Mon. Dec 23rd, 2024
കാസർകോട്:

ജില്ലയിൽ അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം കണ്ടെത്തി. തൊഴിലാളികൾക്കിടയിൽ ആരോഗ്യവകുപ്പ് നടത്തിയ രക്തപരിശോധനയിൽ ആണ് ഇവരുടെ ശരീരത്തിൽ മൈക്രോ ഫൈലേറിയ (കുഞ്ഞു വിരകൾ) ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ ക്യാംപുകളിൽ ആണ് ഡോക്ടർ, ലാബ് ടെക്നീഷൻമാർ തുടങ്ങിയവർ രക്ത സാംപിൾ എടുത്ത് പരിശോധന നടത്തിയത്. വ്യാപനം തടയുന്നതിനു ഇവർക്കു ആവശ്യമായ ചികിത്സ നൽകുന്നുണ്ട്.

മന്ത് രോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി അതിഥി തൊഴിലാളികളെ പരിശോധിച്ചു വരികയായിരുന്നു. മുതിർന്ന പുരുഷൻമാരിലാണ് മന്ത് ലക്ഷണം കണ്ടത്. സ്ത്രീകളിലും കുട്ടികളിലും രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ല.

തദ്ദേശവാസികൾക്കു മന്ത് രോഗ ലക്ഷണം കണ്ടതായി വിവരമില്ല. വെള്ളം കെട്ടിനിന്നു കൊതുകു വ്യാപന സാധ്യതയുള്ള 8 കേന്ദ്രങ്ങളിൽ പൊതുവായ സർവേയും പരിശോധനയും നടന്നു വരുന്നു. മന്ത് രോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി 5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കു വിദ്യാലയങ്ങളിൽ ഘട്ടംഘട്ടമായി പരിശോധന നടക്കുന്നുണ്ട്.