Wed. Jan 15th, 2025

സിഡ്​നി:

സമകാലീന ടെസ്റ്റ്​ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച്​ ബാറ്റർമാരെ തെരഞ്ഞെടുത്ത്​ ഇതിഹാസ സ്​പിന്നർ ഷെയ്​ൻ വോൺ. ആസ്​ട്രേലിയൻ ഉപനായകൻ സ്റ്റീവൻ സ്​മിത്താണ്​ പട്ടികയിൽ ഒന്നാമത്​. വിരാട്​ കോഹ്​ലി മാത്രമാണ്​ വോണിന്‍റെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരൻ. നാലാമതാണ്​ കോഹ്​ലി.

എല്ലാ സാഹചര്യത്തിലും കരുത്തുറ്റ ബൗളിങ് ​നിരക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്​മിത്താണ്​ പട്ടികയിൽ ഒന്നാമതെന്ന്​ ഫോക്​സ്​ ക്രിക്കറ്റിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോയിൽ വോൺ പറഞ്ഞു. ഇംഗ്ലണ്ട്​ നായകൻ ജോ റൂട്ട്​ രണ്ടാമതും ന്യൂസിലൻഡ്​ നായകൻകെയ്​ൻ വില്യംസൺ മൂന്നാമതുമാണ്​. ഈ കലണ്ടർ വർഷം ആറ്​ സെഞ്ച്വറികളാണ്​ റൂട്ട്​ നേടിയത്​. ഓസീസിന്‍റെ മധ്യനിരയിലെ സ്​ഥിരം സാന്നിധ്യം മാർനസ്​ ലബുഷെയ്​നാണ്​ അഞ്ചാം സ്​ഥാനത്ത്​.​

2019ന്​ ശേഷം ഇതുവരെ കോഹ്​ലിക്ക്​ ഒരു രാജ്യാന്തര സെഞ്ച്വറി പോലും നേടാനായിട്ടില്ല. യു.എ.ഇയിൽ നടന്ന ലോകകപ്പിന്​ മുമ്പ്​ 33കാരൻ ട്വന്‍റി20 ടീമിന്‍റെ നായക സ്​ഥാനം ഒഴിയുകയാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഏകദിന ടീമിന്‍റെ നായക സ്​ഥാനത്ത്​ നിന്നും കോഹ്​ലിയെ ബി.സി.സി.ഐ മാറ്റിയിരുന്നു. രോഹിത്​ ശർമയാണ്​ ഇന്ത്യയുടെ പരിമിത ഓവർ ഫോർമാറ്റുകളിലെ പുതിയ കപ്പിത്താൻ. ടെസ്റ്റിൽ കോഹ്​ലി തന്നെയാണ്​ ഇന്ത്യയുടെ നായകൻ.