ന്യൂഡൽഹി:
രാജ്യത്ത് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് മധ്യവർഗത്തെ മനസിൽ കണ്ടാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബാങ്കിങ് മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടു വരുമ്പോഴും ഇത് പരിഗണിക്കാറുണ്ട്. സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇത് നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നതിന്‍റെ തെളിവാണെന്നും അവർ പറഞ്ഞു.
ഡെപ്പോസിറ്റ് ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോഴാണ് ധനമന്ത്രിയുടെ പരാമർശം. ബാങ്കുകളിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സ്വന്തം പണം തിരിച്ച് കിട്ടാൻ നിക്ഷേപകർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
അതുകൊണ്ടാണ് നിക്ഷേപകരുടെ താൽപര്യം മുൻനിർത്തി ഡെപ്പോസിറ്റ് ഇൻഷൂറൻസ് പദ്ധതിയിൽ സർക്കാർ മാറ്റങ്ങൾ കൊണ്ട് വന്നത്. മധ്യവർഗക്കാർക്കുള്ള ഗൃഹനിർമ്മാണ പദ്ധതിയിലും മാറ്റങ്ങളുണ്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ രീതിയിൽ റിട്ടേൺ തരാമെന്ന് അറിയിച്ച് ബാങ്കുകൾ എത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉയർന്ന റിട്ടേൺ തരുമ്പോൾ വലിയ റിസ്കും ഉണ്ടാവുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.