Fri. Nov 22nd, 2024
നെടുമ്പാശേരി:

ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക്‌. ഭക്ഷ്യ- സൗരോർജ ഉല്പ്പാദനമാർഗങ്ങൾ സമന്വയിപ്പിക്കുന്ന അഗ്രിവോൾട്ടായ്ക് കൃഷിരീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കർ വിസ്തൃതിയിലേക്ക്‌ വ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ വലിയ അഗ്രിവോൾട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായി സിയാലിന്റെ സൗരപ്പാടം മാറി.

വിമാനത്താവളപരിസരത്ത് എട്ട് സൗരോർജ പ്ലാന്റുകളാണ് സിയാലിനുള്ളത്. ഏറ്റവും വലിയ പ്ലാന്റ് കാർഗോ ടെർമിനലിനടുത്താണ്. 45 ഏക്കറാണ് വിസ്തൃതി. സോളാർ പിവി പാനലുകൾക്കിടയിൽ ജൈവകൃഷി സിയാൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ തുടങ്ങിയിരുന്നു.

അഗ്രിവോൾട്ടായ്ക് കൃഷിരീതി വ്യാപിപ്പിക്കാൻ 2021 ജൂലൈയിലാണ് ശ്രമം തുടങ്ങിയത്. ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി, മഞ്ഞൾ, കാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഇതുവരെ 80 ടൺ വിളവ്‌ ലഭിച്ചു. സൗരോർജ പാനലുകൾ കഴുകാൻ ഉപയോഗിക്കുന്ന വെള്ളം കൃഷിക്ക്‌ ഉപയോഗിക്കും.

അഗ്രിവോൾട്ടായ്‌ക് രീതിയിലൂടെ സൗരോർജോല്പ്പാദന -കാർഷികമേഖലയ്ക്ക് വലിയ അവസരമാണ് തുറന്നുകിട്ടുന്നതെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. അന്തരീക്ഷതാപം കൂടുന്നതനുസരിച്ച് സൗരോർജ പാനലുകളുടെ കാര്യക്ഷമത കുറയും. പാനലുകൾക്കടിയിൽ ചെടി വളരുന്നത് താപനില കുറയ്‌ക്കും.

പ്ലാന്റുകളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. ദിവസവും 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലഭിക്കുക. ദിവസവുമുള്ള വൈദ്യുതി ഉപയോഗം 1.3 ലക്ഷം യൂണിറ്റാണ്. കെഎസ്‌ഇബി ഗ്രിഡുമായി ഏകോപിപ്പിച്ചാണ് ഊർജോല്പ്പാദനം. പകലുണ്ടാകുന്ന അധികവൈദ്യുതി ഗ്രിഡിലേക്ക് നൽകും. രാത്രി ആവശ്യമുള്ളത് ഗ്രിഡിൽനിന്ന് തിരിച്ചെടുക്കും.