കാഞ്ഞങ്ങാട്:
ജില്ലാ ആശുപത്രിയിലെ ലാബിൽ ചില്ലുകുപ്പിയിൽ സൂക്ഷിച്ച അമോണിയ കുപ്പി എലി തട്ടിയതിനെ തുടർന്നു പൊട്ടി വാതകം ചോർന്നു. ശനിയാഴ്ച വൈകിട്ട് നാലരയ്‌ക്കാണ് സംഭവം. ജീവനക്കാർ ഉടൻ മുറിയുടെ വാതിൽ അടച്ച് പുറത്തേക്ക് വ്യാപിക്കുന്നത് തടഞ്ഞു.
കാഞ്ഞങ്ങാട് അഗ്‌നി സുരക്ഷാ സേന സുരക്ഷാ കിറ്റ് ധരിച്ച് മുറിക്കുള്ളിൽ കടന്ന് പൊട്ടിയ കുപ്പി കണ്ടെത്തി വെളളത്തിൽ താഴ്ത്തി നിർവീര്യമാക്കി. സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ ഓഫീസർമാരായ മുകേഷ്, നിഖിൽ എന്നിവരാണ് മുറിയിൽ കടന്നത്. സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് കുമാർ, രാജേഷ്, കിരൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വ്യാവസായിക പ്രാധാന്യമുള്ള രാസ സംയുക്തമാണ് അമോണിയ. ഇതിന് രൂക്ഷ ഗന്ധമാണുള്ളത്. ഔഷധവസ്തുക്കളുടെ നിർമാമ്മാണത്തിന് നേരിട്ടോ അല്ലാതെയോ അമോണിയ ഉപയോഗിക്കുന്നു. ജൈവവസ്തുക്കളുടെ അഴുകലിന്റെ ഫലമായും അമോണിയ ഉണ്ടാകാറുണ്ട്. ശ്വസിച്ചാലും സ്‌പർശിച്ചാൽ ത്വക്കിനും അപകടകാരിയാണിത്.