Mon. Dec 23rd, 2024

നടന്‍ ജയസൂര്യ പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിക്കുന്നതിന് ഇടയാക്കിയ വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നു. ഈ റോഡിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കി.

പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളെക്കുറിച്ചുള്ള പരാതികള്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിക്കാവുന്ന പരിപാടിയിലാണ് ജയസൂര്യ വിമര്‍ശനമുയര്‍ത്തിയ റോഡ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

ഈരാറ്റുപേട്ട- വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം ഭരണാനുമതിയും നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം വൈകാതെ തുടങ്ങാനാവുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രതീക്ഷ.

ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ലഭിച്ച പരാതികളില്‍ പലതിനും പരിഹാര നിര്‍ദേശങ്ങള്‍ അപ്പോള്‍ത്തന്നെ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്‍തു.