ഇരിട്ടി:
തലശ്ശേരി-വളവുപാറ-ബംഗളൂരു അന്തര്‍സംസ്ഥാന പാതയിലെ ഇരിട്ടി കുന്നിടിച്ചിൽ തടയാൻ നടപടിയില്ല. നിലവിൽ കരാറുകാർ പ്രവൃത്തി അവസാനിപ്പിച്ചനിലയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് 250 മീറ്ററിലധികം ഉയരവും 300 മീറ്റർ ദൂരത്തിലുള്ളതുമായ കുന്നിൻറെ ഇടിച്ചില്‍ ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഒരുക്കാത്തതിന് പിന്നിലെന്നാണ് ആരോപണം. ഒരുവശത്ത് ഇരിട്ടി പുഴയും മറുവശത്ത് ചെങ്കുത്തായ കുന്നുമാണുള്ളത്.
തട്ടുതട്ടായി തിരിച്ച് റോഡ് വികസനത്തിനായി കുന്നിടിച്ചാല് അപകടം ഉണ്ടാകില്ലെന്ന് പറഞ്ഞാണ് അധികൃതര്‍ 500 മീറ്ററോളം ഭാഗത്തെ കുന്നിടിച്ചത്. എന്നാല്‍, കുന്നിടിച്ചതിന് ശേഷം കാലവര്‍ഷത്തില്‍ അപകടകരമാംവിധം കുന്ന് റോഡിലേക്ക് പതിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവമുണ്ടായി. മാടത്തിൽ പള്ളിക്ക് സമീപം ഇത്തരത്തിൽ കുന്നിടിഞ്ഞ് അന്തർസംസ്ഥാന തൊഴിലാളി മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഥലത്തെത്തിയ ലോകബാങ്ക് സംഘം ഇരിട്ടി കുന്നിൽ ദുരന്തം ആവർത്തിക്കാതിരിക്കാൻ കയർ പാർശ്വഭിത്തി സ്ഥാപിച്ചു. മണ്ണ് ഇടിഞ്ഞുവീഴാതിരിക്കാൻ സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇരിട്ടിയിൽ കുന്ന് ഇടിക്കാൻ തുടങ്ങിയപ്പോൾതന്നെ ജനപ്രതിനിധികളും നാട്ടുകാരും ആശങ്കയറിയിച്ചിരുന്നു. എന്നാൽ, രണ്ടാം റീച്ചായി കളറോഡ്-തലശ്ശേരി ഭാഗത്ത് ഇത്തരം കുന്നുകള്‍ക്ക് ഉണ്ടാക്കിയ സംരക്ഷണം ഇവിടെയും ഏര്‍പ്പെടുത്തുമെന്ന് കരാറുകാര്‍ ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ല.
കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ പായം പഞ്ചായത്ത് പ്രസിഡൻറ് പി രജനി സോയില്‍ നൈലിങ് (ബലമുള്ള ഇരുമ്പുവലകള്‍ കുന്നിൻറെ പ്രതലത്തില്‍ ഉറപ്പിച്ച് കുന്നിടിച്ചില്‍ ഒഴിവാക്കുന്ന രീതി) അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി പറയാതെ അധികൃതര്‍ ഒഴിഞ്ഞുമാറി. കളറോഡ്-വളവുപാറ റോഡ് കരാറുകാര്‍, രണ്ടാഴ്ചക്കുള്ളില്‍ കൂട്ടുപുഴ പാലം പ്രവൃത്തി തീര്‍ത്ത് മടങ്ങാനിരിക്കുകയാണ്. ഏത് പ്രവൃത്തിയാണ് ചെയ്യേണ്ടതെന്ന വ്യക്തമായ നിര്‍ദേശം വന്നിട്ടില്ലെന്നാണ് കരാറുകാരുടെ വാദം.
ഇവിടെ കുന്നിടിയാന്‍ തുടങ്ങിയാല്‍ വലിയ പാറക്കല്ലുകളും മണ്ണും ഉള്‍പ്പെടെ റോഡ് തന്നെ ഇല്ലാതാകുന്ന തരത്തില്‍ താഴേക്ക് പതിക്കാം. തലശ്ശേരി-ബംഗളൂരു അന്തര്‍സംസ്ഥാന പാതയായതിനാലും പായം, അയ്യങ്കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഇരിട്ടി ടൗണുമായി ബന്ധപ്പെടേണ്ട ഏക റോഡ് ആയതിനാലും ബസുകളും മറ്റും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് രാപ്പകല്‍ ഭേദമില്ലാതെ ഇതുവഴി സഞ്ചരിക്കുന്നത്.