Thu. Apr 10th, 2025 11:25:56 AM

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.”സ്ഫോടനത്തിലും തുടർന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികൾക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചിലർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്,” തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.

ജി എഫ് എൽ-ന് ഫ്ലൂറിൻ രസതന്ത്രത്തിൽ 30 വർഷത്തെ വൈദഗ്ധ്യമുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് ആധുനിക ലോകത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്ന ഫ്ലൂറോപോളിമറുകൾ, ഫ്ലൂറോ-സ്പെഷ്യാലിറ്റികൾ, റഫ്രിജറന്റുകൾ, കെമിക്കൽസ് എന്നിവയിൽ ഇതിന് വൈദഗ്ദ്ധ്യം ഉണ്ട്. ജി എഫ് എൽ-ൻ്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റാണ് സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചത്.