ഇടുക്കി:
നടന്നു പോകാൻ പോലും കഴിയാത്ത വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് ഇടുക്കി തിങ്കള്‍ക്കാട് മന്നാക്കുടിയിലെ ആദിവാസികള്‍. ഊരിലേക്ക് എന്തെങ്കിലുമൊരു സാധനമെത്തിക്കണമെങ്കില്‍ ഏക ആശ്രയം കഴുതകളാണ്. ചെളി നിറഞ്ഞ നടപ്പാത. കാല്‍നട പോലും അസാധ്യം. ദുഷ്കരം.
നെടുങ്കണ്ടം തിങ്കള്‍ക്കാടിന് സമീപം മന്നാക്കുടിയിലെ ആദിവാസി ഊരിലേക്ക് ഈ വഴിയിലൂടെ കിലോമീറ്ററുകള്‍ നടക്കണം. ഏറെ കാലമായി ദുരിതയാത്ര തുടരുന്നവരാണ് ഇവർ. ഇപ്പോള്‍ സർക്കാർ അനുവദിച്ച വീടിന്റെ നിർമാണം നടക്കുകയാണ്.
ഈ വഴിയിലൂടെ നിർമാണ സാമഗ്രികള്‍ ഊരിലെത്തിക്കാന്‍ കാല്‍നടയായി ചുമന്ന് കൊണ്ടുപോവുക അസാധ്യം. പിന്നെ ഇവർ കണ്ട പോംവഴിയാണ് കഴുതകള്‍. തമിഴ്നാട്ടില്‍ നിന്നെത്തിച്ച കഴുതകളുടെ ചുമലില്‍ നിർമാണ വസ്തുക്കളേറ്റി നടത്തും.എല്ലായിടത്തെയും പോലെ ഏറെ വാഗ്ദാനങ്ങള്‍ കേട്ടവരാണ് മന്നാക്കുടിയിലെ ആദിവാസികളും.
റോഡ് നിർമിച്ച് തരാം, കുടിവെള്ളമെത്തിക്കാം, എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ എത്രയെത്ര വാഗ്ദാനം. വോട്ട് വാങ്ങിക്കഴിഞ്ഞാല്‍ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഒരു രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കസേരയിലിരുത്തി ചുമന്ന് റോഡിലെത്തിക്കേണ്ട അവസ്ഥയാണ് ഈ ഊരുകാർക്ക്.