Wed. Jan 22nd, 2025
കൊച്ചി:

കാഫ്‌‌കയുടെ ട്രയൽ എന്ന നോവലിലെ ജോസഫ് കെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നോക്കി കാണുകയാണ് ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്കിന്റെ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച K എന്ന മലയാളം ഷോർട്ഫിലിം.

കാഫ്‌കയുടെ നോവലിൽ ജോസഫ് കെ എന്ന കഥാപാത്രത്തെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് അയാൾ ചെയ്ത കുറ്റമെന്താണ് എന്ന് തീരുമാനിക്കപ്പെടുന്നത്. ഭരണകൂടങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് നിരപരാധികൾ പോലും രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് വിചാരണപോലും ഇല്ലാതെ തടവിൽ കഴിയുന്ന കാലത്ത് K കാലത്തിന്റെ രേഖപ്പെടുത്തലാണെന്ന്‌ പിന്നണി പ്രവർത്തകർ പറയുന്നു.

രാജ്യസ്നേഹികളെന്ന് സ്വയം പേര് ചാർത്തുന്ന അഭിനവ ഗീബല്‌സിയന്മാർ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് പോലും ദേശീയതയുടെ മുഖമൂടി മറയായിട്ട് ഉപയോഗിക്കുന്നതെങ്ങനെയെന്ന് കറുത്ത ഹാസ്യത്തിന്റെ ചേരുവകളിലൂടെ K കോറിയിടുന്നു.

ഒറ്റഷോട്ടിൽ ചിത്രീകരിച്ച, ഒരു കഥാപാത്രം മാത്രം ഭൂരിഭാഗം സമയവും സ്‌ക്രീനിൽ വരുന്ന K അമേരിക്കയിലാണ് നിർമ്മിച്ചിട്ടുള്ളത്. അമേരിക്കൻ മലയാളികളായ ബേബി തോട്ടക്കര, ശ്രീജയൻ, ശിൽപ അരുൺവിജയ് എന്നിവരാണ് K യിലെ അഭിനേതാക്കൾ.

സിജിത് രചനയും സംവിധാനവും നിർവഹിച്ച പത്ത് മിനിറ്റിൽ താഴെയുള്ള ഈ ഷോർട്ഫിലിം ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വ‌ർക്കിന്റെ വിമിയോ വീഡിയോ ഓൺ ഡിമാന്റ് പ്ലാറ്റ്‌ഫോമിലും, യൂട്യുബിലും ലഭ്യമാണ്. ഇതിനോടകം ഏഴോളം ചലച്ചിത്ര ഫെസ്‌ടിവലുകളിൽ പ്രാതിനിധ്യം നേടിയിട്ടുണ്ട് ഈ രാഷ്ട്രീയ പ്രാധാന്യമുള്ള ഷോർട്ഫിലിം.