Wed. Jan 22nd, 2025
കാസർകോട്:

താലൂക്ക് ഓഫിസിൽ വിവിധ ആവശ്യങ്ങൾ‌ക്കു ചെന്നാൽ ശുചിമുറിയിൽ പോകണമെങ്കിൽ നെട്ടോട്ടമോടണം. ദിവസവും ആയിരത്തിലേറെ പേർ വന്നു പോകുന്ന ഇവിടെ ഒരു പൊതുശുചിമുറി പോലുമില്ല. കാസർകോട് താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, സബ് ട്രഷറി, സബ് റജിസ്ട്രാർ ഓഫിസ്, ഡിഇഒ ഓഫിസ്, എഇഒ ഓഫിസ്, സർവ ശിക്ഷ അഭിയാൻ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, സബ് ജയിൽ തുടങ്ങിയവ എല്ലാം ഇവിടെ തൊട്ടടുത്തായാണു പ്രവർത്തിക്കുന്നത്.

45 കിലോമീറ്റർ അകലെ ദേലംപാടി, ബന്തടുക്ക പ്രദേശങ്ങളിൽ നിന്നടക്കമുള്ളവർ ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങുന്നു. മൂത്രശങ്ക തോന്നിയാൽ അര കിലോമീറ്റർ അകലെ കെഎസ്ആർടിസി ഡിപ്പോയിലെ ശുചിമുറിയാണ് ഇവർക്ക് ആശ്രയം.ഇവിടെ 3 രൂപ നൽകണം.

താലൂക്ക് ഓഫിസ് വളപ്പിലെ മൂലയിൽ പൊതുശുചിമുറി സ്ഥാപിക്കാൻ നഗരസഭ സഹായം തേടിയതാണ്. എന്നാൽ റവന്യു വകുപ്പ് സ്ഥലം വിട്ടു നൽകാത്തതിനാൽ അതു നടന്നില്ല. സർവശിക്ഷ അഭിയാ‍ൻ അനക്സിൽ പല ദിവസങ്ങളിലും ജില്ലയിലെ അധ്യാപകരുടെയും മറ്റും യോഗങ്ങൾ, ഇന്റർവ്യൂ തുടങ്ങിയവ നടക്കുക പതിവാണ്. ഈ അനക്സിൽ ഒരു ശുചിമുറി മാത്രമാണ് ഉള്ളത്.

ഒറ്റ ശുചിമുറിയിൽ കടന്നു കാര്യം നേടാൻ ക്യൂ നിൽക്കണം. സർവശിക്ഷ അഭിയാൻ ഔദ്യോഗിക ശുചിമുറിയാണിത്. ഏപ്രിൽ– മേയ് മാസങ്ങളിൽ പൈപ്പിൽ വെള്ളം കിട്ടുന്നതും കുറവാണ്. കൂടുതൽ പേർ ഈ ശുചിമുറി ഉപയോഗിക്കുകയും ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം കുറയുകയും ചെയ്യുമ്പോൾ ശുചിത്വം പുറത്താകും. അടിയന്തരമായി ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണമെന്നാണ് ആവശ്യം.