Fri. Nov 22nd, 2024
ഊട്ടി:

കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികന്‍റെ മകള്‍ ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ട്വീറ്റില്‍ വീരമൃത്യു വരിച്ച സൈനികന്‍ ലിഡറുടെ മകള്‍ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ലിഡറുടെ മകള്‍ ആഷ്ന ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്യുന്നത്.

പാര്‍ഥ് എന്ന ട്വിറ്റര്‍ ഐ ഡിയില്‍ നിന്നുമാണ് സൈനികന്‍ ലിഡറുടെ മകള്‍ ആഷ്നക്കെതിരെ ആദ്യം പ്രചരണമുണ്ടാകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന Woke (ഉണര്‍ന്ന) എന്ന പദമാണ് ആഷ്നക്കെതിരെ ആദ്യം ഉയര്‍ത്തുന്നത്. ആഷ്നക്കെതിരെ ബലാല്‍സംഗ ഭീഷണിയും രൂക്ഷമായ തെറിവിളികളും തുടര്‍ന്നു.

നിരവധി പേര്‍ തുടര്‍ച്ചയായിആഷ്നക്കെതിരെ ട്രോളുകളും പരിഹാസവുമായി രംഗത്തുവന്നതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

അതെ സമയം വീരമൃത്യൂ വരിച്ച ലിഡറുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കാര്‍ത്തി ചിദംബരമടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. വിദ്യാസമ്പന്നയും ചിന്താശേഷിയുമുള്ള ഒരു പെൺകുട്ടിയെ വേട്ടയാടിയ വ്യാജ ദേശസ്നേഹികളോടും ദേശീയവാദികളോടും ലജ്ജ തോന്നുന്നു, എന്നാണ് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തത്.