കൽപറ്റ:
ഗോത്രമേഖലകളില്‍ പുതിയ വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ‘ബുക്സ് ഓണ്‍ വീല്‍സ്’ പുസ്തകവണ്ടി ബുധനാഴ്ച വയനാട്ടിലെത്തും. ജില്ല ലൈബ്രറി കൗണ്‍സിൽ ആഭിമുഖ്യത്തില്‍ ഗോത്രമേഖലകളില്‍ ആരംഭിക്കുന്ന നൂറോളം വായനശാലകളിലേക്കുള്ള പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി ചുരം കയറിയെത്തുന്നത്. ആദ്യഘട്ടത്തില്‍ 25ഓളം ലൈബ്രറികളാണ് ജില്ലയില്‍ ആരംഭിക്കുക.
സെല്‍ഫ് ഇംപ്രൂവ്മെൻറ് ഹബ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് പദ്ധതിയിലേക്കുള്ള പുസ്തകങ്ങളുമായി എത്തുന്നത്. തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത പുസ്തകവണ്ടി വിവിധ ജില്ലകളിലെ കലക്ഷന്‍ സെൻററുകളില്നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ച് വയനാട്ടിലെത്തുമ്പോള്‍ മാനന്തവാടി കുരിശിങ്കലില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ സ്വീകരണം നല്‍കും. ഇതോടൊപ്പം ഈ പദ്ധതിയിലെ ആദ്യ ലൈബ്രറിയായ എസ്ഐ എച്ച് ലൈബ്രറി ഉദ്ഘാടനവും നടക്കും.
കമ്മന കുരിശിങ്കല്‍ കോളനിയിലെ മുതിര്‍ന്ന അംഗമായ കുറുമന് ലൈബ്രറി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിക്കും. എസ്ഐ എച്ച് ഡയറക്ടര്‍ ആന്റോ മൈക്കിളില്‍നിന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ടി ബി സുരേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മൂന്ന് വായനശാലകള്‍ കൂടി ഉദ്ഘാടനം ചെയ്യും. അമ്മായിപ്പാലത്ത് പോസിറ്റിവ് കമ്യൂണ്‍ ലൈബ്രറി കെ പി രവീന്ദ്രനും കൊട്ടനോട് പൊന്നൂസ് ട്രൈബല്‍ ലൈബ്രറി ആന്റോ മൈക്കിളും അപ്പാട് പഞ്ചമി ട്രൈബല്‍ ലൈബ്രറി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി അസൈനാരും ഉദ്ഘാടനം ചെയ്യും. നൂറ് വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കാനാണ് സെല്‍ഫ് ഇംപ്രൂവ്മെൻറ് ഹബ് ലക്ഷ്യമിടുന്നത്. വൈവിധ്യമാര്‍ന്ന മനഃശാസ്ത്രവിഷയങ്ങളില്‍ ചര്‍ച്ചകളും ക്ലാസുകളും സംഘടിപ്പിക്കുന്ന സഹൃദയരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് സെല്‍ഫ് ഇംപ്രൂവ്മെൻറ് ഹബ്.