Mon. Dec 23rd, 2024
ഏലൂർ:

എടയാർ വ്യവസായ മേഖലയിൽ നിന്നു പാതാളം റഗുലേറ്റർ ബ്രിഡ്ജിനു സമീപത്തായി ഇറിഗേഷൻ പൈപ്പിലൂടെ പെരിയാറിലേക്ക് ഒഴുക്കിയതു മാരകമായ വിഷമാലിന്യം ആണെന്നു കണ്ടെത്തി. ഇതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പിസിബി) സാംപിൾ പരിശോധനാഫലം പുറത്തുവിട്ടു. ഞെട്ടിക്കുന്ന തോതിലാണ് അയേൺ, അലുമിനിയം ക്രോമിയം, സിങ്ക്, കോപ്പർ, മാംഗനീസ്, ലെഡ് ,ക്ലോറൈഡ്, സൾഫേറ്റ് തുടങ്ങിയവയുടെ അളവെന്നു പിസിബിയുടെ കേന്ദ്ര പരിശോധനാ ലാബിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജൂൺ 18നും ജൂലൈ 31നും പാതാളം റഗുലേറ്റർ ബ്രിജിന്റെ മേൽത്തട്ടിൽ നിന്നു ശേഖരിച്ച സാംപിളുകളിലാണു മാരക വിഷമാലിന്യം കണ്ടെത്തിയത്. ഒരു കിലോഗ്രാം ജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള അയേണിന്റെ അളവ് ഈ രണ്ടു ദിവസങ്ങളിൽ യഥാക്രമം 2,15,700 മില്ലിഗ്രാമും 2,33,800 മില്ലിഗ്രാമുമാണ്. ഈ ദിവസങ്ങളിൽ അലുമിനിയത്തിന്റെ അളവ് 96, 180 മില്ലിഗ്രാം /കിലോഗ്രാമും 75,080 മില്ലിഗ്രാം /കിലോഗ്രാമുമാണ്. മറ്റു മാലിന്യങ്ങളുടെ തോതും വളരെക്കൂടുതലാണ്.

ശുദ്ധജലത്തിൽ അയേണിന്റെയും അലുമിനിയത്തിന്റെയു അനുവദനീയമായ അളവ് യഥാക്രമം 0.3 മില്ലിഗ്രാം/ ലീറ്ററും 0.05–0.2 മില്ലിഗ്രാം/ലീറ്ററും ആണ്. ഈ ദിവസങ്ങളിൽ ഇറിഗേഷൻ പൈപ്പിലൂടെ പുഴയിലേക്ക് ഒഴുക്കിയതു ചുവന്ന നിറത്തിലുള്ള മലിനജലമാണ്. മാലിന്യം ഒഴുക്കിയതിനെത്തുടർന്നു ഇറിഗേഷൻ വകുപ്പ് കുഴൽ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയായിരുന്നു. പിന്നീടാണ് എടയാർ തീരത്തു മേൽത്തട്ടിൽ നിന്നു പുഴ മാലിന്യം കലർന്നു ചുവന്നൊഴുകാൻ തുടങ്ങിയത്.

പെരിയാറിന്റെ എടയാർ തീരത്തോടു ചേർന്ന് ഒട്ടുമിക്ക ദിവസങ്ങളിലും വലിയ അളവിൽ ചുവന്ന നിറത്തിലുള്ള വിഷജലം ഒഴുകിയിരുന്നു. കഴിഞ്ഞ ആഴ്ചയും ഇതായിരുന്നു അവസ്ഥ. പുഴയിൽ ചുവന്ന നിറത്തിനു കാരണമായേക്കാവുന്ന അയേണിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന പിസിബി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു വിരുദ്ധമാണ് അവരുടെ തന്നെ ലാബിന്റെ പരിശോധനാ റിപ്പോർട്ട്.