ശാസ്താംകോട്ട:
കുടിവെള്ള പദ്ധതിക്കുവേണ്ടി തടാകതീരത്ത് ഇറക്കിയിട്ട കൂറ്റൻ പൈപ്പുകൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകുന്നു. വെള്ളി രാവിലെ അമ്പലക്കടവ് ഭാഗത്ത് ഒഴുകിയെത്തിയ പൈപ്പിൽ കടത്തുവള്ളം ഇടിച്ചു. ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്നത് പ്രതിസന്ധിയിലായതോടെ കല്ലടയാറ്റിൽനിന്ന് വിതരണത്തിനു വേണ്ടി ആരംഭിച്ച ബദൽ കുടിവെള്ള പദ്ധതിക്കാണ് പൈപ്പുകൾ എത്തിച്ചത്.
ശക്തമായ മഴയിൽ കായലിൽ വെള്ളം നിറഞ്ഞതോടെയാണ് കടപുഴ ബണ്ടുഭാഗത്തുനിന്ന് പൈപ്പ് ഒഴുകിയെത്തിയത്. ഒരു പൈപ്പാണ് കണ്ടതെങ്കിലും കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജലനിരപ്പിനോട് ചേർന്നു കിടക്കുന്ന പൈപ്പുകൾ കാണാൻ സാധിക്കാത്തതിനാൽ കടത്തുവള്ളങ്ങൾ ഇവയിലേക്ക് ഇടിച്ചു കയറി അപകടത്തിന് സാധ്യതയുണ്ട്.
അമ്പലക്കടവ്- പടിഞ്ഞാറെകല്ലട ഭാഗത്തേക്ക് ദിവസവും നിരവധി തവണയാണ് കടത്ത് സർവീസ് നടത്തുന്നത്. മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണ്.