പാലക്കാട്:
അട്ടപ്പാടിയിൽ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ഗർഭിണികളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രഖ്യാപിച്ച നടപടികൾ എങ്ങുമെത്തിയില്ല. അട്ടപ്പാടിയിലെ ഗർഭിണികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു യുദ്ധകാലാടിസ്ഥാനത്തിൽ കർമ പദ്ധതി നടപ്പാക്കുമെന്ന് അട്ടപ്പാടി സന്ദർശിച്ച മന്ത്രിമാരായ കെ രാധാകൃഷ്ണനും വീണാ ജോർജും പ്രഖ്യാപിച്ചെങ്കിലും പ്രത്യേകിച്ചൊന്നും നടന്നില്ല. അട്ടപ്പാടിയിൽ വീണ്ടും ശിശുമരണങ്ങൾ തുടർക്കഥയായതോടെയാണു ഗർഭിണികളുടെ ഹൈ റിസ്ക് പട്ടിക പുറത്തുവന്നത്.
ഐടിഡിപിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗോത്രവിഭാഗത്തിൽപെട്ട 231 ഗർഭിണികളിൽ 187 പേരും ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ്. തുടർച്ചയായ പരിശോധനകളിലൂടെയാണു ഗർഭിണിമാരെ ഹൈ റിസ്കിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അഞ്ചാം മാസത്തിൽ നടത്തുന്ന സ്കാനിങ് ഉൾപ്പെടെ ഇതിൽ നിർണായകമാണ്.
എന്നാൽ കോട്ടത്തറ ആശുപത്രിയിൽ നിലവിൽ സ്കാനിങ്ങിനുള്ള സൗകര്യമില്ല. രണ്ടാഴ്ച കൂടുമ്പോൾ മണ്ണാർക്കാട് നിന്നോ പെരിന്തൽമണ്ണയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ എത്തുന്ന ഡോക്ടർമാരുടെ സൗകര്യം കണക്കാക്കിയാണു സ്കാനിങ് നടത്തുന്നത്.
ഇതു മറികടക്കാൻ കോട്ടത്തറ ആശുപത്രിയിൽ തന്നെ സ്കാനിങ്ങിനായി ഒരു ഡോക്ടറെയും റേഡിയോളജിസ്റ്റിനെയും നിയമിക്കണമെന്നു കോട്ടത്തറ ആശുപത്രിയിലെ മുൻ സൂപ്രണ്ട് ഡോ ആർ പ്രഭുദാസ് ഉൾപ്പെടെയുള്ളവർ പലവട്ടം ആവശ്യപ്പെട്ടതാണ്. ഈ ആവശ്യം ഉടൻ പരിഗണിക്കുമെന്നു മന്ത്രിമാർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. അടുത്തയാഴ്ച മന്ത്രി കെ രാധാകൃഷ്ണൻ വീണ്ടും അട്ടപ്പാടി സന്ദർശിക്കുന്നുണ്ട്.