Sat. Apr 20th, 2024
പട്‌ന:

ദേശീയഗീതമായ വന്ദേ മാതരം മതവിരുദ്ധമാണെന്നും ആലപിക്കില്ലെന്നും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ എംഎല്‍എ അഖ്തറുല്‍ ഇമാന്‍. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി താന്‍ എതിരല്ലെന്നും എന്നാല്‍ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”വന്ദേമാതരം പാടാത്തവര്‍ ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇത് പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം നല്‍കിയത്.

നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രം ഓടുന്നത്. ഞങ്ങള്‍ ഭരണഘടനയെ പിന്തുടരുന്നു. ഭരണഘടന തയാറാക്കിയവര്‍ ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളവരായിരുന്നു. സ്‌നേഹം പ്രചരിപ്പിക്കാനും മതം പിന്തുടരാനുമുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്”.-അദ്ദേഹം പറഞ്ഞു.

നേരത്തെയും അഖ്തറുല്‍ ഇമാന്‍ സമാന വിവാദമുണ്ടാക്കിയിരുന്നു. സത്യപ്രതിജ്ഞാ വേളയില്‍ ഉറുദുവിലെ കരട് രേഖയില്‍ ‘ഹിന്ദുസ്ഥാന്‍’ എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നിയമസഭയില്‍ വിവാദമായി. ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരത് എന്ന വാക്കുപയോഗിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് അഖ്തറുല്‍ ഇമാന്‍.