അഗളി:
അട്ടപ്പാടിയിൽ ആദിവാസി വിഭാഗങ്ങൾക്കിടയിലെ ശിശുമരണം പോഷകാഹാരക്കുറവോ ചികിത്സയുടെ അപര്യാപ്തയോ കാരണമല്ലെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. യഥാർത്ഥ കാരണം അറിയാൻ ആരോഗ്യമേഖലയിൽ സമഗ്രപഠനം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അധ്യക്ഷ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് അട്ടപ്പാടിയിൽ വനിതാ കമീഷൻ നടത്തിയ ഊര് സന്ദർശനം, ബോധവൽക്കരണ സെമിനാർ എന്നിവയ്ക്ക്ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
അട്ടപ്പാടിയിൽ ജനിതകപരവും ജീവിതശൈലീപരവുമായ പ്രശ്നങ്ങളാണുള്ളത്. ജനനി ജന്മരക്ഷാപദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ജനനി ശിശു സുരക്ഷ കാര്യക്രമ്, മാതൃവന്ദനം പദ്ധതികൾ കൊവിഡിനുമുമ്പേ നിർത്തി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിൽനിന്ന് വിശദീകരണം തേടും. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രതാസമിതി രൂപീകരിക്കും. മൂന്നു മാസത്തിലൊരിക്കൽ അവലോകനം നടത്തും.
അടച്ചുപൂട്ടൽകാലത്ത് ആദിവാസി ഊരുകളിൽ പുരുഷൻമാർ വീട്ടിലിരുന്നത് അധ്വാനശീലം ഇല്ലാതാക്കി. ഇത് പരിഹരിക്കാൻ സമഗ്ര കാർഷിക പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കണം. അട്ടപ്പാടിയിൽ ഷെൽട്ടർ ഹോം തുറക്കാനും ജില്ലാ പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.
കുന്നൻചാള, അഗളി മേലെ ഊര്, അങ്കണവാടികൾ, സമൂഹ അടുക്കള, സാമൂഹ്യ പഠനമുറികൾ എന്നിവിടങ്ങൾ കമീഷൻ അംഗങ്ങൾ സന്ദർശിച്ചു. ‘കില’ ഹാളിൽ നടത്തിയ ബോധവൽക്കരണപരിപാടി സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്തു.