Mon. Dec 23rd, 2024
ചെറുപുഴ:

കർണാടക വനംവകുപ്പ് തേജസ്വിനിപ്പുഴയുടെ തീരം വരെ കയ്യേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. വനത്തിനു സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തുടങ്ങിയിട്ടും വർഷങ്ങളായി. ഇതിനിടയിലാണു കേരളത്തിലൂടെ ഒഴുകുന്ന തേജസ്വിനിപ്പുഴയുടെ തീരത്തു കർണാടക വനംവകുപ്പ് അതിർത്തിക്കല്ല് സ്ഥാപിച്ചത്.

ഇതിനെ ചോദ്യം ചെയ്യാൻ പോലും കേരളത്തിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തത് ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്. ഏഴിമല -പയ്യന്നൂർ- പുളിങ്ങോം-ബാഗമണ്ഡലം സംസ്ഥാനാന്തര പാതയുടെ പേരിൽ തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു കൂറ്റൻ പാലം നിർമിച്ചതു തന്നെ ഒത്തുകളിയുടെ ഭാഗമാണെന്നു പറയപ്പെടുന്നു. അനുമതി ലഭിക്കാത്ത പാതയുടെ പുളിങ്ങോം ഭാഗത്തു എന്തിനു പാലം നിർമിച്ചുവെന്ന ചോദ്യത്തിനു ഉത്തരം നൽകാൻ അധികൃതർക്ക് സാധിക്കുന്നില്ല.

കേരളം നിർമിച്ച പാലം കൊണ്ടു ഇപ്പോൾ കർണാടക വനംവകുപ്പിനു മാത്രമാണു ഗുണം. ഇവർക്കു എപ്പോൾ വേണമെങ്കിലും പാലം കടന്നു കേരളത്തിലേക്ക് പ്രവേശിക്കാം. എന്നാൽ മലയാളികൾക്ക് പാലത്തിനു അപ്പുറം കടക്കാൻ കർണാടക വനംവകുപ്പിന്റെ അനുമതി വേണം. ഇതോടെ ആറാട്ട്കടവ് കോളനിയിൽ താമസിക്കുന്നവർക്ക് കാൽനടയാത്ര മാത്രമാണു ആശ്രയം.

ഇപ്പോൾ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നു കാൽനടയാത്ര ചെയ്യാനും സാധിക്കുന്നില്ല. പുഴ കടന്നു കിലോമീറ്ററുകൾ യാത്ര ചെയ്താണു കോളനി നിവാസികൾ ഇപ്പോൾ പുളിങ്ങോം ടൗണിലെത്തുന്നത്. ഇതിനുപുറമെ പാലത്തിലും കർണാടക വനംവകുപ്പ് അനധികൃതമായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

അതിർത്തിയെ ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ഇവിടെയ്ക്കു പൊലീസിനെയും പഞ്ചായത്തിനെയും അറിയിക്കാതെ റവന്യൂ ഉദ്യോഗസ്ഥർ എത്തിയതിലും ദുരൂഹതയുണ്ട്.