കൊഹിമ:
നാഗാലാൻഡിൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ 12 ഗ്രാമീണർ കൊലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയുമെല്ലാം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി കഴിഞ്ഞു. എന്നാൽ, സൈന്യത്തിന് സംഭവിച്ച പിഴവാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മോൺ ജില്ലയിലെ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സാധാരണയായി സംഘർഷമുണ്ടാവാറുണ്ടെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നുഴഞ്ഞുകയറ്റമുണ്ടാവുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചത്. പിന്നീട് തിരു-ഓട്ടിങ് റോഡിലൂടെ വരികയായിരുന്ന വാഹനത്തിന് നേരെ സൈന്യം വെടിയുതിർത്തു.
എന്നാൽ, സുരക്ഷാസേനയുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ച് ഖനിയിൽ നിന്നും മടങ്ങിയ സാധാരണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നാണ് വിവരം ലഭിച്ചതെന്നും തുടർന്ന് പ്രദേശത്ത് നിലയുറപ്പിക്കുകയാണ് ചെയ്തതെന്നുമാണ് സൈന്യം വ്യക്തമാക്കിയത്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾക്ക് സൈന്യം ഇതുവരെ മുതിർന്നിട്ടില്ല.
നാഗലാൻഡിൽ ഗ്രാമീണർക്ക് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് സുരക്ഷാ സേന രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി.
സുരക്ഷാസേനയിലെ ചില അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. തിരു, മോൺ ജില്ലകളിൽ സംഘർഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി