Wed. Jan 22nd, 2025
പറവൂർ:

ഓരുജലം തീരദേശവാസികൾക്ക് ഒഴിയാദുരിതമായി മാറി. ഒരാഴ്ചയായി വേലിയേറ്റ സമയത്തു പുഴകളും, തോടുകളും കരകവിഞ്ഞൊഴുകുകയാണ്. പറമ്പുകളിലും വീട്ടുമുറ്റങ്ങളിലും ഉപ്പുവെള്ളം കയറിക്കിടക്കുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര, കൊട്ടുവള്ളിക്കാട്, സത്താർ ഐലൻഡ്, ചെട്ടിക്കാട്, കുഞ്ഞിത്തൈ, മടപ്ലാതുരുത്ത്, പുത്തൻവേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം, വെള്ളോട്ടുംപുറം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ വേലിയേറ്റം ദുരിതം വിതയ്ക്കുന്നു. ചിറ്റാറ്റുകര, ഏഴിക്കര പഞ്ചായത്തുകളിലും പ്രതിസന്ധിയുണ്ട്.

മുൻപൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇത്തരത്തിൽ ഓരുജലം കയറുന്നത്. ഇപ്പോൾ മിക്ക മാസങ്ങളിലും കയറുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു.സത്താർ ഐലൻഡ് നിവാസികൾ സഞ്ചരിക്കുന്ന ഐലൻഡിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുളള വഴിയിൽ വെള്ളം നിറഞ്ഞതോടെ കാൽനടയാത്രയും ഇരുചക്ര വാഹനയാത്രയും ബുദ്ധിമുട്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ ഐലൻഡിൽ ഉണ്ടായ മൃതസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അഴുക്കുവെള്ളത്തിലൂടെ നടക്കേണ്ടിവന്നു. നിറയെ ചെളി ആയതിനാൽ സിമന്റ് ഇഷ്ടിക കൊണ്ട് ഉയർത്തി ചിത നിർമിച്ചാണു സംസ്കാരം നടത്തിയത്. ഐലൻഡ് സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും തീരം, കൽച്ചിറ കെട്ടി സംരക്ഷിക്കണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ ആവശ്യപ്പെട്ടു.

വെള്ളം കയറുന്ന സാഹചര്യം കൂടുതൽ ദിവസങ്ങളിൽ നീണ്ടു നിൽക്കുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്. ദിവസവും രാത്രിയാണു വെള്ളം കയറുക. ഇനിയുള്ള മാസങ്ങളിലും ഇതേ പ്രശ്നം ഉണ്ടാകാമെന്നതു ജനങ്ങളെ ആശങ്കയിലാക്കുന്നു. ദിവസങ്ങളായി വെള്ളം കയറിക്കിടക്കുന്ന വീടുകളുണ്ട്.

ഒട്ടേറെ കൊച്ചു വീടുകളുള്ള പ്രദേശത്തു തുടർച്ചയായി ഓരുജലം കയറുന്നതു കെട്ടിടങ്ങളുടെ ബലക്ഷയത്തിനു കാരണമായേക്കാം. ചില വീടുകളുടെ ഭിത്തികൾക്കു പൊട്ടലുണ്ടായി. കാലപ്പഴക്കം ഇല്ലാത്ത വീടുകൾ പോലും ഇതുമൂലം വാസയോഗ്യമല്ലാതാകാൻ സാധ്യതയുണ്ട്. ഓരുജലം കെട്ടിക്കിടക്കുന്ന മണ്ണിൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്.