ചാവക്കാട്:
ദേശീയപാതയിൽ വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതനെ പൊലീസ് തിരിഞ്ഞു നോക്കിയില്ല. വയോധികൻ മരിച്ച കാര്യം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പൊലീസിനെയും അറിയിച്ചില്ല. ഇതോടെ മൃതദേഹം ബന്ധുക്കളെ കാത്തു മോർച്ചറിയിൽ സൂക്ഷിച്ചത് ആറ് മാസം.
ജൂൺ 11ന് ദേശീയപാത അകലാട് ഇരുചക്ര വാഹനമിടിച്ച് പരിക്കേറ്റ അജ്ഞാതനായ വയോധികനാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടയിൽ മരിച്ചത്. ആറുമാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്കരിച്ചത്. അപകടം സംഭവിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സമയം വയോധികനിൽനിന്ന് മൊഴിയെടുക്കാൻ പൊലീസ് പോയിരുന്നില്ലെന്നാണ് ആക്ഷേപം. ആറ് മാസത്തോളം മെഡിക്കൽ കോളജ് മോർച്ചറിയിൽ കിടന്ന വയോധികനെക്കുറിച്ച് അന്വേഷിക്കണമെന്ന വാർത്ത വടക്കേക്കാട് പൊലീസ് പുറത്തു വിട്ടത് ഇക്കഴിഞ്ഞ ഒന്നിനാണ്.
മൃതദേഹം അപ്പോഴേക്കും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലായി. തമിഴ്നാട് സ്വദേശി എന്ന് തോന്നിപ്പിക്കുന്ന വയോധികെൻറ നെഞ്ചിൽ രണ്ട് വശങ്ങളിലായി മുരുകെൻറയും ശ്രീകൃഷ്ണെൻറയും രൂപങ്ങൾ പച്ചകുത്തിയിരുന്നു. ഒടുവിൽ വടക്കേക്കാട് പൊലീസ് തന്നെ മൃതശരീരം ഏറ്റുവാങ്ങി പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ച പൊലീസിനും ആശുപത്രി അധികൃതർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.