കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ് പോയ 380 സമരദിവസങ്ങളെ, ഒരു ദിവസം പോലും മുടങ്ങാതെ തന്നെ, റിപ്പോർട്ട് ചെയ്തയാളാണ് പ്രമുഖ ഇംഗ്ളീഷ് നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ അമൻ ദീപ് സന്ധു.
കഴിഞ്ഞ ഒരു വർഷമായി കർഷക സമരത്തെ കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലും ബ്ലോഗിലും അദ്ദേഹം എഴുതുന്നുണ്ട്. മാധ്യമങ്ങളെ വിശ്വസിക്കാതെ കർഷകസമരത്തിൻ്റെ യഥാർത്ഥ വിവരങ്ങൾക്ക് മിക്കവരും ആശ്രയിക്കുന്നത് അദ്ദേഹത്തിൻ്റെ പോസ്റ്റുകളെയാണ്. എത്രാമത്തെ ദിവസമാണ് സമരം എന്നും എത്ര കർഷകർ മരിച്ചുവെന്നും അടയാളപ്പെടുത്തിയാണ് ഓരോ പോസ്റ്റും തുടങ്ങുന്നത്.
ഭരണകൂടത്തിന്റെ അനീതിക്കെതിരെയും കർഷകരുടെ അവകാശങ്ങൾക്കും വേണ്ടി എഴുതുന്ന അമൻ ദീപ് സന്ധു, The Caravan, Scroll.in, The Hindu തുടങ്ങി നിരവധി മാധ്യമങ്ങളിലും എഴുതാറുണ്ട്. ‘സെപിയ ലീവ്‌സ്’, ‘റോള്‍ ഓഫ് ഓണര്‍’, ‘പഞ്ചാബ്; ജേർണി ത്രൂ ഫോൾട്ടി ലൈൻസ്’ എന്നീ മൂന്നു പുസ്തകങ്ങളും അമന്ദീപ് എഴുതിയിട്ടുണ്ട്.
(കർഷക സമരത്തെക്കുറിച്ചും, നിലവിലെ രാജ്യത്തെ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും, വോക്ക് മലയാളം അമൻദീപ് സന്ധുവുമായി നടത്തിയ അഭിമുഖം)
കർഷക സമരത്തിന്റെ ആദ്യ ദിവസം മുതൽ എല്ലാ ദിവസവും സമരത്തെക്കുറിച്ച് നിങ്ങൾ ഫേസ്ബുക്കിലും ബ്ലോഗിലും എഴുതി പോസ്റ്റ് ചെയ്യാറുണ്ടല്ലോ. ഇങ്ങനെ ദിവസേന എഴുതാനുള്ള നിങ്ങളുടെ പ്രചോദനം എന്തായിരുന്നു?
എനിക്ക് ഒന്നിലധികം പ്രചോദനങ്ങൾ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ബിജെപിക്കും, കഴിഞ്ഞ ഏഴ് വർഷമായി അവർ രാജ്യത്ത് നടത്താൻ ശ്രമിക്കുന്ന ഹിന്ദുത്വവൽക്കരണത്തിനും ഞാൻ എതിരാണ്. ആന്റി സിഎഎ, കശ്മീർ, നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങി അനവധി പ്രതിരോധങ്ങളെ ഞാൻ അനുകൂലിച്ചിരുന്നു.
പക്ഷേ ഈ വിഷയങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വെറുതെ ശബ്ദമുണ്ടാക്കിയിട്ട് അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ഈ പ്രാവശ്യം കർഷക നിയമത്തിനെതിരെ ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് നമ്മൾ കണ്ടു. ഈ വിഷയത്തിൽ വെറുതെ ഒരു ലേഖനം എഴുതുന്നതിൽ നിന്നോ, സാമൂഹികമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നതിൽ നിന്നോ വ്യത്യസ്തമായിരുന്നത്. അപ്പോഴാണ് ഈ വിഷയത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന ചിന്ത വരുന്നത്.
രണ്ടാമതായി ഞാനൊരു സിഖ് കുടുംബത്തിലാണ് ജനിച്ചത്. 1994 ൽ എന്താണ് നടന്നതെന്ന് ഞാൻ കണ്ടതാണ്, പതിനഞ്ച് വർഷത്തോളം പഞ്ചാബിൽ പട്ടാളത്തിന്റെ അക്രമം ഞാൻ കണ്ടതാണ്. അതുകൊണ്ട് തന്നെ ഗവണ്മെന്റ് വീണ്ടുമിത് ആവർത്തിക്കുമോയെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. 1994 ൽ കോൺഗ്രസ് ആയിരുന്നെങ്കിൽ ഇപ്പോൾ ബിജെപിയാണ് ഭരിക്കുന്നതെന്ന വ്യത്യാസമുണ്ടെങ്കിലും സ്റ്റേറ്റ് ഒന്നാണ്, അതിനു വലിയ ശക്തിയുണ്ടെന്നു എനിക്കറിയാം.
മൂന്നാമതായി പഞ്ചാബിന്റെ ചരിത്രത്തിൽ നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. അധികവും നല്ല കാര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. പക്ഷേ എന്നൊക്കെ യുദ്ധങ്ങൾ അക്രമാസക്തം ആയിട്ടുണ്ടോ, അന്നൊക്കെ പഞ്ചാബിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്രമാസക്തമാവാതെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് വളരെ പ്രധാനമായിരുന്നു. അതേസമയം പഞ്ചാബ് എന്തിനാണ് പ്രതിഷേധിക്കുന്നത് മറ്റു ഇന്ത്യക്കാർക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ കർഷകർക്ക് പറയാനുള്ളത് എന്താണെന്നും നമ്മുടെ കാഴ്ച്ചപ്പാടുകൾ എന്താണെന്നും മറ്റുള്ളവരെ അറിയിക്കണമായിരുന്നു.
മറ്റൊരു കാര്യം മുഖ്യധാര മാധ്യമങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ്. അവർ കാര്യങ്ങൾ തെറ്റായാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് അപ്പുറത്തേക്ക് സമരത്തെ കുറിച്ച് ഒരു സാമൂഹിക വിവരണം നൽകേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നു. മറ്റൊരു അർത്ഥത്തിൽ സത്യം പറയാൻ മാധ്യമങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എനിക്ക് കഴിയാത്തതു കൊണ്ട് ഞാൻ തന്നെ സത്യങ്ങൾ എഴുതാൻ തുടങ്ങി.
അവസാനത്തെ കാരണം, അഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ പഞ്ചാബിലേക്ക് പോയി അവിടത്തെ ആളുകളെയും സ്ഥലങ്ങളെയും അറിയുകയും, അതെന്റെ പുസ്തകമായ Punjab: journey through faulty lines എന്ന പുസ്തകത്തിൽ എഴുതുകയും ചെയ്തിരുന്നു. പൂർണമായും എന്ന് പറയാൻ ആകില്ലെങ്കിലും പല ഇന്ത്യക്കാർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ പഞ്ചാബിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഈ കർഷകസമരവും ഒരു തരത്തിൽ അവരെ കൂടുതൽ അറിയാനുള്ള ഉപാധിയായിരുന്നു, അല്ലെങ്കിൽ എന്റെ പുസ്തകത്തിന്റെ ബാക്കിയായിരുന്നു.
എന്തുകൊണ്ടാണ് കർഷകരോടുള്ള അനീതിക്കെതിരെ പ്രതികരിക്കാൻ എഴുത്ത് ഒരു ആയുധമാക്കിയത് ?
ഞാനൊരു എഴുത്തുകാരനായിരുന്നു എന്നത് തന്നെയാണ് കാരണം. നമ്മുടെ ചിന്തകൾ മറ്റൊരാളുമായി പങ്കുവെയ്ക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് എഴുത്ത്. ഞാൻ അത് തന്നെ തിരഞ്ഞെടുത്തു.
പിന്നെ സൂക്ഷ്മമായി നോക്കുകയാണെങ്കിൽ സമരത്തിന്റെ തുടക്കം മുതൽ തന്നെ കർഷകർ രണ്ടു തട്ടിലാണ് പോരാടിയിരുന്നത് എന്ന് മനസ്സിലാക്കാം. ഒന്ന് താഴെത്തട്ടിലെ പോരാട്ടമാണ്. സർക്കാർ അവരിലുണ്ടാക്കുന്ന എല്ലാ അതിക്രമങ്ങളെയും നേരിട്ട് കൊണ്ട് ഒരുമിച്ച് നിൽക്കാനുള്ള പോരാട്ടം. രണ്ടാമത്തേത് ആഖ്യാനപരമായ യുദ്ധങ്ങളെ നേരിടാനുള്ള പോരാട്ടമാണ്. കോർപറേറ്റിനെയോ, മാധ്യമങ്ങളെയോ ഉപയോഗിച്ച് ഗവണ്മെന്റ് നടത്തുന്ന അത്തരം യുദ്ധങ്ങളെ തരണം ചെയ്തേ മതിയാകൂ. ഈ രണ്ട് പോരാട്ടങ്ങൾക്കും ഞാൻ എഴുത്തിനെ ആയുധമാക്കുകയായിരുന്നു.
നിങ്ങളുടെ എഴുത്തുകൾ എല്ലായ്‌പ്പോഴും സമരത്തിന്റെ കൃത്യമായ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ എഴുത്തുകൾ അവരിൽ സ്വാധീനം ചെലുത്തിയെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിരവധി ആളുകളും മാധ്യമങ്ങളും സമരത്തെ കുറിച്ച് തെറ്റായ വിവരം നൽകുന്നതിനാൽ എപ്പോഴെങ്കിലും എഴുത്തിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടുണ്ടോ?
എന്റെ എഴുത്തുകൾ എന്ത് സ്വാധീനമാണ് അവരിൽ ഉണ്ടാക്കിയതെന്ന് എനിക്ക് അറിയില്ല. പക്ഷെ വിവാദങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ ഗവണ്മെന്റിന്റെ വിശദീകരണം ശരിയാണെന്നു അന്ധമായി വിശ്വസിക്കുന്ന ആളുകളെ ഞാൻ ശ്രദ്ധിക്കാറില്ല. അവർ വെറും അവസരവാദികളും കാപട്യക്കാരുമാണ്. അവർക്ക് സമരത്തെ കുറിച്ച് മറ്റൊന്നും അറിയില്ല.
ചില സമയങ്ങളിൽ ഞാൻ സാമൂഹികമാധ്യമം ഉപയോഗിക്കുന്നത് നിർത്തുമെന്ന് പറയാറുണ്ട്. നമ്മൾ എപ്പോഴും ഇതിനുവേണ്ടി പണിയെടുക്കുമ്പോൾ സ്വഭാവികമായും ക്ഷീണിക്കുമല്ലോ. പക്ഷേ എല്ലാവരും ചെയ്യരുതെന്നാണ് എന്നോട് പറയാറുള്ളത്. ചിലപ്പോൾ നമ്മൾ ഒരു പോസ്റ്റ് ഇട്ടാൽ 30 ലൈക്ക് കിട്ടും, 50 ആളുകൾ കമന്റ് ചെയ്യും, 10 ആളുകൾ ഷെയർ ചെയ്യും. അപ്പോൾ നമ്മൾ വിചാരിക്കും ഈ പോസ്റ്റ് ഇത്ര പേരിലേക്കേ എത്തുകയുള്ളൂവെന്ന്. പക്ഷേ യഥാർത്ഥത്തിൽ വ്യത്യസ്ത മാധ്യമത്തിലൂടെ പലരിലേക്കും ഇതു എത്തുന്നുണ്ട്. പലരും എന്റെ പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ എന്നെ ടാഗ് ചെയ്യാറുണ്ട്.
എന്റെ അഭിപ്രായത്തിൽ അതിന്റെ ആവശ്യമില്ല. എന്റെ പേരിനവിടെ പ്രസക്തിയില്ല. പകരം എഴുതിയത് നിങ്ങൾ വായിച്ച് മനസ്സിലാക്കുക, മറ്റുള്ളവരിലേക്ക് ആ ആശയം എത്തിക്കുക. പലരും പറയാറുണ്ട് എന്റെ പോസ്റ്റുകൾ പലതും വാട്സ്ആപ്പിലൂടെയും ട്വിറ്ററിലൂടെയും അവർക്ക് ലഭിക്കാറുണ്ടെന്ന്. വളരെ നല്ല കാര്യമെന്നു ഞാൻ അവരോട് പറയും.കാരണം ഞാൻ എഴുത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതും അതാണ്. ഒരു വിവരം ഏറ്റവും കുറഞ്ഞത് മൂന്ന് സ്രോതസ്സിൽ നിന്നെങ്കിലും ഉറപ്പാക്കിയ ശേഷമേ ഞാൻ എഴുതാറുള്ളു.
ഈ ലോകത്ത് നമുക്ക് എഴുത്തുകളെ വിശ്വസിക്കാനാവില്ല, വാർത്തമാധ്യമങ്ങൾ നമ്മളോട് പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാവില്ല, അവരുടെ ചിത്രീകരണം വിശ്വസിക്കാനാവില്ല. അതുകൊണ്ട് നമുക്ക് വിശ്വസിക്കാനാവുന്ന ഇടങ്ങൾ നമ്മൾ തന്നെ ഉണ്ടാക്കണം. ഞാൻ ചെയ്യുന്നതും ആസ്വദിക്കുന്നതും ആ ഒരു കാര്യമാണ്.
കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ കർഷക സമത്തിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായത്തിൽ സമരത്തെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? ഇത് സമൂഹത്തിന് നൽകിയ സന്ദേശമെന്താണ്?
കർഷകരെ വിജയത്തിലേക്ക് നയിച്ചതിനു നിരവധി കാരണങ്ങളുണ്ട്. പക്ഷേ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് എന്തിനാണ് ഗവണ്മെന്റ് നിയമങ്ങൾ പിൻവലിച്ചതെന്ന് ആർക്കുമറിയില്ല എന്നതാണ്. അതിനെക്കുറിച്ച് ഒന്നും ഒരാൾക്കുമറിയില്ല.
സമരത്തിൽ ഇതുവരെ 711 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. നൂറിലധികം ആളുകൾക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. നൂറിലധികം ഡോക്ടർമാർ അവിടെ ഉണ്ടായിരുന്നു. കൃഷിയിടങ്ങളിൽ പണിയെടുക്കേണ്ടവർ സമരത്തിനിറങ്ങിയപ്പോൾ എത്ര വിഭവങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ആർക്കുമറിയില്ല. ഒരു വർഷത്തിനിടെ എത്ര ഭക്ഷണമുണ്ടാക്കി, എത്ര വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് ഓരോരുത്തരും കടന്ന് പോയത്. ഇതിനെക്കുറിച്ചെല്ലാം ഗവണ്മെന്റ് ബോധവാന്മാരാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പക്ഷേ ഇതു പരിഗണിച്ചാണ് അവർ കാർഷികനിയമങ്ങൾ പിൻവലിച്ചതെന്ന് തോന്നുന്നുമില്ല. പകരം തങ്ങൾക്ക് കർഷകരെ ജയിക്കാനാവില്ലെന്ന് മനസ്സിലാക്കിയിട്ടാകാനാണ് സാധ്യത. ഒരു വർഷം നീണ്ട അപവാദപ്രചാരണത്തിൽ തളരാതെ, അങ്ങേയറ്റം തണുപ്പിലും, പൊള്ളുന്ന വേനലിലും, പ്രളയത്തിലും, കോവിഡിനിടയിലും അവർ പ്രതിരോധം തീർക്കുകയായിരുന്നു.
കർഷകരെ തോല്പിക്കാനാവില്ലെന്ന് ഗവണ്മെന്റിന് മനസിലായി. അങ്ങനെ ഭരണഘടന വിരുദ്ധമായി മോദി വീണ്ടും നിയമങ്ങൾ പിൻവലിച്ചു. കാരണം നിയമം പിൻവലിക്കാൻ ക്യാബിനറ്റിന്റെ അനുമതി വന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. അതിനു ശേഷം മാത്രമേ പ്രസിഡന്റ് ഒപ്പുവെയ്ക്കുകയുള്ളു. അപ്പോൾ അതിനു മുൻപേ നിയമം പിൻവലിച്ചെന്ന പ്രഖ്യാപനത്തിലൂടെ മോദി എന്താണ് ഉദ്ദേശിച്ചത്? ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതാണ്. നമ്മൾ വിചാരിക്കുന്ന ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന്. പക്ഷേ ഇത് ഒരു ഏകധിപത്യരാജ്യമാണ്. നമ്മൾ ജീവിക്കുന്നത് തന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്ന ഒരു ഭരണാധികാരിക്ക് കീഴിലാണ്. എന്തു ചെയ്യണമെന്ന്, ചെയ്യേണ്ടായെന്ന് അയാൾ തീരുമാനിക്കുന്നു, ബാക്കി ഉള്ളവർ അത് പിന്തുടരുന്നു.
യുപി തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നിയമം പിൻവലിച്ചതെന്ന് പറയുന്നവരോട് അതിൽ എന്താണ് തെറ്റെന്നാണ് ഞാൻ ചോദിക്കുന്നത്. ഗവണ്മെന്റിന് മനസ്സിലായി സമരത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് ജനകീയ പിന്തുണ ലഭിക്കില്ലെന്ന്. കർഷകർ കുറച്ച് ദിവസം കഴിഞ്ഞാൽ സമരം അവസാനിപ്പിക്കുമെന്ന് കരുതിയ ഗവണ്മെന്റിന് കിട്ടിയ അടിയായിരുന്നു അത്.
നിയമം പിൻവലിച്ചതിനു ശേഷം തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ച് സംയുക്ത കിസാൻ മോർച്ച മോദിക്ക് കത്തയച്ചിരുന്നു. കർഷകരുടെ മേൽ അനാവശ്യമായി ചുമത്തിയ കേസുകൾ എടുത്തുകളയണമെന്നായിരുന്നു പ്രധാന ആവശ്യം. ഹരിയാനയിൽ മാത്രം 48 കർഷകരുടെ പേരിൽ കേസുകളുണ്ട്. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി, കർണാടക തുടങ്ങി നിരവധി ഇടങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഗവണ്മെന്റ് എന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചോ, അന്ന് കർഷകരുടെ സമരം ശരിയായിരുന്നുവെന്ന് തെളിഞ്ഞു.
പിന്നെ എന്താണ് ഈ കേസുകൾ? കർഷകർ ആരെയും കൊന്നിട്ടില്ല, ഒരു അക്രമണത്തിലും ഏർപ്പെട്ടിട്ടില്ല, പൊതുമുതൽ നശിപ്പിച്ചിട്ടില്ല. എല്ലാം പൊലീസ് കെട്ടിച്ചമച്ച കേസുകളാണ്. സമരം ചെയ്യുന്ന അവരെ ഭയപ്പെടുത്തുവാൻ വേണ്ടി, ഗവണ്മെന്റിനോട് പൊരുതാനാവില്ലെന്ന് കാണിക്കാൻ വേണ്ടി ചെയ്യുന്നതാണ്. കത്തിൽ ഇതുവരെ ഒരു മറുപടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതിൽത്തന്നെ അവരുടെ നിലപാട് വ്യക്തമാണ്. കർഷകർ ക്ഷീണിക്കണം, അവർ തമ്മിലിടിക്കണം, എന്നിട്ട് തങ്ങൾ പ്രതിഷേധത്തിന് മേൽ വിജയം നേടിയതായി അറിയിക്കണം. ഒരു ജനാധിപത്യ നഗരത്തിൽ ഇത് വളരെ സങ്കടകരമാണ്. ഇന്ത്യയിൽ ദാരിദ്യത്തിനെതിരെ, വിദ്യാഭാസത്തിനു വേണ്ടി, ജാതീയതക്കെതിരെ, ആരോഗ്യമേഖലയ്ക്ക് വേണ്ടി പോരാടാനുണ്ട്. പക്ഷെ നമ്മൾ ഇപ്പോളും പോരാടുന്നത് ഗവണ്മെന്റിനോടാണ്.
നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അവരുടെ ഫീഡിൽ ലഭിക്കുന്നില്ലെന്ന് നിരവധി ആളുകൾ പറയുന്നുണ്ടല്ലോ. ഫേസ്ബുക്ക് അൽഗോരിതം തീരുമാനിക്കുന്നതും ഇപ്പോൾ സർക്കാരാണോ? ഈ വിഷയത്തെ എങ്ങനെയാണ് നിങ്ങൾ വിശകലനം ചെയ്യുന്നത്?
ഫേസ്ബുക്ക് അൽഗോരിതം തീരുമാനിക്കുന്നത് സർക്കാർ തന്നെയാണ്. പക്ഷേ ഞാനിത് ശ്രദ്ധിക്കാറില്ല. ആരാണ് പോസ്റ്റ് വായിക്കുന്നത്, വായിക്കാത്തത് എന്ന് ഞാൻ ശ്രദ്ധിക്കാറില്ല. ഫേസ്ബുക്ക് എന്നെ വിലക്കുകയാണെങ്കിൽ എന്റെ വെബ്സൈറ്റിൽ ഞാൻ എഴുതും. ഞാനെഴുതുന്നത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തെ രേഖപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ്. എന്റെ അഭിപ്രായത്തിൽ എനിക്കതിനു കഴിഞ്ഞിട്ടുണ്ട്.
കർഷകസമരം എത്രത്തോളം യുവാക്കൾക്കിടയിലെ “സോഷ്യൽ മീഡിയ” സംസ്കാരത്തിന്റെ ഭാഗമായിരുന്നു? സമരത്തിൽ അവരുടെ പങ്കാളിത്തം എത്രത്തോളമുണ്ടായിരുന്നു?
തീർച്ചയായും സമരത്തിൽ വലിയൊരു പങ്കാളിത്തം ചെറുപ്പക്കാർക്ക് ഉണ്ടായിരുന്നു. പക്ഷേ സമരത്തിന് വലിയ പ്രചോദനമായത് നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരുമാണെന്നാണ് എന്റെ അഭിപ്രായം. എന്നാൽ കർഷരുടെ ശബ്ദമാവാൻ ഇവിടെ ഒരു വാർത്തമാധ്യമം ഇല്ലാതിരുന്ന സമയത്ത് യുവാക്കളാണ് മാധ്യമം ആരംഭിച്ചത്. ഇപ്പോൾ കർഷകർക്ക് സ്വന്തമായി ട്വിറ്റർ പേജുകളുണ്ട്, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നതും യുവാക്കളാണ്. അവർ ഇന്റർനെറ്റ് ആസക്തരാണ്. അവർക്ക് അറിയാം ഇതെങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന്. ഒരു വർഷത്തോളം ട്വിറ്ററിൽ കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ചുള്ള ഹാഷ്ടാഗുകൾ ട്രെൻഡിംഗ് ആയിരുന്നു.
പക്ഷേ ഈ ഹാഷ്ടാഗുകൾ കൊടുത്താൽ ഫേസ്ബുക്കിൽ നമ്മുടെ പോസ്റ്റുകൾ അടിച്ചമർത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ കിസാൻ ആന്തോളൻ എന്നാണ് ഞാൻ കൊടുക്കാറുള്ള ഹാഷ്ടാഗ്. എന്നിട്ടും നമ്മുടെ പോസ്റ്റുകൾ ആർക്കും കാണാതെ വന്നപ്പോൾ അതിനെ തിരിച്ചടിക്കാൻ നമ്മൾ പഠിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഒരു ലൈക്കും പോസ്റ്റിനു വന്നില്ലെങ്കിൽ നമ്മൾ തന്നെ കമന്റ് ചെയ്യണം. അപ്പോൾ വീണ്ടും ആളുകളിലേക്കെത്തും. ഏറ്റവും മോശമായ അൽഗോരിതം ആണ് ഫേസ്ബുക്കിനുള്ളത്.
2020 സെപ്റ്റംബർ 24-ന് പഞ്ചാബിലെ കർഷകർ മൂന്ന് ദിവസത്തെ റെയിൽ രോക്കോ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 2021ഡിസംബർ ആയി. ഏതാണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധം ഒരു തരത്തിലും എളുപ്പമല്ല. വേദനാജനകമായ വിശദാംശങ്ങളും ക്രമീകരണങ്ങളും നടത്തേണ്ടതുണ്ട്. സമരത്തിന്റെ ഭാഗമായ ആളെന്ന നിലയിൽ, പ്രതിഷേധത്തിന്റെ ഒരു ദിവസം എങ്ങനെയിരിക്കും, എന്താണ് സംഭവിക്കുന്നതെന്ന് പറയാമോ? ക്രമീകരണങ്ങൾ എങ്ങനെയാണ് ചെയ്യുന്നത്? അവർ എങ്ങനെയാണ് ഒരുങ്ങുക, ഭക്ഷണം ഉണ്ടാക്കുക, ഭക്ഷണം കഴിക്കുക, തെരുവിൽ ഉറങ്ങുക?
എല്ലാവർക്കും സുരക്ഷിതമായി ഉറങ്ങാനുള്ള ഒരിടം എല്ലാവരും കണ്ടെത്തിയിട്ടുണ്ട്. സമരങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സിംഖുവിലും (Singhu), ഖസിപൂരിലും (Ghazipur) നിരവധി ഗുരുദ്വാരകളും സംഘടനകളും ഉണ്ട്. അവിടെയെല്ലാം ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭിക്കും. പിന്നെ ഓരോ ഇടങ്ങളിലും ഒരു ദിവസം എന്നത് വ്യത്യസ്തമായിരിക്കും. ഭക്ഷണത്തിലടക്കം ഈ വ്യത്യാസമുണ്ട്. പക്ഷെ എല്ലായിടങ്ങളിലും കർഷകർ ഉറങ്ങുന്നത് റോഡിലാണ് എന്നതിൽ മാത്രം വ്യത്യാസമില്ല.
അവരുടെ ഒരു സാധാരണ ദിവസം പുലർച്ചെ നാലുമണിക്ക് ആരംഭിക്കും. പ്രഭാതകൃത്യങ്ങൾ നിർവഹിക്കും. അവർക്ക് വേണ്ട ഭക്ഷണം അവർ തന്നെ ഉണ്ടാക്കി കഴിക്കും. ശേഷം സ്റ്റേജിനടുത്തേക്ക് പോകും. ഏതെങ്കിലുമൊരു പ്രാസംഗികൻ അവിടെ വന്നു സംസാരിക്കും. ഒരു വർഷം ഒക്കെ ആയതോടെ പ്രസംഗികനെ കിട്ടാനും പ്രയാസമായി. അതുകൂടാതെ എല്ലാവരും പറയുന്നതും ഒരേ കാര്യമാവും. അതുകൊണ്ട് തന്നെ കർഷകർക്ക് വളരെ വിരസതയാണ് അനുഭവപ്പെടുന്നത്. ശേഷം ഉച്ചഭക്ഷണം കഴിക്കും. വൈകീട്ട് എന്തെങ്കിലും കളികളിൽ അവർ ഏർപ്പെടുകയോ, പരസ്പരം സംസാരിക്കുകയോ, മൊബൈലിൽ എന്തെങ്കിലും കാണുകയോ ഒക്കെ ചെയ്യും. അടുത്ത ദിവസത്തേക്ക് എന്തേലും തയ്യാറാക്കാനുണ്ടെങ്കിൽ അത് ചെയ്യും. പിന്നെ സമരങ്ങളിൽ എല്ലാവരും എട്ടുമണിയാകുമ്പോഴേക്ക് ഉറങ്ങും.
ഏതാണ്ട് അവരുടെ ഗ്രാമജീവിതത്തിനു സമാനമായിരുന്നു സമരത്തിലും ഉണ്ടായിരുന്നത്. ഗ്രാമങ്ങളിലും അവർ പുലർച്ച എഴുന്നേൽക്കും. നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും നമുക്ക് ചായക്ക് വേണ്ട പാൽ അവർ തരണമെങ്കിൽ, അവർ എപ്പോൾ എഴുന്നേൽക്കണമെങ്കിൽ നമുക്ക് ഊഹിക്കാവുന്നതല്ലെയുള്ളൂ. എന്നാലും ഇങ്ങനെ സമരം ചെയ്യുന്ന അവരെ ബഹുമാനിച്ചേ മതിയാകൂ.
ഇത്രകാലം അവർ എങ്ങനെയാണ് സമരം ചെയ്തിരുന്നത്? അവർ വീടുകളിൽ പോയി വരുമായിരുന്നോ? കർഷകർ സമരത്തിന് വന്നാൽ ആരാണ് അവരുടെ വീടും കൃഷിയും നോക്കുക?
ആദ്യത്തെ രണ്ട് മാസക്കാലം പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് വിതച്ചു വന്നതായിരുന്നു. അതുകൊണ്ട് തന്നെ വെള്ളമൊഴിക്കൽ പോലെ ചെറിയ പണികൾ അല്ലാതെ അവരുടെ പാടത്ത് അധിക പണികൾ ഇല്ലായിരുന്നു. ഒരു കർഷകൻ സമരത്തിന് പോവുകയാണെങ്കിൽ അടുത്ത പാടത്തുള്ളവർ അയാളുടെ കൃഷികൂടെ നോക്കും. പക്ഷേ രണ്ട് മാസം കഴിഞ്ഞിട്ടും സമരം തുടർന്നപ്പോൾ ഇത് അടുത്തകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് കർഷകർക്ക് മനസിലായി. അതുകൊണ്ട് തന്നെ ഓരോ ഗ്രാമത്തിലും ഒരു സമയപട്ടികയുണ്ടാക്കി. ഒരിടത്തു നിന്നും നാലോ അഞ്ചോ ആളുകൾ പതിനഞ്ച് ദിവസത്തേക്ക് സമരത്തിനായി ബോർഡറിലേക്ക് പോകും. ഇവർ തിരിച്ചു വന്നാൽ അടുത്ത ഒരു കൂട്ടം ആളുകൾ പോകും. എല്ലാ വീടുകളിൽ നിന്നും അരിയും മറ്റു ഭക്ഷ്യവസ്തുക്കളും സ്വരൂപിച്ച് ഇതും കൊണ്ടാണ് കർഷകർ ഓരോ വട്ടവും സമരത്തിന് പോവുക.
കോവിഡ് അധികമായപ്പോൾ കർഷകരുടെ എണ്ണം കുറഞ്ഞെങ്കിലും ഈ രീതി തുടർന്ന് പോയിരുന്നു. സമരത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ, സമരത്തിനെതിരെ ആക്രമണം നടത്തിയാലോ, 6 -8 മണിക്കൂറിനുള്ളിൽ സമരം നടക്കുന്നതിനിടത്തേക്ക് എത്തിച്ചേരാനാകുമെന്ന് കർഷകർക്ക് വിശ്വാസമുണ്ടായിരുന്നു. അത് കഴിയുമെന്ന് ജനുവരി 28 ന് അവർ തെളിയിച്ചതുമാണ്. ടിക്രയിലേക്ക് വെള്ളം ആവശ്യം വന്ന ആ രാത്രി ഹരിയാനയിൽ നിന്നും ആയിരം യുവാക്കൾ രാത്രി യാത്ര ചെയ്ത വന്ന് പുലർച്ചെ നാലുമണിയാകുമ്പോഴേക്ക് വെള്ളം എത്തിച്ചത് അന്നായിരുന്നല്ലോ. കർണാൽ അപകടം നടന്ന സമയത്തും ഇത് തന്നെയായിരുന്നല്ലോ സംഭവിച്ചത്. പതിനായിരങ്ങൾ ഡിസി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒരു മണിക്കൂർ കൊണ്ട് രണ്ട് ലക്ഷമായത് കാണിക്കുന്നത് കർഷകരുടെ ഏകോപിതമായ ജനനീക്കമാണ്. എവിടെ തങ്ങുമെന്നോ, എവിടെ നിന്ന് ഭക്ഷണം കഴിക്കുമെന്നോ ചിന്തിക്കാതെ ഏറെ വൈകിയും കർഷകർ അവിടേക്ക് എത്തുകയായിരുന്നു. എല്ലാ മൊബൈൽ ഫോൺ നെറ്റ് വർക്കും സർക്കാർ വിച്ഛേദിച്ചിരുന്നു. ആരുമായും അവിടെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. എങ്ങനെയൊക്കെ കർഷകരെ കഷ്ടപ്പെടുത്താമോ അങ്ങനെയൊക്കെ സർക്കാർ നടത്തുന്നുണ്ട്. എനിക്ക് തോന്നുന്നു കർഷകർ തണലിനു വേണ്ടി ഒരു മരത്തിനു ചുവട്ടിൽ ഇരിക്കുകയാണെങ്കിൽ, ആ മരം ഉൾപ്പെടെ നാളെ സർക്കാർ വെട്ടിക്കളയും. പക്ഷേ എത്രയൊക്കെ ഉപദ്രവിച്ചാലും കർഷകരുടെ ചലനാത്മകതയെയും ആവേശത്തേയും തോൽപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സർക്കാറിനോട് എങ്ങനെയാണ് പൊരുതേണ്ടതെന്ന് അവർ പഠിച്ചു കഴിഞ്ഞു.
ഡൽഹിയിലെ ജനങ്ങൾ എങ്ങനെയാണ് കാർഷിക സമരത്തോട് പ്രതികരിച്ചത്?
കാർഷിക സമരം പ്രധാനമായും രണ്ട് കാര്യങ്ങളായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. കർഷകർ ബോർഡറിൽ എത്തിയപ്പോൾ ആദ്യം ചോദിക്കാൻ തുടങ്ങിയത് ഗോതമ്പ് പൊടിക്ക് എത്രയാണ് വില? ആപ്പിളിന് എത്രയാ പരിപ്പിന് എത്രയാ എന്നൊക്കെയായിരുന്നു. വില കേട്ടപ്പോൾ അവർ ഞെട്ടിപ്പോയി. വിൽക്കുന്ന വിലയുടെ പത്തിൽ ഒരു ഭാഗം ഒക്കെയായിരുന്നു അവർക്ക് കിട്ടിയിരുന്നത്. ഏഴ് രൂപയ്ക്ക് കർഷകനിൽ നിന്നും വാങ്ങിയ ഗോതമ്പ് ആളുകൾ വാങ്ങുമ്പോൾ 107 രൂപയാകുന്നു. സാധനം വാങ്ങുന്നയാൾ പണം ചിലവാക്കുന്നുണ്ട്, എന്നാൽ അതുണ്ടാക്കിയ കർഷകന് അത്ര കിട്ടുന്നുമില്ലെങ്കിൽ എവിടെയാണ് ഈ പണം മുഴുവൻ പോകുന്നത്? ആർക്കാണ് ഇത് ലഭിക്കുന്നത്? എന്റെ അഭിപ്രായത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധമെന്നത് സമരത്തിന്റെ ഒരു വശം മാത്രമാണ്. മറ്റേത് മധ്യവർഗ ജനതയോട് ഐക്യദാർഢ്യവും പ്രഖ്യാപിക്കുക എന്നത് കൂടെയായിരുന്നു. പക്ഷേ വളരെ നിരാശയോടെ പറയട്ടെ ജനങ്ങൾ കർഷകർക്ക് യാതൊരു പിന്തുണയും നൽകിയിട്ടില്ല. ഫേസ്ബുക്കിൽ എഴുതി ഷെയർ ചെയ്‌താൽ അത് പിന്തുണയാകില്ല.
നഗരത്തിലെ ജനങ്ങൾക്ക് ഇതുവരെ ഈ നിയമങ്ങൾ തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസ്സിലായിട്ടില്ല. ഇനിയും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെങ്കിൽ അവർ അവരുടെ കുട്ടികളുടെ ജീവിതം കൂടെ അപകടത്തിലാക്കുകയാണ്. തങ്ങളുടെ മാതാപിതാക്കൾ സമരത്തിന്റെ ഭാഗമാവാത്തതിന്റെ പേരിൽ അവർ തീർച്ചയായും കഷ്ടപ്പെടും. ഈ കോവിഡ് സമയത്ത് മാത്രം ആരോഗ്യശൃംഖലയുടെ തകർച്ച നമ്മൾ കണ്ടതാണ്. ഇന്ത്യയിലെ കച്ചവട വ്യവസ്ഥ, വിദ്യാഭ്യാസ വ്യവസ്ഥ, ബാങ്കിങ് മേഖല അങ്ങനെ എല്ലാം തകർന്നിരിക്കുകയാണ്. ഇനി സമരത്തിന്റെ ഭാഗമാവാത്തവർ സ്വയം ചോദിക്കുക തങ്ങളുടെ കുട്ടികൾക്ക് ഇങ്ങനെയൊരു ജീവിതമാണോ ഈ രാജ്യത്ത് വേണ്ടതെന്ന്. എല്ലാ മേഖലയും ബാധിക്കുന്ന പ്രശ്‌നമാണ്, അവിടെ കർഷകർ മാത്രം പ്രതികരിച്ചതുകൊണ്ട് കാര്യമില്ല.
ലേബർ കോടതിയിൽ നടക്കുന്ന സമരം നമ്മുടെ രാജ്യത്തെ തൊഴിലാളികൾ അറിയുന്നുണ്ടോ? നാല് കോടതികളിലായി ഒൻപതു നിയമങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോലി സമയം കൂട്ടുക, വരുമാനം കുറയ്ക്കുക തുടങ്ങി നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ്. തൊഴിലാളികൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ പോവുകയാണ്. ഇതിനെതിരെ പത്രങ്ങളിൽ എഴുതിയിട്ടോ, സാമൂഹികമാധ്യമങ്ങളിൽ ചർച്ച നടത്തിയിട്ടോ, സർക്കാരിനെ എതിർക്കാനോ തിരുത്താനോ ഒരിക്കലും കഴിയില്ല. അവർ 34% ഉണ്ട്. അവർ മാത്രമേ വിജയിക്കൂ. എനിക്ക് തോന്നുന്നത് 2020 ലെ യുപി തിരഞ്ഞെടുപ്പിലും, 2024 ലെ രാജ്യസഭ തിരഞ്ഞെടുപ്പിലും അവർ വിജയിക്കുമെന്ന് തന്നെയാണ്. ഇത് തടയാൻ നമുക്ക് ആകെ ചെയ്യാനാവുന്നത് അവരെ പ്രതിരോധത്തിലാക്കുക എന്നതാണ്.
23 വിളകൾക്ക് മിനിമം താങ്ങുവില രാജ്യമൊന്നാകെ കൊണ്ടുവരാനാണ് കർഷകർ ആവശ്യപ്പെടുന്നത്. ഹരിയാനയിലും പഞ്ചാബിലുമൊക്കെ താങ്ങുവില ലഭിക്കുന്നുണ്ട്. പക്ഷേ ന്യായമായ വിലയല്ല കിട്ടുന്നത്, എല്ലാവർക്കും തുല്യമായ വിലയുമല്ല കിട്ടുന്നത്. അവർ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് സമരം ചെയ്യുന്നത്. എന്നിട്ട് ബാക്കിയുള്ളവരെവിടെ? എന്തുകൊണ്ട് ബാംഗ്ലൂരിൽ , തിരുവന്തപുരത്തോ, ഇന്ത്യയിലെ മറ്റേതെങ്കിലും തലസ്ഥാനങ്ങളിലോ പ്രതിഷേധിക്കുന്നില്ല? ഞങ്ങൾക്ക് മിനിമം താങ്ങുവില തരൂ എന്ന് പറയുന്നില്ല. എന്തിന് ഈ കടുത്ത തണുപ്പിൽ ഉത്തരേന്ത്യയിലെ കർഷകർ തന്നെ സമരം ചെയ്യണമെന്ന് വാശിപിടിക്കണം? ഇതാണ് രാജ്യത്തിന്റെ പ്രശ്നം. ആരെങ്കിലും പ്രതിഷേധിച്ചാൽ ദൂരെ നിന്ന് കയ്യടിക്കാനറിയാം, അല്ലാതെ കൂടെ നിന്ന് പ്രതിഷേധിക്കാനറിയില്ല.
കർഷക സമരത്തിന്റെ ഭാഗമായി ഇനിയുള്ള തലമുറകൾ ഓർത്തുവെയ്ക്കണമെന്ന് നിങ്ങൾ കരുതുന്ന പേരുകൾ ആരുടേതാണ്? പ്രധാന നേതാക്കൾ ആരൊക്കെയാണ്?
സംയുക്ത കിസാൻ മോർച്ചയെ എന്തായാലും അഭിനന്ദിക്കണം. പിന്നെ ഈ സമരം ഒരിക്കലും നേതാക്കൾ നയിച്ച സമരമായിരുന്നില്ല. ഇതിലെ എല്ലാ നേതാക്കളും തുല്യരാണ്, എല്ലാവരും ആദരിക്കപ്പെടേണ്ടതാണ്, മുന്നോട്ട് നയിച്ചവരാണ്. പിന്നെ എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ മുൻ തലമുറയിലുള്ളവരായിരുന്നു സമരത്തിന് മുന്നോട്ട് പോകാനുള്ള ദിശ കാണിച്ചു തന്നത്. അവരുടെ വിജയമാണിതെന്നാണ് നമ്മുടെ അടുത്ത തലമുറ പഠിക്കേണ്ടത്.
ഇന്ത്യയിലെ പ്രതിപക്ഷം പരാജയമല്ലായിരുന്നെങ്കിൽ, കർഷകർക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
കോൺഗ്രസ്സിന്റെ അജണ്ട അവരുടെ പ്രകടനപത്രികയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സ് മാത്രമല്ല, എല്ലാ പാർട്ടിയും ഒരു പോലെയാണ്. കഴിഞ്ഞ അൻപത് വർഷമായി ഭരിച്ചുകൊണ്ടിരുന്ന എല്ലാ പാർട്ടിയും ഈ നിയമങ്ങൾ കൊണ്ടുവരാനായി ശ്രമിച്ചിരുന്നു.
കാർഷിക നിയമങ്ങൾ തുടങ്ങി വെച്ചത് ഒരിക്കലും മോദിയല്ല. അദ്ദേഹം അത് നടപ്പിലാക്കുകയും, ജനങ്ങൾ അതിന്റെ പേരിൽ അദ്ദേഹത്തോട് പ്രതിഷേധിക്കുകയും ചെയ്തെന്നു മാത്രം. പണം ഉണ്ടാക്കുന്നത് മാത്രം ലക്‌ഷ്യം വെച്ച് വലിയ കോർപറേറ്റുകൾക്കു വേണ്ടി തുടങ്ങിയ നിയമങ്ങളാണിതെല്ലാം. എല്ലാ പാർട്ടികളും ഇതേ അജണ്ടകൾ ഉണ്ടായിരുന്നു. പിഎംസി റെസൊല്യൂഷൻ ആക്ട് കോൺഗ്രസ്സിന്റെ അജണ്ടയിൽ ഉണ്ടായിരുന്നതാണല്ലോ.
ഡൽഹി സംസ്ഥാന സർക്കാരായ ആം ആദ്മി പാർട്ടി എങ്ങനെയാണ് സമരത്തോട് പ്രതികരിച്ചത്? മറ്റു പാർട്ടികളുടെ പങ്കാളിത്തവും എങ്ങനെയുണ്ടായിരുന്നു?
ആം ആദ്മി പാർട്ടി വെറും അവസരവാദികളാണ്. അതിനെ ഒരു സർക്കാർ എന്ന് വിശേഷിപ്പിക്കാനാവില്ല. പകരം മുനിസിപ്പൽ കമ്മിറ്റി എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. വെള്ളം വിതരണം ചെയ്യുക പോലുള്ള മുനിസിപ്പൽ പണികൾ മാത്രമേ അവർക്ക് ചെയ്യാനറിയൂ.
രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയിലും എനിക്ക് വിശ്വാസമില്ല. ആർക്കും ഇവിടെ ബിജെപിക്കെതിരെ ഒരു റാലി നടത്താൻ പോലും കഴിയില്ല. കോൺഗ്രസ്സും, തൃണമൂലും എല്ലാം പൊരുതുകയാണ്. ഇടതുപക്ഷത്തെ സമരമുഖത്തിൽ കാണുന്നുണ്ടെങ്കിലും, രാഷ്ട്രീയത്തിൽ നിന്നും അവർ അപ്രത്യക്ഷ്യമായി. രാജ്യത്തെ മുഴുവൻ രാഷ്ട്രീയ ഘടനയെയും ഞാൻ നിരാകരിക്കുന്നു. എനിക്കതിൽ ഒരു പ്രതീക്ഷയും ഇല്ല. ജനാധിപത്യത്തിലൂടെയുള്ള തിരഞ്ഞെടുപ്പിലും എനിക്ക് വിശ്വാസമില്ല. ജനങ്ങളിലും അവർ നേരിട്ട് നടത്തുന്ന പോരാട്ടത്തിലും മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. ഒരു രാഷ്ട്രീയപ്പാർട്ടിയും രാജ്യത്തെ രക്ഷിക്കാൻ പോകുന്നില്ല.
കഴിഞ്ഞ ദിവസം മമ്ത പറഞ്ഞു, അദ്വാനി വളരെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നുവെന്ന്. അതെ, അതാരും തള്ളിക്കളയുന്നില്ല. പക്ഷേ എന്താണ് നിങ്ങളുടെ നിലപാട്? അതാണ് വ്യക്തമാക്കേണ്ടത്. ഒരു രാജ്യത്തിന് ഗ്രാമീണവികസനവും, വ്യവസായ വളർച്ചയും, ആരോഗ്യപരിരക്ഷയും എല്ലാം വേണം. പക്ഷേ എല്ലാ പോർട്ടികളും വ്യവസായിലൂടെ മാത്രം പ്രയോജനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ഉന്നമനത്തിനായി ആദ്യം നിക്ഷേപം നടത്തേണ്ടത് ഗ്രാമീണ സമ്പദ് വ്യവസ്ഥയിലാണ്. പക്ഷേ ഏതെങ്കിലും പാർട്ടി അവിടെ നിക്ഷേപം നടത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ബിജെപിയും, കോൺഗ്രസ്സും, ഇടത് മുന്നണിയും, ആം ആദ്മിയും എല്ലാവരും ഒരുപോലെയാണ്.
ഇന്ത്യൻ മാധ്യമങ്ങളെക്കാൾ കൂടുതൽ വാർത്താ പ്രാധാന്യവും പരിഗണനയും കാർഷികസമരത്തിന് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
അന്താരാഷ്ട്ര മാധ്യമങ്ങൾ സമരത്തെക്കുറിച്ച് പക്ഷഭേതമില്ലാത്ത വാർത്തകൾ നൽകിയിട്ടുണ്ട്. അത് സമരത്തിന് ശക്തി പകർന്നിട്ടുമുണ്ട്. പക്ഷേ അന്താരാഷ്ട്ര മാധ്യമമായതിനാൽ വളരെ തിരഞ്ഞെടുത്തു മാത്രമേ നൽകിയിട്ടുള്ളൂ. അവർക്ക് എപ്പോഴും ഈ വാർത്ത നൽകാനാവില്ല. എന്നാൽ നിർണായകമായ സമയങ്ങളിൽ സമരത്തിന് ആവശ്യമായ സമയവും ഇടവും അവർ നൽകിയിട്ടുണ്ട്. അതിനു കാരണം ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിക്കാനായിട്ടില്ല എന്നതാണ്. കർഷക സമരം വലിയൊരു മുന്നേറ്റമായിരുന്നു. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല.
എന്നാൽ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം കോർപറേറ്റുകൾക്ക് വിറ്റതാണ്. കർഷക നിയമത്തിന്റെ പ്രയോജനം ലഭിക്കുന്ന കോർപ്പറേറ്റുകൾ എന്ന് ഇന്ത്യയിലെ മാധ്യമങ്ങളിൽ നിക്ഷേപം നടത്തിയോ, അന്ന് മുതൽ നിയമത്തെ എതിർത്തവരെക്കുറിച്ച് ആ മാധ്യമങ്ങൾ വാർത്ത കൊടുത്തിട്ടില്ല.
കൗമാരക്കാരിയായ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ്, ഗായിക-ആക്ടിവിസ്റ്റ് റിഹാന, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, അഭിഭാഷകയും എഴുത്തുകാരിയുമായ മീന ഹാരിസ് എന്നിവർ നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നല്ലോ. എന്തുകൊണ്ടാണ് ഇന്ത്യയിലെ പല പ്രമുഖരിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടാവാതിരുന്നത്?
ഇതിൽ രണ്ടു കാര്യങ്ങളാണുള്ളത്. അവർ പ്രതിഷേധം അറിയിച്ചു എന്നത് ശരിയാണ്. പക്ഷേ എത്ര ദിവസം എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരാൾ ഒരു ദിവസം ട്വീറ്റ് ചെയ്തു, ഏറിവന്നാൽ ഒരാഴ്ച അത് തുടർന്ന് കാണും. അത്രേയുള്ളു. അതിനാൽ തന്നെ ഇത് പ്രകീർത്തിക്കേണ്ട കാര്യമില്ല. അവർക്ക് ഇതിൽ പ്രതിഷേധമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവർ സമരം പിന്തുടരാതിരുന്നത്? പിന്നെ ഒരു വട്ടമെങ്കിലും നമ്മൾ അവരുടെ അഭിപ്രായമോ പ്രതിഷേധമോ കണ്ടില്ലല്ലോ. ഇതെല്ലം ഓരോ കളികളാണ്.
രണ്ടാമതായി, നിയമത്തിനെതിരെ പ്രതികരിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. ഇന്ത്യയിലെ നട്ടെലില്ലാത്ത ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ അവർക്കെതിരെ തിരിഞ്ഞു. സർക്കാർ നിർബന്ധിച്ചത് കൊണ്ടാണ് അവർ അത്തരത്തിൽ പ്രതികരിച്ചതെന്ന് അവരുടെ ട്വീറ്റിലെ സാമ്യത കണ്ടാൽ മനസിലാവും.
പിന്നെ ഇന്ത്യയിലെ പ്രമുഖരെ കുറിച്ച് ലോകത്തിലെ തന്നെ ഏറ്റവും നിരാശാജനകരായ വിഭാഗമെന്നെ പറയാനാവൂ. ജനങ്ങൾ നൽകിയ സ്നേഹം കൊണ്ട് കൂടിയാണ് അവർ വലിയ താരങ്ങളും, ആരാധനാപാത്രങ്ങളുമൊക്കെ ആയത്. എന്നാൽ അവർ ആ സ്നേഹത്തെ ചതിക്കുകയായിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നിൽ ബിജെപിക്ക് രഹസ്യ അജണ്ടകളുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. എങ്കിൽ തങ്ങളുടെ അഭിപ്രായത്തിൽ എന്തായിരിക്കും ഈ അജണ്ടകൾ? അവരുടെ അടുത്ത നീക്കം എന്താവുമെന്നാണ് നിങ്ങൾ പ്രവചിക്കുന്നത്?
ഞാൻ ഒന്നും പ്രവചിക്കാനുമില്ല, ഊഹിക്കാനുമില്ല. നാളെയെന്ത് സംഭവിക്കുമെന്ന് എനിക്കോ, നിങ്ങൾക്കോ അറിയില്ല. അത് ആർക്കാണ് അറിയുക? മൂന്നാഴ്ച മുൻപ് നിയമം പിൻവലിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും അറിയുമായിരുന്നോ? അവർക്ക് രഹസ്യ അജണ്ട ഉണ്ടെങ്കിൽ ഞാനെന്തിനാണ് അത് ചിന്തിക്കുന്നത്. ഹിന്ദുത്വം പ്രചരിപ്പിക്കാൻ ബിജെപി എന്ത് ചെയ്‌തെന്നും ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്നുമാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തെ രാഷ്ട്രീയ ജീവിതമുണ്ട്, കൊണ്ടുവന്നതൊന്നും തിരിച്ചെടുത്തിട്ടില്ല, ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കിയെടുക്കാം എന്നൊക്കെ പറഞ്ഞ് വന്ന മോദി ആവാസവ്യവസ്ഥയുടെ കുലപതിയായിട്ടിരുന്നു. എന്നിട്ട് ഇപ്പോൾ ആവാസവ്യവസ്ഥ മുഴുവൻ തകർന്നടിഞ്ഞു. മോദിയുടെ ഭക്തരെല്ലാം ഞങ്ങളുടെ പിതാവ് മരിച്ചു പോയേ എന്ന രീതിയിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. അത് കാണുമ്പോൾ എനിക്ക് സത്യത്തിൽ സന്തോഷം തോന്നുന്നുണ്ട്.
ബിജെപി സർക്കാർ കർഷകരെ പ്രകോപിപ്പിച്ച് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ, അതോ കർഷകർ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർ ശ്രമിച്ചുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
എല്ലായ്പ്പോഴും പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രചാരങ്ങളാണ് അവർ നടത്തിയിട്ടുള്ളത്. ഖാലിസ്ഥാനി, രാജ്യദ്രോഹി എന്നീ പരാമർശങ്ങൾ നോക്കുക. ജനുവരി 26 ൽ നടന്നത് ഓർക്കുക, എന്തിനാണ് കർഷകർക്ക് ട്രാക്ടർ റാലി നടത്തേണ്ടി വന്നത്? എന്തിനാണ് അവർക്കൊപ്പം നിഹാങ്കുക്കാർ വന്നത്? എല്ലാം സർക്കാർ കർഷകരെ പ്രകോപിപ്പിക്കാൻ ചെയ്തതായിരുന്നു. സിംഖു അതിർത്തിയിൽ വെച്ച് നടന്ന ലഖ്‌ബീർ സിങിന്റെ കൊലപാതകം പദ്ധതിയിട്ട് നടത്തിയതാണ്. ബിജെപി അതിന്റെ രണ്ടു വശത്തുമുണ്ടായിരുന്നു. കർഷകർക്കിടയിൽ പ്രശ്നമുണ്ടാക്കി വരെ പ്രകോപിതരാക്കുക എന്ന് മാത്രമായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടതും. ഇതുപോലെ സമരത്തിനിടെ നടന്ന എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ബിജെപി ആയിരുന്നു എന്നതാണ് സത്യം. അവർ എല്ലായ്പ്പോഴും സമരത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്.
ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ? അതെ എങ്കിൽ, ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ജർമൻ വൈസ് ചാൻസലറായ ഏയ്ജല മെർക്കലിന്റെ അവസാനത്തെ പ്രസംഗത്തിൽ അദ്ദേഹം പറയുന്നുണ്ട്, ഒരു രാജ്യത്തെ ജനാധിപത്യത്തിൽ അവിടത്തെ ജനങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ആ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ലെന്ന്. ജനാധിപത്യത്തിൽ ഏറ്റവും താഴെ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത് സ്റ്റേറ്റിന്റെയും സർക്കാരിനെയും കുഴപ്പമാണ്. രാജ്യത്തിന്റെ ഭാവിയെ ഇത് ബാധിക്കും. നമ്മൾ തെരഞ്ഞെടുത്ത സർക്കാരിൽ നമുക്ക് വിശ്വാസം ഇല്ലെന്ന് പറയുന്നത് സങ്കടകരമാണ്.
സമരങ്ങളിൽ നിന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും കർഷകർ അകറ്റിനിർത്തിയിരുന്നു. അങ്ങനെയാണെങ്കിൽ കർഷകരുടെ നേതൃത്വത്തിൽ ഒരു പാർട്ടി രൂപീകരിക്കാനാവില്ലേ?
കർഷകർക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ക്ഷണമുണ്ട്. എന്നാൽ ഇതിന്റെ അന്തിമ തീരുമാനം ഓരോ യൂണിയൻ നേതാക്കൾക്കും അനുസരിച്ചിരിക്കും. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലുള്ള പൗരന്മാർ എന്ന നിലയിൽ അവർ തന്നെ ചിന്തിച്ച് ഒരു തീരുമാനം എടുത്തുകൊള്ളും. പക്ഷേ വ്യക്തിപരമായി എനിക്ക് ആ ചിന്തയോട് താല്പര്യമില്ല. കാരണം പുതിയ ലിബറൽ ഘടനയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. നമുക്ക് വലിയ നേതാക്കളുണ്ട്, ഒരുപാട് രാഷ്ട്രീയ പാർട്ടികളുണ്ട്, പക്ഷേ ഏല്ലാവരും വരുന്നത് ഈ ലിബറലിസത്തിലേക്കാണ്. നിങ്ങൾ വലിയ ശക്തിയായാലും, ഇന്ത്യയുടെ പ്രധാനമന്ത്രിയായാലും, ഈ ഘടന പൊളിക്കാൻ പറ്റില്ല. നമ്മൾ യഥാർത്ഥത്തിൽ പോരാടേണ്ടത് ഈ ഘടനയോടാണ്, അല്ലാതെ പാർട്ടികളോടല്ല. കാരണം ബിജെപിയും കോൺഗ്രസ്സും ഒക്കെ ചെയ്യുന്നത് ഇതാണ്. കോൺഗ്രസ്സ് ചെറിയ രീതിയിൽ ഹിന്ദുത്വം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ബിജെപി വലിയ രീതിയിലാണ് ശ്രമിക്കുന്നതെന്ന് മാത്രം.
പ്രയോജനങ്ങൾ കോർപറേറ്റുകൾക്കല്ലാതെ നേരിട്ട് ജനങ്ങളിലേക്കെത്തുന്ന സംവിധാനമാണ് നമ്മൾ കൊണ്ടുവരേണ്ടത്. രാഷ്ട്രീയ നേതാവിനോ, കർഷ നേതാക്കൾക്കോ അങ്ങനെയൊന്നും ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. യുഎസിൽ ബേർണി സാൻഡേഴ്സ് കൊണ്ടുവന്നതു പോലെയുള്ള വീക്ഷണമാണ് നമുക്ക് വേണ്ടത്. പക്ഷെ തിരഞ്ഞെടുപ്പുകൾ പണം വിതറിയുള്ള കളിയാണ്. തിരഞ്ഞെടുപ്പിനായി ഒരു കോർപറേറ്റിൽ നിന്നും നിങ്ങൾ പണം വാങ്ങിയാൽ, പിന്നെ നിങ്ങളുടെ അടുത്ത് നിന്നും അവർക്ക് പ്രയോജനങ്ങൾ വേണ്ടി വരും. അവിടെ നിങ്ങൾ കുഴങ്ങിപ്പോകും.
2014-ൽ ജാട്ടുകളെ വിജയിപ്പിക്കാൻ ബികെയു നേതാവ് രാകേഷ് ടികായത്ത് ബിജെപിയെ സഹായിച്ചിരുന്നല്ലോ. ഇപ്പോൾ എന്തുമാറ്റമാണുണ്ടായത്?
അദ്ദേഹത്തിന് ചതി മനസ്സിലാവുകയും അത് തെറ്റാണെന്ന് തിരിച്ചറിയുകയും ചെയ്തു. രാകേഷ് ടിക്കായത്തിന് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. അദ്ദേഹവും ബാബ ടിക്കായത്തുമായി ചേർന്ന് ബികെയു എന്നൊരു ഫോറം ഉണ്ടാക്കിയിരുന്നു. അത് പിന്നീട് ആർഎസ്എസിനു കൊടുക്കുകയും ഇത് 2014 ൽ ബിജെപിയുടെ വിജയത്തിന് കാരണമാവുകയും ചെയ്തിരുന്നു. രാകേഷ് വിചാരിച്ചത് ഫോറം നൽകിയ സ്ഥിതിക്ക് തങ്ങൾക്ക് എന്തെങ്കിലും സഹായം അവർ ചെയ്യുമായിരിക്കും എന്നാണ്. എന്നാൽ അവർ ഒന്നും കൊടുത്തില്ല. ബിജെപി കുപ്രസിദ്ധരാണ്. അവർ ആർക്കും ഒന്നും കൊടുക്കില്ല. അവർക്ക് അധികാരമുള്ളതിനാൽ അവർ നിങ്ങളെ നിയമവിരുദ്ധമായി ഉപദ്രവിക്കും, ജീവിതം നശിപ്പിക്കും. രാകേഷ് അതിലൊരു ഇരയായിരുന്നു. അദ്ദേഹം അതിന്റെ ഫലമായി അനുഭവിക്കുകയും തിരിച്ചറിയുകയും ചെയ്തു.
കർഷകരുടെ പ്രതിഷേധം ഇന്ത്യയിലെ ജനാധിപത്യവും ജനങ്ങളുടെ അവകാശങ്ങളും വീണ്ടെടുക്കാനുള്ള മറ്റൊരു സ്വാതന്ത്ര്യ സമരമാണെന്ന് അവകാശപ്പെടാമോ?
ഇന്ത്യൻ ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ളതാണ്, ജനാധിപത്യം വീണ്ടെടുക്കാനാണ്. കർഷക സമരത്തിൽ തന്നെ ‘രണ്ടാമത്തെ സ്വാതന്ത്ര്യ സമരം’ എന്ന് പറയുന്നുണ്ടായിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ഇത് ആത്യന്തികമായി ധാർമിക പോരാട്ടമാണ്. അതിനപ്പുറത്തേക്ക് കൂടുതൽ വിശേഷങ്ങൾ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നിനെ മറ്റൊന്നിനോട് വെച്ച് താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. തെറ്റായ കാര്യങ്ങൾ നടന്നു, ഭരണഘടനാലംഘനമുണ്ടായി, ആളുകൾ ഒരുപാട് അനുഭവിച്ചു, നിയമങ്ങൾ പിൻവലിക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അത്രയേ അവിടെ ഉണ്ടായിട്ടുള്ളു.
മറ്റേത് വിഭാഗത്തേക്കാളും അധികം സർക്കാരിനായി വഞ്ചിക്കപ്പെട്ടത് കർഷകർ ആവുമെന്ന് നിങ്ങൾ ഒരിക്കൽ താങ്കൾ എഴുതിയിരുന്നല്ലോ. എന്ത് അടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ പറഞ്ഞത്?
കഴിഞ്ഞ പതിനഞ്ച് വർഷമായി നമ്മൾ എന്താണ് കർഷകർക്ക് കൊടുത്തിട്ടുള്ളത്? വേറെ ഏത് വിഭാഗം പ്രതിഷേധിച്ചാലും സർക്കാർ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാറുണ്ട്. എന്നാൽ കർഷകർ പ്രതിഷേധിച്ചിട്ടോ, ആത്മഹത്യ ചെയ്തിട്ടോ സർക്കാർ ഒരു നടപടിയും എടുക്കുന്നില്ല.
കർഷകർ ഒരുപാട് പരിശ്രമിക്കുന്നുണ്ട്. പക്ഷേ അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ല . കഴിഞ്ഞ പതിനഞ്ച് വർഷത്തെ അവഗണയ്ക്ക് സർക്കാർ കർഷകരോട് മറുപടി പറഞ്ഞേ മതിയാവൂ.
കിസാൻ മഹാപഞ്ചായത്ത് ഇന്ത്യയിലെ കർഷകരുടെ ഒരു ഒത്തുചേരൽ മാത്രമായിരുന്നില്ലല്ലോ. ആ ചരിത്ര നിമിഷങ്ങളെ അതിന്റെ ഭാഗമായ ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എങ്ങനെ വിശേഷിപ്പിക്കും?
ഒരുപാട് കിസാൻ പഞ്ചായത്തുകൾ ഒരു വർഷത്തിനുള്ളിൽ നടത്തിയിട്ടുണ്ട്. ഒരുപാട് കർഷകരെ പങ്കെടുപ്പിച്ച് ജില്ലാ ആസ്ഥാനത്തോ, ടൗണിലോ ഒത്തുചേർന്ന് തങ്ങൾ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള ഒരുവഴിയാണിത്. കർഷകരുടെ ആവശ്യങ്ങൾ എന്താണെന്നു പോലും മനസ്സിലാക്കാതിരുന്ന നിരവധിയാളുകൾ ഉണ്ടായിരുന്നു. അവരിലേക്ക് കൂടെ സമരത്തിന്റെ സന്ദേശം എത്തിക്കാനായിരുന്നു മഹാ പഞ്ചായത്ത് ലക്ഷ്യം വെച്ചിരുന്നത്. ജനങ്ങളുമായി ആശയവിനിമയം നടത്താൻ മികച്ച വേദിയായി അത് മാറിയിരുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഒരു ദിവസം ശരാശരി 28 കർഷകർ ആത്മഹത്യ ചെയ്യുന്നു. ഈ ഉയർന്ന സംഖ്യയുടെ പ്രധാന കാരണം എന്താണ്, ആരാണ് ഉത്തരവാദി, ഈ അവസ്ഥ ഇല്ലാതാക്കാൻ കർഷകർ എന്ത് നടപടികളാണ് നിർദ്ദേശിക്കുന്നത്?
നിങ്ങൾക്ക് കൃഷിയാണ് വരുമാനമാർഗമെങ്കിൽ, കൂടുതൽ ചിലവുകൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ അത് നിറവേറ്റാൻ കടം വാങ്ങേണ്ടി വരും. പെട്ടെന്ന് കുടുംബത്തിൽ ആർക്കെങ്കിലും സുഖമില്ലാതാവുകയോ, കൃഷിനാശം സംഭവിക്കുകയോ, വിദ്യാഭ്യാസ ആവശ്യമുണ്ടായല്ലോ, നിങ്ങളുടെ മുന്നിൽ മറ്റു വഴികളുണ്ടാവില്ല. പക്ഷേ കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഈ കടം അടച്ചു തീർക്കാൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ വീണ്ടും വീണ്ടും കടം വാങ്ങാൻ തുടങ്ങും. ഒടുക്കം കടം തന്നയാൾ പണയമായി നൽകിയ നിങ്ങളുടെ ഭൂമിയടക്കം ചോദിയ്ക്കാൻ തുടങ്ങും. ഇതാണ് പിന്നീട് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ നാല് ലക്ഷം കർഷകരും തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. ഇതിനൊരു പരിഹാരമാണ് കർഷകർ ആവശ്യപ്പെട്ട താങ്ങുവില നടപ്പിലാക്കുക എന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ അങ്ങനെ മാത്രമേ ഉയർത്തി കൊണ്ടുവരാനാകൂ. ഗ്രാമങ്ങളിൽ ജീവിക്കുന്ന ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുക. അവർക്ക് പണമുണ്ടെങ്കിൽ മാത്രമേ ചിലവാക്കാനാവൂ, എങ്കിൽ മാത്രമേ ജിഡിപി ഉയരുകയുള്ളു. ഇത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും.
സംയുക്ത കിസാൻ മോർച്ചയുടെ ഭാവി തീരുമാനങ്ങൾ എന്തൊക്കെയാണ്? എത്രനാൾ കർഷകർ സമരം ചെയ്യും?
അത് സർക്കാരിന് മാത്രമല്ലേ അറിയുകയുള്ളൂ. കർഷകർക്ക് വീട്ടിലേക്ക് മടങ്ങി പോകണമെന്നുണ്ട്. പക്ഷേ അവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാൻ തയ്യാറാവണം.
കൃഷിയിൽ നഷ്ടമുണ്ടാകാതിരിക്കാനാണ് താങ്ങുവില ഏർപ്പെടുത്തണമെന്ന് കർഷകർ പറയുന്നത്. വില നിശ്ചയിക്കുന്നതിന് അങ്ങനെ ഒരു സംവിധാനം അവർക്ക് ആവശ്യമാണ്. അതുപോലെ താങ്ങുവിലയ്ക്കും താഴെ വില നൽകുന്നത് നിയമവിരുദ്ധമാക്കുകയും, അവർക്ക് ശിക്ഷ നൽകുകയും വേണം. താങ്ങുവില പരിശോധിക്കുന്നതിനായി ഒരു സമിതിയെ ഗവണ്മെന്റ് നിയോഗിക്കുന്നുണ്ടെങ്കിൽ അതിൽ കർഷക പ്രതിനിധികളെ കൂടെ ഉൾപ്പെടുത്തണം. ഏത് സമിതി രൂപീകരിച്ചാലും അതിന്റെ ലക്ഷ്യമെന്തെന്നും, എന്താണ് ചർച്ച ചെയ്യാൻ പോകുന്നതെന്നും, എന്തൊക്കെയാണ് പരിഗണിക്കാതിരിക്കുന്നതെന്നും കൃത്യമായ രൂപരേഖ തയ്യാറാക്കിയിരിക്കണം. അത് ഏത് നിലയിലുള്ള സമിതിയായാലും. കർഷകരുടെ പേരിൽ അന്യായമായി ചുമത്തിയ കേസുകൾ പിൻവലിക്കണം. ഇതുപോലെ കർഷകർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന മറ്റു ആവശ്യങ്ങൾ കൂടെ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിച്ച് അവർ വീട്ടിലേക്ക് മടങ്ങൂ.
കർഷക സമരത്തോടുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതികരണത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?
ഒറ്റവാക്കിൽ മനോഹരമെന്നായിരിക്കും ഞാൻ പറയുക. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആലപ്പുഴയിൽ പതിനായിരം പേരുടെ ട്രാക്ടർ റാലി സംഘടിപ്പിച്ചിരുന്നല്ലോ. അതെല്ലാം വളരെ നല്ല കാര്യമായിരുന്നു. എപിഎംസി വ്യവസ്ഥിതിക്ക് കീഴിലേക്ക് കേരളത്തിലെ കർഷകർ വരുന്നില്ലല്ലോ. നിങ്ങൾ നിങ്ങളുടേതായ ഒരു സംവിധാനം കണ്ടെത്തി നടപ്പിലാക്കുന്നുണ്ട്. ഇതിനിടെ ഒരുപാട് വിളകൾക്ക് കേരളം സർക്കാർ താങ്ങുവില ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയങ്ങളിൽ നിങ്ങൾ ആകുലരാകേണ്ട ആവശ്യമില്ല.
പിന്നെ പഞ്ചാബും കേരളയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ പോലെയല്ല. എന്താണ് ശരിയെന്നു മനസ്സിലാക്കാൻ കഴിയുന്നവരും, അല്ലാത്തവയെ ചോദ്യം ചെയ്യുന്നവരുമാണ്. പഞ്ചാബിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ കേരളവും, കേരത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ പഞ്ചാബും പരസ്പരം സഹായിക്കാറുണ്ട്. ഭൂമിശാസ്ത്രപരമായി നമ്മൾ വളരെ അകന്നുപോയി. അല്ലായിരുന്നെങ്കിൽ നമുക്ക് ഒരുമിച്ച് വലിയ ശക്തിയാകാമായിരുന്നു. എന്റെ അഭിപ്രായത്തിൽ കേരളം നല്ല പിന്തുണയാണ് സമരത്തിന് നൽകിയത്. ഊരാളി മ്യൂസിക് ഗ്രൂപ്പ് ഒക്കെ ചെയ്തത് എടുത്തു പറയേണ്ടതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വിജു കൃഷ്ണൻ അവരുടേതായ രീതിയിൽ നിരവധി നിർദേശങ്ങൾ സമരത്തിന് നൽകിയിരുന്നു. ഒരു ദിവസം ഞാൻ സിംഖുവിലെ സമരത്തിലായിരിക്കുമ്പോൾ ഒരു ട്രാക്ടർ നിറയെ കൈതച്ചക്ക കേരളത്തിൽ നിന്നും വന്നിരുന്നു. ഇതെല്ലാം ഏറ്റവും മനോഹരമായ ചെറിയ ഐക്യദാർഢ്യങ്ങളാണ്.