Mon. Dec 23rd, 2024

യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണതിനു ശേഷം പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സന് തിരിച്ചടി. ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനും ചികിത്സകൾക്കും ശേഷം എറിക്‌സൻ പരിശീലനം തുടങ്ങിയെങ്കിലും 29-കാരനുമായുള്ള കരാർ റദ്ദാക്കാനൊരുങ്ങുകയാണ് ഇറ്റാലിയൻ ഭീമന്മാരായ ഇന്റർ മിലാൻ. ഹൃദയശസ്ത്രക്രിയക്കു ശേഷം ശരീരത്തിനുള്ളിൽ ഘടിപ്പിച്ച ‘ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡെഫിബ്രിലേറ്റർ’ (ഐ സി ഡി) വെച്ച് കളിക്കാൻ താരങ്ങളെ അനുവദിക്കില്ലെന്ന നിയമമാണ് താരത്തിന്റെ സീരി എ കരിയറിന് തിരശ്ശീലയിടുന്നത്.

പരസ്പര ധാരണയോടെ കരാർ ഉടൻ റദ്ദാക്കുമെന്ന് ഇറ്റാലിയൻ മാധ്യമം ഗസറ്റയെ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.മെയ് 25-ന് ഐസ്‌ലാന്റിനെതിരായ യൂറോ കപ്പ് മത്സരത്തിന്റെ 42-ാം മിനുട്ടിലാണ് ഒരു ത്രോ ഇൻ സ്വീകരിക്കാൻ ശ്രമിക്കുന്നതിനിടെ എറിക്‌സൻ ടച്ച് ലൈനിന് സമീപം കുഴഞ്ഞുവീണത്. അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയതിനെ തുടർന്ന് താരത്തിന്റെ ജീവൻ രക്ഷിക്കാനായി.

എറിക്‌സന് മൈതാനത്തുവെച്ച് ഹൃദയാഘാതമുണ്ടായതായി ഡെൻമാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസൻ പിന്നീട് സ്ഥിരീകരിച്ചു. മൂന്നാഴ്ചക്കു ശേഷമാണ് താരത്തിന്റെ ശരീരത്തിൽ ഡെബിബ്രിലേറ്റർ ഘടിപ്പിച്ചത്. ജൂൺ 18-ന് വിജയകരമായ ശസ്ത്രക്രിയക്കു ശേഷം എറിക്‌സൻ ആശുപത്രി വിട്ടു.

രണ്ടാഴ്ച മുമ്പാണ് കൗമാരകാലത്ത് താൻ കളിച്ചിരുന്ന ഡെൻമാർക്കിലെ ഒഡെൻസ് ബോൾഡ്ക്ലബ്ബിൽ ക്രിസ്റ്റിയൻ എറിക്‌സൻ പരിശീലനം ആരംഭിച്ചത്. ഇങ്ങോട്ട് സമീപിച്ചപ്പോഴാണ് പരിശീലനത്തിനുള്ള സൗകര്യമൊരുക്കിയതെന്നും താരം ആത്മവിശ്വാസത്തോടെ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ക്ലബ്ബ് വക്താവ് അറിയിച്ചു.