Sat. Jan 18th, 2025
അട്ടപ്പാടി:

ശിശുമരണങ്ങൾ തുടർക്കഥയായ അട്ടപ്പാടിയിലെ ഗോത്രജനതയുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി 175 അംഗൺവാടികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ ആരോഗ്യവകുപ്പ്. പെൻട്രിക കൂട്ട എന്ന് പേരിട്ട കൂട്ടായ്മയ്ക്ക് രൂപം നൽകിയാകും ആരോഗ്യദൗത്യം നടപ്പാക്കുക. നവജാത ശിശുമരണം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിൻ സജീവമായ ഇടപടെൽ അട്ടപ്പാടിയിലുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രഖ്യാപിച്ച ഈ ദൗത്യത്തിന് നൽകിയ പേര് പ്രാദേശിക ഭാഷയിലുള്ള പെൻട്രിക കൂട്ട അഥവാ പെൺകൂട്ടം എന്നാണ്. അംഗൺവാടി ജീവനക്കാർ ആശാ വർക്കർമാർ, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം നൽകുക. ഇതിനായി വിവിധ ഊരുകളിലുള്ള 175 അംഗൺവാടികളെ ഉപയോഗപ്പെടുത്തും.

സ്ത്രീകൾ, കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും. ഗർഭിണികളായ സ്ത്രീകളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ആരോഗ്യവകുപ്പിന് കൃത്യമായി അറിയിപ്പ് നൽകും. പ്രാദേശിക ഭാഷകളിൽ ആരോഗ്യവിഷയങ്ങളിലുള്ള ബോധവൽക്കരണം ശക്തമാക്കാനുള്ള ഇടപെടലും പെൻട്രിക കൂട്ട നടത്തും.

അട്ടപ്പാടിയിലെ നിലവിൽ ഗർഭം ധരിച്ച 426 പേരിൽ 218 പേരാണ് ആദിവാസി വിഭാഗത്തിലുള്ളത്. ഇവരിൽ 218 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരിൽ തന്നെ 195 പേർ ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദം, അനീമിയ, തൂക്കക്കുറവ്, സിക്കിൾസൻ അനീമിയ തുടങ്ങിയ പല രോഗങ്ങളുള്ളവരുമുണ്ട്.

ഇവർക്ക് പ്രത്യേകം ആരോഗ്യ പരിചരണം ഉറപ്പാക്കും. ഈ വിധത്തിൽ ഹൈറിസ്ക് വിഭാഗത്തിൻറെ തോത് കുറച്ച് നവജാത ശിശുമരണം ഒഴിവാക്കുകയാണ് പെൻട്രിക കൂട്ട പ്രഖ്യാപനം വഴി ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. വേഗത്തിൽ തന്നെ ഇത്തരം പെൺകൂട്ടായ്മകൾക്ക് തുടക്കമിടാനാണ് ശ്രമം. പോഷകാഹാര വിതരണമടക്കമുള്ള പദ്ധതികൾ ശക്തിപ്പെടുത്താനുള്ള നീക്കവും വേഗത്തിലാക്കും.