Wed. Jan 22nd, 2025
ന്യൂഡൽഹി:

ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ വീണ്ടും ഇന്ത്യയുടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലാണ് നിർമ്മലാ സീതാരാമനും ഉൾപ്പെട്ടിരിക്കുന്നത്. 37ാം സ്ഥാനമാണ് കേന്ദ്രധനകാര്യമന്ത്രിക്ക് എന്നത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

തുടർച്ചയായി ഇത് മൂന്നാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഇടം പിടിക്കുന്നത്. 2020 ൽ 41ാം സ്ഥാനത്തും 2019 ൽ 34ാം സ്ഥാനത്തുമായിരുന്നു പട്ടികയിൽ ധനമന്ത്രിയുടെ സ്ഥാനം. നിർമ്മലാ സീതാരാമനെ കൂടാതെ മറ്റ് മൂന്ന് സ്ത്രീകൾ കൂടി ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

എച്ച് സി എൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (52ാം സ്ഥാനം), ബയോകൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മസൂംദാർ, – ഷാഹ് (72ാം സ്ഥാനം), നൈക സ്ഥാപക ഫാൽഗുണി നയ്യാർ (88ാം സ്ഥാനം) എന്നിവരാണ് മറ്റ് മൂന്ന് പേർ. എല്ലാ വർഷവും ലോകത്തെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടിക ഫോബ്സ് മാസിക പുറത്തിറക്കും. ജെഫ് ബെസോസിന്റെ മുൻ ഭാര്യ മാക്കെൻസി സ്കോട്ടാണ് പട്ടികയിൽ ഒന്നാമത്. രണ്ടാമത്, അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന ലഗാഡെയാണ് മൂന്നാം സ്ഥാനത്ത്.