Mon. Dec 23rd, 2024
ന്യൂഡൽഹി:

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 10 മുതൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ പര്യടനം ആരംഭിക്കും. വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക യുവജനങ്ങളുമായും വനിതകളുമായും സംവദിക്കും.

തെക്കൻ ഗോവയിലെ ക്യൂപം നിയോജക മണ്ഡലത്തിലെ മോർപിർല ഗ്രാമത്തിലാണ് പ്രിയങ്ക വനിതകളുമായി സംവദിക്കുകയെന്ന് പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ചന്ദ്രകാന്ത് കവ് ലേക്കറിന്‍റെ മണ്ഡലമാണ് ക്യൂപം.

തുടർന്ന് അസോൽന ഗ്രാമത്തിലെ സ്വാതന്ത്ര സമരസേനാനി റാം മനോഹർ ലോഹ്യയുടെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് മർഗോവയിലെ എം സി സി ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ യുവജനങ്ങളുമായി സംവദിക്കും.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനം. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകുന്ന സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചൊദൻകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.