Tue. Nov 5th, 2024
കോഴിക്കോട്​:

കാലിക്കറ്റ്​ സർവകലാശാല കാമ്പസിലെ പുരുഷ ഹോസ്​റ്റലിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്​ താമസിക്കുന്നത്​ നിർത്തലാക്കാൻ സിൻഡിക്കേറ്റ്​ യോഗതീരുമാനം. ഹോസ്​റ്റലിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് താമസിക്കുന്നത് ഡോ പി റഷീദ് അഹമ്മദ് ​യോഗത്തിൽ ഉന്നയിച്ചു. ആൺകുട്ടികളുടെ സ്വകാര്യത നഷ്​ടപ്പെടുന്നുവെന്നും സുരക്ഷിതത്വ ഭീഷണിയുണ്ടെന്നും പരാതിയുണ്ടെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവകലാശാല ഔദ്യോഗികമായി മിക്​​സഡ്​ ഹോസ്​റ്റൽ തുടങ്ങിയിരുന്നില്ല. ഹോസ്​റ്റൽ നിയമങ്ങൾ കർശനമാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. രാത്രി ഒമ്പതിന്​ ശേഷം ഹോസ്​റ്റലുകളിൽ പ്രവേശനം നിഷേധിക്കും. പുറത്തുപോയ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകില്ല.

രാത്രി പുറത്തുപോകുന്ന വിദ്യാർത്ഥികൾ മൂവ്‌മൻെറ്​ രജിസ്​റ്ററിൽ പേരെഴുതണം. കോളജ് യൂനിയൻ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം നടത്താനും സിൻഡിക്കേറ്റ്​ യോഗത്തിൽ തീരുമാനമായി. സ്വാശ്രയ കോളജ് വിദ്യാർത്ഥികളുടെ വോട്ടവകാശം സംബന്ധിച്ച 2020ലെ ഹൈകോടതി വിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.

കലോത്സവ നിയമങ്ങൾ പുതുക്കുന്നതിനായി വിവിധ വിദ്യാർത്ഥി സംഘടനകളുമായി അഭിപ്രായം ആരായും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ ​കൊടുത്തുതീർക്കാൻ ആവശ്യമെങ്കിൽ സ്പെഷൽ സെനറ്റ് ചേരാനും സിൻഡിക്കേറ്റ്​ തീരുമാനിച്ചു.
പരീക്ഷഭവനിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിന് സമർപ്പിച്ച റിപ്പോർട്ട് മോഡേണൈസേഷൻ കമ്മിറ്റിയുടെ പരിഗണനക്ക്​ വിട്ടു.

പരീക്ഷാഭവനിൽ 10.30 മുതൽ മൂന്നു മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. ഏതുസമയത്തും പരീക്ഷഭവനിലേക്ക് തിരിച്ചറിയൽ രേഖ ഇല്ലാതെതന്നെ പ്രവേശിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നത്​ നിർത്താൻ തീരുമാനിച്ചു. ഒരാൾ പല വിദ്യാർത്ഥികളുടെ പ്രശ്നങ്ങളുമായി വരുന്നതും പരിഗണിക്കില്ല.

പരീക്ഷഭവനിൽ സുരക്ഷ കൂടുതൽ ശക്തമാക്കും. 25 വനിത സെക്യൂരിറ്റി ഓഫിസർമാരെ നിയമിക്കും. പരീക്ഷഭവനിലെ പാർക്കിങ്​ ഒഴിവാക്കും.പ്രവേശനത്തിന്​ ആള്​ കുറഞ്ഞാൽ ഐ ടി സൻെററുകൾ അടച്ചുപൂട്ടും. ഒബ്​ജറ്റീവ്​ ടൈപ്പ്​ ചോദ്യങ്ങളുള്ള ഡിഗ്രി ഒന്ന്, മൂന്ന്, അഞ്ച് സെമസ്​റ്ററുകൾ ഓൺലൈനായി നടപ്പാക്കാനും തീരുമാനിച്ചു.