Mon. Dec 23rd, 2024

ഒടുവില്‍ കിങ് കോഹ്‍ലിക്ക് ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറക്കം. ഏഴ് വർഷം മുമ്പ് ഇതേ ദിവസമാണ് കോഹ്‍ലി ആദ്യമായി ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. തോല്‍വിയോടെയായിരുന്നു ക്യാപ്റ്റന്‍സി അരങ്ങേറ്റമെങ്കിലും പടിയിറങ്ങുന്നത് ഇന്ത്യക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന നായകനായാണ്.

2014 ഡിസംബറിലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ക്യാപ്റ്റന്‍ ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. കോഹ്‍‍ലി അങ്ങനെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ടീമിന്‍റ നായകസ്ഥാനം ഏറ്റെടുക്കുന്നു. ആദ്യ ടെസ്റ്റില്‍ 48 റണ്‍സിന്‍റെ തോല്‍വി, രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റിന്‍റെ തോല്‍വി മൂന്നും നാലും ടെസ്റ്റ് സമനിലയില്‍.

ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും മോശം തുടക്കം. പക്ഷേ തോറ്റുകൊടുക്കാന്‍ കോഹ്‍ലി തയ്യാറല്ലായിരുന്നു. ഇന്ത്യന്‍ നായകന്മാരില്‍ എല്ലാ ഫോ‍‍ര്‍മാറ്റുകളിലുമായി ഏറ്റവുമധികം വിജയങ്ങള്‍ തന്‍റെ പേരിനൊപ്പം തുന്നിച്ചേര്‍ത്തുകൊണ്ടാണ് കളിക്കളത്തിലെ നായകന്‍റെ തൊപ്പി അഴിച്ചുവെക്കുന്നത്.

ടി20 നായകസ്ഥാനം ലോകകപ്പോടെ ഒഴിഞ്ഞ വിരാട് ഏകദിനത്തിലെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കൂടി വിട പറയുമ്പോള്‍ ടെസ്റ്റിലെ ക്യാപ്റ്റന്‍ ക്യാപ് മാത്രമാണ് ബാക്കിയാകുന്നത്. എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടിയ ലോകത്തിലെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന നാഴികക്കല്ല് കൂടി പിന്നിട്ടിട്ടാണ് കോഹ്‍ലി ഏകദിന ക്യാപ് രോഹിതിന് കൈമാറുന്നത്. 2019ലെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ കോഹ്‍ലി ധോണിയെ മറികടക്കുന്നത്. 66 ടെസ്റ്റില്‍ കോഹ് ലി ഇന്ത്യയെ നയിച്ചപ്പോള്‍ 39 ടെസ്റ്റില്‍ ടീം വിജയതീരം തൊട്ടു. വിജയശരാശരി 59 നും മുകളില്‍.