rajendran) പെയിന്റിങ്ങ് സീരീസ്, മൂന്നാറിലെ കൊട്ടാക്കമ്പൂർ എന്ന ഗ്രാമത്തിലെ പ്രകൃതി ഭംഗി കാൻവാസിൽ പകർത്തിയ അജികുമാർ അടൂരിന്റെ (Ajikumar Adoor) പെയിന്റിങ്ങ്, കേരളത്തിലെ നെൽകൃഷിയെ അടയാളപ്പെടുത്തിയ അഖിൽ മോഹന്റെ (Akhil Mohan) ചിത്രങ്ങൾ തുടങ്ങി ഒരു മലയാളിക്ക് അനുഭവിക്കാനും ബന്ധപ്പെടുത്താനും കഴിയുന്ന സൃഷ്ടികൾ ഒരുപാടുണ്ട്.
ലോകം തന്നെ തറവാടാകുമ്പോൾ
മലയാളത്തിലെ മുതിർന്ന കവി വള്ളത്തോൾ നാരായണമേനോൻ എഴുതിയ ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിൽ നിന്നാണ് ‘ലോകമേ തറവാട്’ (ലോകം ഒരു കുടുംബം) എന്ന ആശയം എടുത്തത്. 267 മലയാളി കലാകാരന്മാരുടെ സമകാലിക ചിന്തോദ്ദീപകമായ പെയിന്റിംഗുകളും, ശിൽപങ്ങളും, വീഡിയോ ആർട്ടുകളും, ഇൻസ്റ്റലേഷനുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രദർശനത്തിന് ഏറ്റവും അനുയോജ്യമായ പേര് തന്നെയായിരുന്നത്. പരമ്പരാഗത പ്രിന്റിങ്ങ് മുതൽ ഓഗ്മെൻ്റെഡ് റിയാലിറ്റി ഉപയോഗിച്ച് വ്യത്യസ്തമായ കലകളുടെ, അതിരുകളില്ലാതെ സാംസ്കാരിക സമന്വയം സാധ്യമാക്കുന്ന വേദിയെന്ന നിലയിലും പേര് നീതിപുലർത്തുന്നതാണ്.
മതനിരപേക്ഷത ചേർത്ത് പിടിച്ചുകൊണ്ട് ഞങ്ങൾ ഒന്നാണെന്നും, ഒരു കുടുംബമാണെന്നും ഇവിടം ആർട്ടിസ്റ്റുകൾ പറയുകയാണ്. പല രാജ്യങ്ങളിൽ കഴിയുന്നവർ കലയിലൂടെ ഒന്ന് ചേരുമ്പോൾ ലോകം ഒരു തറവാടാകുന്നതിൽ അത്ഭുതമില്ല.
ശീർഷകത്തെ അവതരിപ്പിച്ച രീതിയിൽപ്പോലും അത് നൽകുന്ന സന്ദേശം എടുത്തുകാട്ടുന്നുണ്ട്. ലോകത്തിലെ വ്യത്യസ്തങ്ങളായ ഭാഷാ ലിപികളിൽ ‘ലോകമേ തറവാട്’ എന്നെഴുതി വൃത്തത്തിനുള്ളിൽ കാണിച്ചിരിക്കുന്ന ചിത്രീകരണം പോലും വേർതിരിവുകളില്ലാതെ ഒന്നെന്നു പറയുന്നവയാണ്.
കലയിലെ സ്ത്രീയിടങ്ങൾ
“ചിത്രകലയിൽ എല്ലാകാലത്തും സ്ത്രീകളുണ്ടായിരുന്നു. എന്നാൽ സ്ത്രീകളില്ലെന്ന ചിന്ത പ്രചരിപ്പിക്കുകയും അവരെ നമ്മൾ കാണാതെ പോവുകയായിരുന്നു. 1992 ലെ രതിദേവിയുടെ സൃഷ്ടികൾ കണ്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. വേണ്ടത്ര പിന്തുണ ഇല്ലാതിരുന്നതിനാൽ അവരെ അറിയാതെ പോവുകയായിരുന്നു. ‘ലോകമേ തറവാട്’ൽ കൂടുതൽ സ്ത്രീകൾ പങ്കാളിത്തമുണ്ടായതിൽ അത്ഭുതപ്പെടാനില്ല. പകരം ഇങ്ങനെ തന്നെ വേണം എന്നാണ് തോന്നിയത്.” ആമി ആത്മജയുടെ ഈ വാക്കുകൾ കലയിലെ സ്ത്രീയിടങ്ങളെ കൃത്യമായി കാണിച്ചുതരുന്നതാണ്. ‘ലോകമേ തറവാട്’-ലൂടെ 56 സ്ത്രീകളാണ് തങ്ങൾ ഇവിടെയുണ്ടെന്ന് കലയിലൂടെ വിളിച്ച് പറയുന്നത്.
സ്ത്രീകളുടെ ചിന്തകളും അനുഭവങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം സ്വയം വരച്ചിടുമ്പോൾ, അമിത ആർഭാടങ്ങളോ മഹത്വവത്കരണങ്ങളോ ഇല്ലാതെ നേരിന്റെ ചിത്രമാവുന്നുണ്ട്. ഇന്ത്യയിലെ അടുക്കള ഉപകരണങ്ങളിലൂടെ സ്ത്രീയുടെ ജീവിതവും, തന്റെ തന്നെ ചിത്രങ്ങളും മരത്തിൽ കൊത്തിയെടുത്ത് വര്ണാഭമാക്കിയ ഹെൽന മെറിൻ ജോസഫിന്റെയും (Helna Merin Joseph), ലിംഗഭേദവും സ്ത്രീത്വവും വിഷയത്തിലുള്ള അനുപമ ഏലിയാസിന്റെയും (Anupama Alias), താൻ അടക്കമുള്ള നാല് സ്ത്രീകളുടെ ലോകം ക്യാൻവാസിലാക്കിയ പിഎസ് (Jaya P S) ജയയുടെയും വർക്കുകളെല്ലാം ഇതിനുദാഹരണങ്ങളാണ്.
ചരിത്രത്താളുകളിൽ ഇടം പിടിക്കുകയും അല്ലാതെയും പോയ ഇരുപത്തഞ്ച് വനിതകളുടെ പേരുകൾ എഴുതിയ നിജീന നീലാംബരന്റെ (Nejeena Neelambaran) കാലിഗ്രാഫി പല നാടുകളിൽ സാമൂഹ്യ തിന്മയ്‌ക്കെതിരെ പോരാടിയ ധീര വനിതകൾക്കുള്ള അംഗീകാരം കൂടിയാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ഒരു സ്ത്രീ ജീവിക്കേണ്ടി വരുന്ന വ്യത്യസ്തങ്ങളായ ജീവിതങ്ങളെ മുടിയുമായി ചേർത്തുവെച്ച് കാണിക്കുന്ന കെഎസ് സൂരജയുടെ (Sooraja K S) ചിത്രങ്ങൾ ഒരുപാടു സ്ത്രീകളെ സൂക്ഷ്മമായി വരച്ചിടുന്നവയാണ്.
നാൽപ്പത് ബ്ലൂ കോളർ വർക്കിങ്ങ് ക്ലാസ്സ് സ്ത്രീകളെ ഒരു ക്യാൻവാസിൽ വരച്ചിടുന്ന ശ്രീജാ പള്ളത്തിന്റെ (Sreeja Pallam) ചിത്രവും ഇത്തരത്തിൽ എടുത്തുപറയേണ്ടവയാണ്. കൃത്യമായ പ്രത്യയശാസ്ത്രബോധത്തോടെ കരിയർ പ്രൊഫെഷനലുകളെ ഒഴിവാക്കിയുള്ള ചിത്രത്തിൽ, സമൂഹത്തിൽ പലപ്പോഴും തൊഴിലിന്റെ പേരിൽ അവഗണനകൾ ഏറ്റുവാങ്ങുന്ന തൊഴിലായി പോലും പരിഗണിക്കാത്ത തൊഴിൽ ചെയ്യുന്ന നാല്പതു സ്ത്രീകളെയും, അവരുടെ നാല്പത് തൊഴിലുകളെയുമാണ് വരച്ചിടുന്നത്. ഇതോടൊപ്പം പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ഈ ചിത്രം.
സ്വയം കണ്ടെത്താനും അറിയാനുമുള്ള ഉപാധിയായിരുന്നു ആമി ആത്മജയ്ക്ക് തന്റെ ചിത്രങ്ങൾ. സ്വന്തം വികാരങ്ങളും ചിന്തകളും പകർത്തിയ ചിത്രങ്ങൾ കാണുന്നവരുടെ അനുഭവത്തിലൂടെയും, ചിന്തകളിലൂടെയും വേണം വായിച്ചെടുക്കാൻ. അതുകൊണ്ട് ചിത്രങ്ങൾ വരച്ച ആമി കണ്ടതാകില്ല നിങ്ങൾ കാണുന്നത്, അതായിരിക്കില്ല മറ്റൊരാൾ കാണുന്നത്. അത്രത്തോളം വ്യക്തിപരമായ, നിരവധി തലത്തിലുള്ള വായനകൾക്ക് അവസരമൊരുക്കുന്നതാണ് ആമിയുടെ ഓരോ ചിത്രങ്ങളും. യാമിനി മോഹൻ (Yamini Mohan), പദ്മിനി ചെറ്റൂർ (Padmini Chettur), ശ്രുതി എസ് കുമാർ (Sruthi S Kumar) തുടങ്ങി ഓരോ ആർട്ടിസ്റ്റ് വർക്കിലും ഇങ്ങനെ അവരുടേതായ ഇടങ്ങൾ കാണാനാവും.
കലയിലെ പുത്തൻ പരീക്ഷണങ്ങൾ
സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ നിലവിലെ രീതികളോടൊപ്പം സമന്വയിപ്പിച്ചുള്ള ചില പുതിയ കലാ പരീക്ഷണങ്ങളും പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഇതിൽ ബൈജു പാർത്ഥന്റെ (Baiju Parthan) ഡിജിറ്റൽ വർക്ക് എടുത്തു പറയേണ്ടതാണ്. 3 ഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച വെർച്വൽ ഒബ്‌ജക്‌റ്റുകൾ സ്റ്റീരിയോസ്കോപ്പിക് പ്രിന്റുകളായാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം ആയിരുന്നു ബൈജു തന്റെ വർക്കിലൂടെ നൽകിയത്.
കവിതയെ ശാരീരികമായും ആന്തരികമായും അനുഭവിക്കാനുള്ള അവസരമൊരുക്കുന്നതായിരുന്നു ശീതൾ ശിവരാമകൃഷ്ണന്റെ (Sheetal Sivaramakrishnan) ‘മദർ, ഐ നീഡ് ടൂ ഹൈഡ്’ എന്ന ഇൻസ്റ്റാളേഷൻ. ഇന്ത്യയിൽ തന്നെ ആദ്യമായാവും കവിതയെ ഓഗ്മെന്റ് റിയാലിറ്റിയുമായി കൂട്ടിച്ചേർത്ത്, കവിതയിലെ ഓരോ അക്ഷരവും ഒരാൾക്ക് കേൾക്കാനും മണക്കാനും സ്പർശനത്തിലൂടെ അറിയാനുമുള്ള അവസരമൊരുക്കുന്നത്. എണ്ണമറ്റ അർത്ഥങ്ങളും വികാരങ്ങളും ഉൾകൊള്ളുന്ന ഓരോ കവിതയും മറ്റുള്ളവർക്ക് അത്രയും ആഴത്തിൽ അനുഭവിക്കാൻ വേണ്ടിയായിരുന്നു ശീതൾ പുതിയ വഴികൾ തേടിയത്.
ഹാൻഡ്റൈറ്റിങ് ആപ്പ് ഉപയോഗിച്ചാണ് രാധാഗോമതി (Radha Gomaty) പ്രദർശിപ്പിച്ച തന്റെ 87 ചിത്രങ്ങളും വരച്ചത്. ലോക്ക്ഡൌൺ സമയത്തെ വിഷാദമകറ്റാൻ ചെറിയ സ്‌ക്രീനിൽ വിരലുകൾ കൊണ്ട് വരച്ചു തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ ഒരു മൊബൈൽ ആപ്പിൽ വരച്ചതാണെന്ന് പറയില്ല.
കലയിലെ സാമൂഹ്യപ്രതിബദ്ധത
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ലോകത്തോട് പറയാനുള്ള ഒരു മാർഗമാണ് കല എന്ന് ബാബു കെജി (Babu K G) അഭിപ്രായപ്പെടുന്നു. ലോകത്തെ മുഴുവൻ മാറ്റിമറിക്കാമെന്നുള്ള പ്രതീക്ഷ തനിക്കില്ലെന്നും എന്നാൽ സത്യം തുറന്നു പറയുമ്പോഴേ ഒരാൾ മനുഷ്യനാവുകയുള്ളെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു കലാകാരനെന്ന നിലയിലെ ഉത്തരവാദിത്ത്വമായാണ് സ്വന്തം അഭിപ്രായങ്ങൾ കലയിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. പ്രകൃതിയുമായി ചേർന്ന് കഴിയുന്ന ഗോത്ര വിഭാഗങ്ങളിലെ മനുഷ്യരാണ് അദ്ദേഹത്തിൻറെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ. അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് ആനന്ദമാണെന്നും അത് പ്രകൃതിയിൽനിന്ന് അകന്ന് സ്വാർത്ഥവൽക്കരിക്കപ്പെട്ടവരിൽ കാണാൻ കഴിയില്ലെന്നും അദ്ദേഹം സ്വന്തം സൃഷ്ടികളിലൂടെ പറയുന്നത്.
കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, അവയെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ് ബിന്ദി രാജഗോപാലിന്റെ ചിത്രങ്ങൾ. അതേ സമയം ബസന്ത് പെരിങ്ങോടെന്ന (Basanth Peringode) കലാകാരൻ വിരൽ ചൂണ്ടുന്നത് പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസനത്തിലൂടെയും, അമിത പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലൂടെയും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയിലേക്കാണ്.
വെറും മുപ്പത് വെള്ളക്കടലാസുകളിലൂടെ ഡൽഹി നഗരത്തിന്റെ വായുമലിനീകരണം എത്രത്തോളമാണെന്ന് കൃത്യമായി കാണിച്ചു തരുന്ന വിവേക് വിലാസിനിയുടെ (Vivek Vilasini) ഇൻസ്റ്റലേഷൻ സത്യത്തിൽ കാഴ്ചക്കാരെ ഭയപ്പെടുത്തുന്നതാണ്. തന്റെ ബാൽക്കണിയിൽ വെച്ച മുപ്പത് വെള്ളക്കടലാസുകളിൽ ഒരു മാസത്തിൽ പറ്റിയ അത്രയും പൊടികളാണ് നമ്മളും ശ്വസിക്കുന്നതെന്നോർക്കുമ്പോൾ ആർക്കാണ് ഭയം തോന്നാതിരിക്കുക.
കുടിയേറ്റവും, അവ ജനങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും തീവ്രതയും കാണിക്കാൻ ശ്രമിക്കുന്നതാണ് ജിജി സ്കറിയയുടെ (Gigi Scaria) പ്രതിമകളും ഇൻസ്റ്റലേഷനും. ഇതേ വിഷയം ഒരു കുടിയേറ്റക്കാരന്റെ ജീവിതത്തിലൂടെ അവന്റെ നാടും വീടും നഷ്ടപ്പെടുന്നതിന്റെ വേദനയിലൂടെ കാണിക്കുകയാണ് ബ്ലൈസ് ജോസഫ് (Blaise Joseph). ലോക്ക്ഡൌൺ കാലത്ത് പണി നഷ്ടപ്പെട്ട് സ്വന്തം വീടുകളിലേക്കെത്താൻ മൈലുകളോളം സഞ്ചരിച്ച, അതിനിടെ ട്രെയിൻ തട്ടി ജീവൻ നഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വിപിൻ ധനുർധരൻ(Vipin Dhanurdharan) ചെയ്തതാണ് റെയിൽപാളവും വീഡിയോ ഡോക്യൂമെന്ററിയും.
LGBTQ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ ശബ്ദമാവാനും അവരുടെ പ്രശ്നങ്ങൾ കലയിലൂടെ സംസാരിക്കാനും പ്രദർശനത്തിൽ ചിലർ ശ്രമിക്കുന്നുണ്ട്. ‘തേർഡ് ജൻഡർ’ എന്ന് പേരിട്ടിരിക്കുന്ന ജോർജ് കുരുവിളയുടെ (George Kuruvila) പ്രതിമകളിലൂടെയും ചിത്രങ്ങളിലൂടെയും പെയ്ന്റിങ്ങിലൂടെയുമുള്ള കലാവിഷ്കാരം ട്രാൻസ്‍ജെൻഡർ വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രിമിനൽ നടപടിക്രമ കോഡിന്റെ 370-ാം വകുപ്പ് പരിഷ്‌ക്കരിക്കുന്നതിന് മുമ്പ്, നിയമപരമായ സഹായമില്ലാതെ, ഭരണകൂടത്താലും അതിന്റെ പുരാതന നിയമങ്ങളാലും പാർശ്വവൽക്കരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെട്ടവരെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത്തരമൊരു ആവിഷ്കാരം നടത്തിയത്.
ക്വിയർ ആർട്ട് എന്ന പേരിലുള്ള കലകൾ പലതും ക്വിയർ വിഭാഗത്തെ തെറ്റായി ചിത്രീകരിച്ചപ്പോൾ യഥാർത്ഥ ചിത്രം വരച്ചുകാണിക്കാൻ ശ്രമിക്കുന്നതാണ് ആര്യാകൃഷ്‍ണൻ രാമകൃഷ്ണന്റെ (Aryakrishnan Ramakrishnan) സൃഷ്ടികൾ. വ്യത്യസ്തങ്ങളായ ശരീരങ്ങളെ ഒരു അപൂർണ്ണമായ സത്തയായി ചിത്രീകരിക്കാതെ, അവയിലൂടെ സ്വത്വത്തിലെ ബൈനറികളുടെ സാർവത്രിക ആശയങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അദ്ദേഹം ഓരോ ചിത്രങ്ങളിലൂടെയും.
ആറു വേദികളിലായി ‘ലോകമേ തറവാട്’ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങൾ കൊണ്ട് പോലും കണ്ട് തീർക്കാനാവാത്ത അത്രയും വിസ്‌മയ കാഴ്ചകളാണിവ. ഓരോ കലാസൃഷ്ടിയും ആഴത്തിൽ ആസ്വദിക്കാനും വായിച്ചെടുക്കാനുമുണ്ട് . ഒരുപക്ഷേ കോവിഡ് അല്ലാതിരുന്നെങ്കിൽ ലോകത്തിലെ നാനാഭാഗത്തുള്ള വലിയൊരു വിഭാഗം കലാ ആസ്വാദകർക്ക് മികച്ച അനുഭവവും, മലയാളി കലാകാരന്മാർക്ക് ലഭിക്കാവുന്ന വലിയ അംഗീകാരവും ആവുമായിരുന്നു ‘ലോകമേ തറവാട്’. അത്രമാത്രം വ്യത്യസ്തങ്ങളായ ചിന്തകളിലൂടെ, ആവിഷ്കാരങ്ങളിലൂടെ വിശാലമായ യാത്രയാണ് ഇവിടം. സാമ്യതകൾ അവകാശപ്പെടാനില്ലാത്ത അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാവിരുന്ന്.
Woke Malayalam Production Team: Aswathi A, Ansary Hamza, Ron J Davis, Pranav VJ, Shyam P Giridhar, and Sivaram Iyer (Visual Consultant)