Mon. Dec 23rd, 2024
Anupama Ajith Devika J

അനുപമ അജിത് ഐക്യദാർഢ്യ സമിതിയുടെ ആദ്യത്തെ കൂടിച്ചേരൽ ഞങ്ങൾക്കെല്ലാം വളരെ ഊർജം തന്നിരിക്കുന്നു. സത്യത്തോട് കൂറുള്ളവരും നീതി പുലരണമെന്ന് നിർബന്ധമുള്ളവരും അധികാരികളോടുള്ള ദാസ്യവൃത്തി ശീലിക്കാത്തവരുമായ മനുഷ്യരുമായി ഇടപെടുന്നതു തന്നെ എത്ര ആശ്വാസകരമാണ്!! ദേവിക ജെ ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:-

Anupama-Ajith ഐക്യദാർഢ്യ സമിതിയുടെ ആദ്യത്തെ കൂടിച്ചേരൽ ഞങ്ങൾക്കെല്ലാം വളരെ ഊർജം തന്നിരിക്കുന്നു. സത്യത്തോട് കൂറുള്ളവരും നീതി പുലരണമെന്ന് നിർബന്ധമുള്ളവരും അധികാരികളോടുള്ള ദാസ്യവൃത്തി ശീലിക്കാത്തവരുമായ മനുഷ്യരുമായി ഇടപെടുന്നതു തന്നെ എത്ര ആശ്വാസകരമാണ്!!

ഇന്നവിടെ മുഴങ്ങിക്കേട്ട യുവത്വത്തിൻ്റെ ശബ്ദം-ദിനുവിൻ്റെയും മൃദുലയുടെയും ശക്തമായ പ്രസംഗങ്ങൾ-ശരിക്കും ഈ ഇരുട്ടിൻ്റെ അറ്റത്ത് വെളിച്ചം തീർച്ചയായും ഉണ്ടെന്ന് എന്നെ സമാശ്വസിപ്പിച്ചു. ഇങ്ങനെ ഭയാരഹിതമായി ചിന്തിക്കുന്ന യുവാക്കൾ ഉള്ളിടത്തോളം നാം തീർച്ചയായും ഒറ്റയ്ക്കല്ല.

നമ്മുടെ സമരങ്ങൾക്ക് അർത്ഥമുണ്ട്, നമ്മുടെ ശബ്ദങ്ങൾക്ക് കാമ്പും. രാഷ്ട്രീയ രംഗം എത്ര തന്നെ നിരാശാജനകമാണെങ്കിലും K K രമയെ പോലുളള സാമാജികർ ഉണ്ടാകുമെന്നും, അധികാരികളുടെ ദുഷ്ടതയെ തള്ളിക്കളയാൻ മടിയില്ലാതവർ, അഡ്വ ജലജാ മാധവിനെ പോലെ, ഉണ്ടെന്നും ഓർമ്മിക്കാൻ ഇന്ന് ഞങ്ങൾക്ക് കഴിഞ്ഞു.

ജനാധിപത്യ സമരങ്ങളുടെ കൂടെ പതറാതെ നിൽക്കുന്നവർ, സണ്ണി കപികാടിനെ പോലെയുള്ളവർ, ഞങ്ങൾക്ക് ഒപ്പമാണെന്നതും ഞങ്ങളെ കൂടുതൽ ധൈര്യപ്പെടുത്തുന്നു. വാസുവേട്ടൻ വന്നു എന്നതു തന്നെ ഞങ്ങളുടെ വിജയമായി ഞാൻ കരുതുന്നു. ഈ വിഷയങ്ങൾ അനുപമയുടെ മാത്രമല്ല, നീതി കിട്ടാതെ അലയുന്ന എല്ലാവരുടെയും, ട്രാൻസ് ജനങ്ങളുടെയും, പോരാട്ടമാണ് എന്ന് പറഞ്ഞ ശ്രീമയി നമ്മുടെ സമരം വിപുലമാക്കേണ്ടതിൻ്റെ അത്യാവശ്യത്തിനു നേരെ വിരൽ ചൂണ്ടി. ഞങ്ങളും ഭാവി പരിപാടികളെ പറ്റിയുള്ള വിചാരങ്ങൾ പങ്കുവയ്ച്ചു.

നീതി നടപ്പാക്കാത്തിടത്തോളം ശിശുക്ഷേമ സമിതി അടക്കമുള്ള കുറ്റവാളി സ്ഥാപനങ്ങൾക്ക് എതിരെ പരസ്യ സമരങ്ങൾ തുടരും. സി ഡബ്ളിയു സി യുടെ മുന്നിൽ പരസ്യ സമരത്തിന് പുറമെ കല്യാണി മേനോൻ-സെൻ നേതൃത്വം കൊടുക്കുന്ന ഫാക്ട് ഫൈൻഡിങ് സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സർക്കാരിൻ്റെ കൊള്ളരുതായ്മൾ വെളിവാക്കുകയും ചെയ്യും.
ഈ കുറ്റവാളി സ്ഥാപനങ്ങളെ ആർ ടി ഐ നിരന്തര നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരും.

ഈ സമരത്തെ വിപുലമായ പൗരത്വ വിദ്യാഭ്യാസസമരമായി വളർത്താനാണ് ഞങ്ങളുടെ തീരുമാനം.

ദിശ എന്ന യുവജന ജാതിവിരുദ്ധ കൂട്ടായ്മയോട് ഉപദേശം തേടിക്കൊണ്ട് വിജാതീയ വിവാഹം കഴിക്കുന്നവർക്ക് ഒരു നിയമ സഹായി , Queerala എന്ന LGBTQI സംഘത്തോടൊപ്പം ചേർന്ന് കുടുംബ ക്രൂരത അനുഭവിക്കുന്ന ചെറുപ്പക്കാർക്ക് ഒരു നിയമ സഹായി എന്നിവ തയ്യാറാക്കും.
അടുത്ത മാസങ്ങളിൽ കേരളത്തിലെ ചെറുകൂട്ടായ്മകളോട് കൂടുതൽ നേരിട്ട് ആശയവിനിമയം ചെയ്യാൻ ഊർജിത ശ്രമങ്ങൾ ഉണ്ടാവും. കുഞ്ഞു ഐഡൻ്റെ കഥ വെറും പത്ര വാർത്തയായി ചുരുങ്ങി അവസാനിച്ചുകൂട. അത് കുഞ്ഞുങ്ങൾക്ക് അവരുടെ അവകാശങ്ങളെ പറ്റി ഓർക്കാനുള്ള ഒരു കഥയായി മാറണം.

ചുവപ്പ് അനീതിക്കെതിരെ നിരന്തരം പടപൊരുതാനുള്ള ഊർജത്തിൻ്റെ നിറമാണ്. തിരുവനന്തപുരത്ത് CWC ആസ്ഥാനത്തിന് പുറത്ത് , മറ്റു നഗര ഇടങ്ങളിൽ ചുവന്ന ചെമ്പരത്തി തൈകൾ കൊച്ചു പൂന്തോട്ടങ്ങളായി വളർത്തി ഐഡൻ്റെയും അച്ഛനമ്മമാരുടെയും പോരാട്ട സ്മരണ നിലനിർത്തും.

കേരളത്തിന് പുറത്തും അകത്തുമുള്ള ബുദ്ധിജീവികളോടും പണ്ഡിതരോടും ചേർന്നുള്ള സാമൂഹ്യ മാധ്യമ കാമ്പയിൻ തുടർന്നും നടത്തും. മലയാളി കുടുംബങ്ങളിൽ നടക്കുന്ന ക്രൂരതകളെ പറ്റി, പ്രത്യേകിച്ചും പെൺമക്കളോട് കാട്ടുന്ന ക്രൂരത, വിവേചനം, എന്നിവയെ പുറത്തു കൊണ്ടുവരാൻ, അവയെ പറ്റിയ അതിജീവിതർക്ക് പേരു വെളിപ്പെടുത്താതെ തന്നെ മനസ്സു തുറക്കാൻ, ഒരു ഫേസ്ബുക്ക് പേജ് തുടങ്ങും.

ഇന്ത്യയിലെ പ്രമുഖ പത്ര പ്രവർത്തകരിൽ നിന്നും മനുഷ്യാവകാശങ്ങളും നീതിയും ഇല്ലാതെ സോഷ്യലിസമില്ല എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി ചെറു ലേഖനങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയ ക്യാമ്പയിൻ ശക്തമാക്കും. നാളെ പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ജനാധിപത്യവാദിയുമായ മേധാ പട്കർ അജിത്തിനെയും അനുപമയെ യും സന്ദർശിക്കാൻ എത്തുന്നു. അത് ഒരു സൗഹൃദ സദസ്സും ചർച്ചാവേദിയും ആയി മാറും. സമരം അങ്ങനെ പടർന്നു വളരുക തന്നെ ചെയ്യും.

നിന്ദയും തെറിയും കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാരൻ നോക്കണ്ട. അവഗണനയും പുച്ഛവും ഞങ്ങളെ ബാധിക്കില്ല. കാരണം നിങ്ങളിലൂടെയല്ല, ഞങ്ങളിലൂടെയാണ് നാട്ടിൽ സാമൂഹ്യ ജനാധിപത്യം വളരാൻ പോകുന്നത്.

https://www.facebook.com/jay.d.3139/posts/1095233791241796