Wed. Jan 22nd, 2025
തിരുവനന്തപുരം :

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍ എ ജെ ആര്‍ മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവകുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപൂര്‍വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്.

സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.