ചെന്നൈ:
ഹെലികോപ്റ്റർ ദുരന്തം നടന്ന നീലഗിരി ജില്ലയിലെ കുനൂർ നഞ്ചപ്പൻസത്രം കോളനിയുടെ അടിസ്ഥാന വികസന പ്രവൃത്തികൾക്കായി തമിഴ്നാട് സർക്കാർ രണ്ടര കോടി രൂപ അനുവദിച്ചു. കുനൂർ പഞ്ചായത്ത് യുനിയൻ പ്രസിഡൻറ് സുനിതയാണ് ഇക്കാര്യമറിയിച്ചത്.
കോളനിയിലെ റോഡ്, സുരക്ഷാഭിത്തി നിർമാണം, വീടുകളുടെ അറ്റകുറ്റപണി, കുടിവെള്ളം തുടങ്ങിയവക്കാണ് തുക വിനിയോഗിക്കുക. കോളനിയിൽ സ്മാരക സ്തൂപം നിർമിച്ച് കാട്ടേരി പാർക്കിന് ബിപിൻറാവത്തിൻ്റെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
ഒരാഴ്ച മുൻപുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 സൈനികരാണ് ദാരുണമായി മരിച്ചത്. സംഭവം നടന്നയുടൻ കോളനിവാസികളാണ് അധികൃതർക്ക് ആദ്യം വിവരം നൽകിയത്.
പൊലീസ്- അഗ്നിശമന- മിലിട്ടറി വിഭാഗങ്ങൾ എത്തുന്നതിന് മുൻപെ കോളനിവാസികൾ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ഇതിൻ്റെ നന്ദിസൂചകമായി നഞ്ചപ്പൻസത്രം കോളനി ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് വ്യോമസേനാധികൃതർ അറിയിച്ചിരുന്നു. കമ്പിളി പുതപ്പുകളും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകളും സൈന്യം വിതരണം ചെയ്തിരുന്നു. 60ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.