Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് നടപടി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള വിദഗ്ധ സമിതിക്ക് കേരളത്തിലെ ക്വാറികൾ സന്ദർശിക്കാം. 50 മുതൽ 250 മീറ്റർ വരെ വിവിധ അകലങ്ങളിൽ സ്‌ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠനം നടത്തണം. നാല് മാസത്തിനകം വിദഗ്ധ പഠന സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യുണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് നിർദേശം നൽകി.